
മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്‍റെ വീടുകൾ ഇ.ഡി റെയ്ഡ് ചെയ്യുന്നുവെന്ന ബ്രേക്കിങ് ന്യൂസോടെയാണ് 2026 മെയ് 27-ലെ വാർത്താദിനത്തിന് തുടക്കമായത്. സംഘപരിവാരം നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്‍റെ ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയാടലുകൾ ഈ രാജ്യത്തിന് പുതുമയുള്ളതല്ല. പ്രതിപക്ഷപാർട്ടികൾക്കെതിരെയും നേതാക്കൾക്കെതിരെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള പകപോക്കൽ നടപടികൾ നാം കണ്ടുവരുന്നതാണ്. അതിന്‍റെ തുടർച്ചയാണ് പിണറായി വിജയനെ രാഷ്ട്രീയമായി വേട്ടയാടാനുള്ള ഇന്നത്തെ ഇ.ഡി റെയ്ഡും. ഇതിലേക്ക് നയിച്ച സിഎംആർഎൽ എക്സലോജിക് വിഷയത്തിന് പിന്നിലെ യഥാർഥ വസ്തുതകൾ എന്തൊക്കെയാണ്- നമുക്ക് പരിശോധിക്കാം…
തുടക്കം ആദായനികുതി പരിശോധനയോടെ
2019-ൽ സിഎംആർഎൽ കമ്പനിക്കെതിരെ നടന്ന ആദായനികുതി പരിശോധനയിൽ നിന്നാണ് പിന്നീട് “എക്സാലോജിക്–വീണ” വിവാദമെന്ന പേരിൽ വലിയ രാഷ്ട്രീയ-മാധ്യമ പ്രചാരണം ആരംഭിക്കുന്നത്. സിഎംആർഎൽ കമ്പനി വരുമാനം കുറച്ചുകാട്ടി നികുതി ബാധ്യത ഒഴിവാക്കിയെന്നായിരുന്നു ആദായനികുതി വകുപ്പ് ഈ പരിശോധനയ്ക്ക് ശേഷം മുന്നോട്ടുവെച്ച മുഖ്യ ആരോപണം. ആകെ 135.4 കോടി രൂപയുടെ ചെലവുകളാണ് ചോദ്യം ചെയ്യപ്പെട്ടത്. എന്നാൽ അതിൽ വെറും 1.72 കോടി രൂപ മാത്രമാണ് എക്സാലോജിക് കമ്പനിക്ക് നൽകിയ സർവീസ് ചാർജ്. ബാക്കി 134 കോടിയിലേറെ രൂപയുടെ ചെലവുകളെക്കുറിച്ചാണ് ആദായനികുതി വകുപ്പ് ഉന്നയിച്ച പ്രധാന തർക്കം. എന്നിട്ടും, രാഷ്ട്രീയമായും മാധ്യമപരമായും മുഴുവൻ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടത് വീണ തൈക്കണ്ടിയുടെയും അവരുടെ കമ്പനിയായ എക്സാലോജിക്കിന്റെയും മേലായിരുന്നു. വീണ വഴി പിണറായിയെ വേട്ടയാടുകയെന്നതായിരുന്നു കേന്ദ്ര ഏജൻസികളുടെയും, അവർക്ക് കുടപിടിച്ച ഇവിടുത്തെ മാധ്യമങ്ങളുടെയും അന്നത്തെ പ്രതിപക്ഷത്തിന്‍റെയും ഉദ്ദേശം. ഇതാണ് ഈ കേസിന്റെ രാഷ്ട്രീയ സ്വഭാവം.
തങ്ങൾക്ക് ലഭിച്ച സേവനത്തിനുള്ള നിയമാനുസൃത പ്രതിഫലമാണ് എക്സാലോജിക്കിന് നൽകിയ 1.72 കോടി രൂപയെന്ന് സിഎംആർഎൽ കമ്പനി തന്നെ ആദ്യം മുതൽ വ്യക്തമാക്കിയതാണ്. ബാങ്കിംഗ് റൂട്ടിലൂടെയാണ് പണം കൈമാറിയത്. ഈ പണംകൈമാറ്റത്തിന് ടിഡിഎസ് പിടിച്ചിട്ടുണ്ട്. ജി.എസ്.ടി അടച്ചിട്ടുണ്ട്. പിന്നീട് ഐ.ജി.എസ്.ടി അടച്ചതിന്റെ രേഖകളും പുറത്തുവന്നു. ഇതോടെ “കള്ളപ്പണം”, “രഹസ്യ ഇടപാട്”, “മാസപ്പടി” എന്നിങ്ങനെ മാധ്യമങ്ങൾ ചാർത്തിനൽകിയ ഓമനപ്പേരുകളിൽ അറിയപ്പെട്ട ആരോപണങ്ങളുടെ മുനയൊടിഞ്ഞു. കള്ളപ്പണം ആരും ബാങ്ക് വഴി, ഓഡിറ്റ് രേഖകളിൽ ഉൾപ്പെടുത്തി, നികുതി അടച്ച് കൈമാറില്ലല്ലോ. ഒരു കമ്പനി കൈക്കൂലി നൽകുകയാണെങ്കിൽ അത് ബാലൻസ് ഷീറ്റിലും ഓഡിറ്റ് റിപ്പോർട്ടിലും സേവനത്തിനുള്ള പ്രതിഫലമായി ആയി രേഖപ്പെടുത്തുകയും അതിന് ജി.എസ്.ടി അടക്കുകയും ചെയ്യുമോ എന്ന സംശയം സ്വാഭിവാകമായി ഉയർന്നെങ്കിലും, ഇവിടുത്തെ വലതുപക്ഷമാധ്യമങ്ങൾ അതേക്കുറിച്ച് മനപൂർവ്വം മിണ്ടായിരുന്നു.
