
ബിജു മുത്തത്തി
കേരളത്തിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്‍റെ അമരക്കാരിലൊരാളായ ഇ കെ ഇമ്പിച്ചിബാവ വിടപറഞ്ഞിട്ട് ഇന്നേക്ക് 31 വര്‍ഷമാകുന്നു. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ആദ്യമായി മലയാളം മുഴങ്ങിയത് ഇമ്പിച്ചിബാവയിലൂടെയായിരുന്നു. ഒരു ജനകീയനായ നേതാവും ഭരണാധികാരിയും എങ്ങനെയായിരിക്കണമെന്നതിന്‍റെ മാതൃകയായി കേരളം എന്നും ഓര്‍ക്കുന്ന പേരാണ് ഇമ്പിച്ചിബാവയുടേത്.
പഴയ ഏറനാടിന്‍റെ മനുഷ്യസ്നേഹ രാഷ്ട്രീയത്തിന്‍റെ മറുപേരാണ് ഇ കെ ഇമ്പിച്ചിബാവ. ദേശീയ പ്രസ്ഥാനത്തിനും മുമ്പേ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് പേരുകേട്ട പൊന്നാനിയില്‍ നിന്ന് വെളിയങ്കോട് ഉമര്‍ഖാസിക്കും ആലിമുസ്ല്യാര്‍ക്കും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനും ശേഷം കേരളം ഏറ്റവും ഉച്ചത്തില്‍ കേട്ട നാമധേയം.
കോഴിക്കോട് ഗണപത് ഹൈസ്ക്കൂളില്‍ നിന്ന് സഖാവ് പി കൃഷ്ണപിള്ള കണ്ടെത്തിയ വിപ്ലവകാരിയെ ഒരു പൂര്‍ണ്ണ കമ്മ്യൂണിസ്റ്റാക്കിയത് എകെജിയും ഇഎംഎസുമായിരുന്നു. ബീഡിതൊഴിലാളികളുടെ സമരങ്ങളിലൂടെയാണ് ഇമ്പിച്ചിബാവ പൊന്നാനിയുടെ ജനനായകനായത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് സേലം, ബെല്ലാരി, കോയമ്പത്തൂര്‍ ജയിലുകളിലടക്കപ്പെട്ട ഇമ്പിച്ചിബാവയ്ക്ക് 1962-ലെ ഇന്ത്യാചൈനായുദ്ധകാലത്തും അടിയന്തരാവസ്ഥക്കാലത്തും ജയില്‍വാസം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.
1948-ലെ വിഖ്യാതമായ കല്‍ക്കത്ത കോണ്‍ഗ്രസില്‍ പങ്കെടുക്കുകയും തുടര്‍ന്ന് ഒളിവില്‍പ്പോവുകയും ചെയ്ത ഇമ്പിച്ചിബാവ 1951-ൽ മദിരാശി നിയമസഭയില്‍ നിന്ന് രാജ്യസഭാംഗമായി. 62ല്‍ പൊന്നാനിയില്‍ നിന്നും 1980ല്‍ കോഴിക്കോടു നിന്നും ലോക്സഭയിലെത്തിയ ഇമ്പിച്ചിബാവയിലൂടെയാണ് ഇന്ത്യൻ പാർലമെന്‍റ് ആദ്യമായി മലയാളം കേട്ടത്. ഹിന്ദി അല്ലാത്ത ഒരു ഇന്ത്യൻ ഭാഷയ്ക്ക് പരമോന്നത നിയമ നിർമ്മാണ സഭയിൽ ഇടം കിട്ടിയ ആ ചരിത്രം പിന്നീട് പാർലമെന്‍റിൽ നിയമമായി.
1964-ല്‍ സിപിഐയുടെ ദേശീയകൗണ്‍സില്‍ നിന്നും ഇറങ്ങിവന്ന് സിപിഐ എം എന്ന പുതിയപാര്‍ട്ടി രൂപീകരിച്ച 32 പേരില്‍ ഒരാളായിരുന്നു ഇമ്പിച്ചിബാവ. 1967-ല്‍ ഇഎംഎസ് മന്ത്രിസഭയില്‍ ഗാതഗതമന്ത്രിയായ ഇമ്പിച്ചിബാവയാണ് സംസ്ഥാന ട്രാന്‍സ്പോര്‍ട് കോര്‍പ്പറേഷനെയും ജനകീയമാക്കിയത്.
കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം വിഭാവനം ചെയ്തതും ഇമ്പിച്ചിബാവയാണ്. ഒരു സാധാരണക്കാരന് എങ്ങനെ മന്ത്രിയാകാമെന്നും ഒരു മന്ത്രിക്കെങ്ങനെ സാധാരാണക്കാരാനാവാമെന്നും തെളിയിച്ച ഇമ്പിച്ചിബാവ മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം നേരെപ്പോയത് നിലമ്പൂര്‍ കോവിലകത്തിന്‍റെ ഭൂമി പിടിച്ചടക്കാനുള്ള മിച്ചഭൂമി സമരത്തിലേക്കാണ്.
ചണ്ഡീഗഡ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് തിരിച്ചുവരുന്ന വഴി 1995 ഏപിൽ 11-ന് ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. ഒരു ജീവിതകാലം മുഴുവന്‍ പണിയെടുക്കുന്നവന്‍റെ അവകാശപോരാട്ടങ്ങള്‍ക്കായി സമര്‍പ്പിച്ച ആ തൊഴിലാളി നേതാവിന്‍റെ ജീവിതകഥ പൊന്നാനിക്കും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും മാത്രമല്ല മുഴുവന്‍ കേരളനാടിനും ആവേശമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here