ഭൂമി വിറച്ചതോടെ കുട്ടിയാനയ്ക്ക് സുരക്ഷാ കവചമൊരുക്കി ആനക്കൂട്ടം; വീഡിയോ വൈറൽ

മനുഷ്യനെക്കാളും മൃ​ഗങ്ങൾക്ക് ആണ് പരസ്പര സ്നേഹം കൂടുതലെന്ന് പലപ്പോഴും തോന്നിപ്പോകും. അതിന് കാരണം അവയുടെ പെരുമാറ്റങ്ങൾ തന്നെയാകാം. അവയുടെ സ്നേഹം വിളിച്ചോതുന്ന പല വീഡിയോകളും പലപ്പോഴും വൈറലായി മാറാറുണ്ട്. അത്തരത്തിൽ ഒന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ കയ്യടക്കി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം തെക്കൻ കാലിഫോർണിയയിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായപ്പോൾ, എസ്കോണ്ടിഡോയിലെ സാൻ ഡീഗോ മൃഗശാല സഫാരി പാർക്കിൽ ഒരു സംഭവം ഉണ്ടായി. ഭൂകമ്പത്തിന്റെ അസ്വസ്ഥത മനസ്സിലാക്കിയ പാർക്കിലെ ആഫ്രിക്കൻ ആനകൾ, അവയുടെ ഏറ്റവും ഇളയ അംഗങ്ങൾക്ക് ചുറ്റും ഒരു സുരക്ഷാ കവചം പോലെ നിലകൊണ്ടു.

കൂട്ടത്തിലെ ഏറ്റവും ദുർബലരെയും കുട്ടികളെയും സംരക്ഷിക്കാന്‍ ആനകൾ തീര്‍ക്കുന്ന പ്രതിരോധ നടപടിയായിരുന്നു അത്. ആനകളുടെ പ്രവര്‍ത്തി സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു.

ALSO READ: പ്രസവത്തിന് ഇനി ഏതാനും ദിവസം മാത്രം; ഗർഭിണിയായ ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്നു

ആനകൾക്ക് അവയുടെ കാലിന് അടിയില്‍ ഭൂചലന സൂചനകൾ ലഭിക്കും. രാവിലെ 10:00 മണിയോടെ പ്രകമ്പനം തുടങ്ങിയപ്പോൾ, കൂട്ടത്തിലെ മുതിർന്ന ആനകളായ നഡ്‌ലുല, ഉംൻഗാനി, 18 വയസ്സുള്ള ഖോസി എന്നിവ 7 വയസ്സുള്ള അർദ്ധസഹോദരന്മാരായ സുലി, മഖായ എന്നിവയുൾപ്പെടെ കൂട്ടത്തിന്റെ കുട്ടിയാനകൾക്ക് ചുറ്റും ഒരു കവചം രൂപപ്പെടുത്തുകയായിരുന്നു. ഏറ്റവും ചെറിയ ആനയെ തങ്ങളുടെ നടുക്ക് നിര്‍ത്തി മറ്റുള്ളവ ചുറ്റും നില്‍ക്കുകയും ശത്രുക്കളാരെങ്കിലും അടുത്ത് വരുന്നുണ്ടോയെന്ന് സൂക്ഷ്മായി നിരീക്ഷിക്കുന്നു.

റിപ്പോർട്ട് അനുസരിച്ച്, കാട്ടിൽ ആനകൾ വേട്ടക്കാരെയോ അപകടത്തെയോ നേരിടുമ്പോൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് ഏറ്റവും ദുർബലരായവയ്ക്ക് ചുറ്റും ഒരു കവചം സൃഷ്ടിക്കുന്നതിലൂടെ ഇവർ കാണിച്ചിരിക്കുന്നത്.

2010-ൽ ബാജ കാലിഫോർണിയയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും ഒരു ആനക്കൂട്ടം സമാനമായ പ്രതികരണം പ്രകടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here