
വളർച്ചാ നിരക്കിൽ ഇടിവുണ്ടാകുമെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട്. നടപ്പുസാമ്പത്തിക വർഷം 6.4 ശതമാനമായി കുറയും. 2026ൽ 6.3നും 6.8 ശതമാനത്തിനും ഇടയിൽ സാമ്പത്തിക വളർച്ച നേടുമെന്നും വിലയിരുത്തൽ. അതേസമയം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി സുസ്ഥിരവികസനം നടപ്പാക്കുന്നതിൽ കേരളം മാതൃകയാണെന്നും സർവ്വേയിൽ അഭിനന്ദിക്കുന്നു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് ശേഷം കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിന് മേശപ്പുറത്തുവച്ച സാമ്പത്തിക സർവേയിലാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മന്ദഗതിയിലെന്ന് സമ്മതിക്കുന്നത്. ആഭ്യന്തര സാമ്പത്തിക അടിത്തറ ശക്തമാണെന്ന അവകാശപ്പെടുമ്പോഴും നടപ്പുസാമ്പത്തിക വളർച്ച മുൻവർഷത്തേക്കാൾ 6.4 ശതമാനത്തിലേക്ക് താഴുമെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. ജിഡിപി വളർച്ചയിലെ കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും വലിയ ഇടിവാണിത്. ശരാശരി ഏഴ് ശതമാനം വളരുക എന്ന ലക്ഷ്യം നടപ്പുസാമ്പത്തിക വർഷവും അടുത്തവർഷവും കൈവരിക്കില്ല. 6.3നും 6.8 ശതമാനത്തിനും ഇടയിലാണ് 2026ൽ പ്രതീക്ഷിക്കുന്ന സാമ്പത്തിക വളർച്ച. നിർമ്മാണ മേഖലയിലെ തളർച്ചയും മന്ദഗതിയിലുളള കോർപ്പറേറ്റ് നിക്ഷേപവും ഉത്പാദനരംഗത്തെ ഇടിവുമാണ് സാമ്പത്തിക വളർച്ചാനിരക്ക് കുറയാൻ കാരണം. സാമ്പത്തിക അച്ചടക്കത്തിലൂടെ രാജ്യത്തെ ഉപഭോഗം വർദ്ധിപ്പിച്ചാൽ മാത്രമേ ജിഡിപി വളർച്ചയിൽ മാറ്റമുണ്ടാകൂവെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.
ALSO READ: പതിവായി വാട്സ്ആപ്പിലൂടെ അശ്ലീല സന്ദേശമയച്ച എഐഎഡിഎംകെ നേതാവിനെ ചൂലിന് തല്ലി സ്ത്രീകൾ – വീഡിയോ കാണാം
സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തോടെ വിക്ഷിത് ഭാരത് എന്ന സാമ്പത്തിക ലക്ഷ്യം നേടാൻ എട്ട് ശതമാനം വളർച്ചാ നിരക്ക് കൈവരിക്കേണ്ടതുണ്ടെന്നും സർവേ പറയുന്നു. ആഗോളതലത്തിൽ പണപ്പെരുപ്പ സമ്മർദ്ദങ്ങൾ കുറഞ്ഞതായി സർവ്വേ വിലയിരുത്തുന്നു. എന്നാൽ റഷ്യ- യുക്രയിൻ സംഘർഷം, പശ്ചിമേഷ്യയിലെ പിരിമുറുക്കങ്ങൾ എന്നിവ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ സാമ്പത്തികനയങ്ങളുടെ പരാജയം സർവേയിൽ വ്യക്തമാണെങ്കിലും ബജറ്റിൽ കോർപ്പറേറ്റ് രംഗത്ത് വൻ ഇളവുകൾക്ക് സാധ്യതയും സർവേ വിരൽചൂണ്ടുന്നു. അതേസമയം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി സുസ്ഥിരവികസനം നടപ്പാക്കുന്നതിൽ കേരളം മാതൃകയാണെന്നും സർവേയിൽ അഭിനന്ദിക്കുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ – കില വഴിയുളള പ്രവർത്തനങ്ങളാണ് മാതൃകയാണെന്ന് സർവ്വേ വിലയിരുത്തിയത്. ബോധവൽക്കരണം, പരിശീലനം, ദാരിദ്ര്യനിർമ്മാർജ്ജനം, പാരിസ്ഥിതിക പ്രതിരോധം എന്നിവയുടെ ആസൂത്രണത്തിലും നടത്തിപ്പിലും തദ്ദേശ സ്ഥാപനങ്ങളുടെ മുന്നേറ്റവും ചൂണ്ടിക്കാട്ടിയാണ് കേരളത്തെ അഭിനന്ദിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

