അന്ന് ഇഡി കൺകണ്ട ദൈവം, ഇപ്പോൾ രാഷ്ട്രീയ പകപോക്കൽ ഉപകരണം: കോൺ​ഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്ത്

നാഷണൽ ഹെറാൾഡ്‌ കള്ളപ്പണ കേസിൽ 661 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്തതോടെ യുപിഎ ചെയർപേഴ്‌സൺ സോണിയാ ഗാന്ധിയ്‌ക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയ്‌ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. കേസിൽ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമാണ്.

അഴിമതി കേസുകൾ ചമച്ച് മറ്റ് പാർട്ടികളിലെ നേതാക്കളെ ഇഡി വേട്ടയാടിയപ്പോൾ അതിന് ഓശാന പാടിയ കോൺഗ്രസിന്റെ നാവിന് ഏറ്റ കടുത്ത പ്രഹരം തന്നെയാണ് ഇതെന്ന് പറയാം. അന്വേഷണം സ്വന്തം പാർട്ടിയിലെ മറ്റു നേതാക്കളിലേക്കും നീങ്ങുമ്പോൾ ഒന്നും പറയാനാവാതെ ഇരിക്കുകയാണ് പലരും. അതിനിടെയാണ് ഇഡിയുടെ കുറ്റപത്രം രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതികളുടെ ഭാഗം മാത്രമെന്നാണ് കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്.

ALSO READ: ഇഡിയുടെ പ്രതിക്കൂട്ടിൽ പ്രമുഖ നേതാക്കൾ; എങ്ങനെ സംരക്ഷണം ഒരുക്കണമെന്ന് അറിയാതെ കോൺ​ഗ്രസ്

മോദി സർക്കാരിന്റെ ഇഡിയെ കോൺഗ്രസിനു ഇഷ്ടമാണ്, പക്ഷെ അത് ചില സന്ദർഭങ്ങളിൽ മാത്രമാണ്. അതായത് മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായപ്പോൾ കോൺഗ്രസ് അത് കൊട്ടിഘോഷിച്ചതാണ്. മദ്യലൈസന്‍സ് വിതരണം ചെയ്തതിന്റെ പേരില്‍ 100 കോടിയാണ് അരവിന്ദ് കെജ്രിവാള്‍ കൈക്കൂലിയായി വാങ്ങിയതെന്ന് ഇ ഡി ആരോപിച്ചു. കെജ്‌രിവാൾ ജയിലിൽ ആയപ്പോൾ കോൺഗ്രസ് നേതാക്കളും അണികളും അത് സൈബർ ഇടങ്ങളിൽ ആഘോഷമാക്കിയിരുന്നു. അതുപോലെ തന്നെ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനെതിരെയും കേന്ദ്ര ഏജൻസി എത്തിയപ്പോൾ അവരെ പുകഴ്ത്തലിനു യാതൊരു കുറവും അവർ വരുത്തിയില്ല. അന്നൊക്കെ ഇ ഡിയും കേന്ദ്ര ഏജൻസികളും കൺകണ്ട ദൈവമായിരുന്നു എങ്കിൽ ഇപ്പോൾ അവർ സ്വന്തം തട്ടകത്തിലേക്ക് കയറിയപ്പോൾ കഥ മാറി. പിന്നെ രാഷ്ട്രീയ പകപോക്കൽ ആയി, ഗൂഢ പദ്ധതികളായി. ഇവിടെ തെളിഞ്ഞത് കോൺഗ്രസിന്റെ ഇരട്ടത്താപ്പ് തന്നെയാണ്.

വയനാട് എം പി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ വാതിലിലും ഇ ഡി മുട്ടിയിരുന്നു. ഈ വാർത്തയുമായി ബന്ധപ്പെട്ട കൈരളി ന്യൂസ് പങ്കുവച്ച പോസ്റ്റിനു താഴെ ‘എല്ലാവരും കരുതിയിരുന്നോ’ എന്ന തരത്തിൽ ഒരു കമന്റ് എത്തി. അതിനു താഴെ കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി. ബൽറാം ഇട്ട കമന്റും ഇപ്പോൾ വൈറലാകുന്നുണ്ട്. ഈ നാട്ടിലെ എല്ലാവർക്കും കഞ്ചാവ് കച്ചവടം അല്ലലോ എന്നായിരുന്നു ബൽറാം തട്ടിവിട്ടത്.

അതുമല്ല, രാഹുൽ ഗാന്ധി മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇഡിയുടെ പേര് പറഞ്ഞ് വിമർശനം ഉന്നയിച്ചത് അത്ര പെട്ടെന്ന് മറക്കാനാകില്ലല്ലോ. അതായത് കേരളത്തിലെ മുഖ്യമന്ത്രിയെ ഇ ഡി തൊടുന്നില്ലെന്നും അതിനു കാരണം പിണറായിയുടെ ബിജെപിയോടുള്ള എതിർപ്പ് സത്യസന്ധമല്ലെന്നും ആണെന്നായിരുന്നു രാഹുൽ തട്ടിവിട്ടത്. ഇതിപ്പോൾ ഏറ്റ പ്രഹരങ്ങൾക്ക് മറുപടിയാണോ അതോ കഥ വഴിതിരിച്ച് വിടാനുള്ള മനഃപൂർവമുള്ള നീക്കങ്ങൾ ആണോ എന്ന് ജനങ്ങൾ തന്നെ മനസ്സിലാക്കട്ടെ.

എന്തായാലും മറ്റുള്ളവർക്കെതിരെ ഇഡിയുടെ നടപടികൾ കടുത്തപ്പോൾ കൈ കൊട്ടിയ കോൺഗ്രസുകാർ സ്വന്തം പാർട്ടിയ്ക്കും പാർട്ടി നേതാക്കൾക്കും എതിരെ അവർ വരുമ്പോൾ വായ് മൂടിയിരിക്കുന്നത് അക്ഷരാർത്ഥത്തിൽ പരിഹാസം തന്നെയാണ്. എന്തായാലും ഇതിപ്പോൾ രാഷ്ട്രീയ പകപോക്കൽ ആയാലും വമ്പൻ ഗൂഢപദ്ധതികൾ ആയാലും കള്ളങ്ങൾ ഒരുപാടുനാൾ മൂടി വയ്ക്കാൻ കഴിയില്ലലോ. ആരൊക്കെ വായ് മൂടി ഇരുന്നാലും വര്ഷങ്ങളെടുത്താണെങ്കിലും സത്യം പുറത്തുവരിക തന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News