അനധികൃത സ്വത്തുസമ്പാദന കേസ്; വി എസ് ശിവകുമാറിനെ ഇഡി ചോദ്യം ചെയ്തു

അനധികൃത സ്വത്തുസമ്പാദന കേസില്‍ കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാറിനെ ഇഡി ചോദ്യം ചെയ്തു. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ച സമയത്തിന് മുന്‍പേ രാവിലെ ഏഴ് മണിയോടെ ശിവകുമാര്‍ എത്തിയിരുന്നു. വൈകിട്ട് 6.30ന് ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

യുഡിഎഫ് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് ശിവകുമാറിനെതിരെ ഇ ഡി അന്വേഷണം പുരോഗമിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി ഇഡി ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ വി എസ് ശിവകുമാര്‍ ഹാജരായത്.

രാവിലെ 11 ന് ഹാജരാകാനായിരുന്നു ഇഡി നല്‍കിയ നോട്ടീസിലെ സമയക്രമം. എന്നാല്‍ നിശ്ചയിച്ച സമയക്രമം മാറ്റി വച്ച് രാവിലെ 7.15 ഓടെ അഭിഭാഷകനൊപ്പം ഇഡി ഓഫീസില്‍ കടന്നു കൂടുകയായിരുന്നു. നാലാം തവണ നോട്ടീസ് നല്‍കിയാണ് ശിവകുമാറിനെ ഇ ഡി വിളിച്ചു വരുത്തിയത്. മുന്‍പ് മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും ശിവകുമാര്‍ ഹാജരായിരുന്നില്ല.

2020ല്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യം പ്രാഥമിക അന്വേഷണം നടത്തുകയായിരുന്നു. ഇതിനു ശേഷമാണ് ഇഡി കൂടുതല്‍ അന്വേഷണത്തിലേക്ക് കടന്നത്. സ്വത്ത് സംബന്ധിച്ച രേഖകളും ശിവകുമാര്‍ ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്.

ശിവകുമാറിനെ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിക്കുന്ന മൊഴിയുടെയും രേഖകളുടെയും അടിസ്ഥാനത്തിലാവും ഇഡിയുടെ പിന്നിടുള്ള തുടര്‍ നടപടികള്‍ ഉണ്ടാകുക. അതേസമയം ഇഡി കടുത്ത നടപടികളിലേക്ക് കടന്നാല്‍ ശിവകുമാറിന് വ്യക്തിപരമായും കോണ്‍ഗ്രസ് രാഷ്ട്രീയമായും പ്രതിസന്ധിയിലാക്കും. ഇഡി യുടെ കേരളത്തിലെ നീക്കങ്ങളെ പിന്തുണക്കുന്ന കോണ്‍ഗ്രസ് നേതൃത്വം ശിവകുമാര്‍ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News