നേരത്തെ പറഞ്ഞതുപോലെ ഈ കേസിലെ “മാസപ്പടി” എന്ന ഓമനപ്പേര് തന്നെ മാധ്യമ നിർമ്മിതിയാണ്. മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങളാണ് ഈ വാക്ക് പ്രചരിപ്പിച്ചത്. വൈകാതെ പ്രതിപക്ഷവും മറ്റ് മാധ്യമങ്ങളും അത് പിണറായിയെയും സിപിഐഎമ്മിനെയും അടിക്കാനുള്ള വടിയായി ഉപയോഗിച്ചു. എന്നാൽ ഇവിടെ അഞ്ചുവർഷം നീണ്ടുനിന്ന ബാങ്ക് ഇടപാടുകൾ, നികുതി രേഖകൾ, ജി.എസ്.ടി ഫയലിംഗുകൾ, ഓഡിറ്റ് ട്രയൽ എന്നിവയൊക്കെ ഉണ്ടായിരുന്നു, അപ്പോൾ അതെങ്ങനെ കൈക്കൂലിയാകും? എന്നിട്ടും അത് കൈക്കൂലിയായി വ്യാഖ്യാനിക്കപ്പെട്ടതിന്‍റെ രാഷ്ട്രീയം ആരും കണക്കിലെടുത്തില്ല.
ശരിക്കുപറഞ്ഞാൽ ഈ കേസിൽ പച്ചക്കള്ളങ്ങൾ പെരുമഴയായി പെയ്തിറങ്ങിക്കൊണ്ടിരുന്നു. ആദ്യം “ബാങ്ക് വഴിയല്ല ഇടപാട്” എന്നായിരുന്നു ഉന്നയിക്കപ്പെട്ട പ്രധാന ആരോപണം. ബാങ്ക് രേഖകൾ വന്നപ്പോൾ അതിന്‍റെ മുനയൊടിഞ്ഞു. ഇതോടെയാണ് ജി.എസ്.ടി അടച്ചില്ലെന്ന ആരോപണം രംഗപ്രവേശം ചെയ്തത്. ഐ.ജി.എസ്.ടി രേഖകൾ പുറത്തുവന്നപ്പോൾ സ്റ്റേറ്റ് ജി.എസ്.ടി ഇല്ലെന്നായി. ധനവകുപ്പ് അത് നിഷേധിച്ചതോടെ കരാർ ഇല്ലാതെ പണം വാങ്ങി എന്ന പുതിയ ആരോപണം ഉയർന്നു. സിഎംആർഎൽ-എക്സാലോജികുമായി ബന്ധപ്പെട്ട് ഓരോ ആരോപണവും തകർന്നടിഞ്ഞപ്പോഴും പുതിയ കഥകളുമായി പ്രതിപക്ഷവും വലതുപക്ഷമാധ്യമങ്ങളും നാടകം തുടർന്നു.
രാഷ്ട്രീയ വേട്ടയാടൽ
ഈ കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കേന്ദ്രസർക്കാരും ഏജൻസികളും ശ്രമിച്ചതിന്‍റെ നിരവധി ഉദാഹരണങ്ങളുണ്ട്. ഇൻകം ടാക്സ് ഇന്റേരിം സെറ്റിൽമെന്‍റ് ബോർഡ് ഉത്തരവാണ് ഇതിൽ പ്രധാനം. ഇതിന്‍റെ നിയമസാധുത ചോദ്യംചെയ്യപ്പാടൻ പ്രധാന കാരണം, ആരോപണ വിധേയരായ വീണയെയോ എക്സാലോജിക്കിനെയോ നേരിട്ട് കേൾക്കാതെയാണ് ആ സമിതി തീരുമാനത്തിലെത്തിയത് എന്നതാണ്. ഒരു ജുഡീഷ്യൽ സ്ഥാപനം ചെയ്യേണ്ട അടിസ്ഥാന കാര്യങ്ങൾ പോലും ഇവിടെ ഉണ്ടായില്ല. സിഎംആർഎൽ കമ്പനിയുടെ എംഡി ശശിധരൻ കർത്തയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിയമവിരുദ്ധമായ പേമെന്‍റ് ഉണ്ടായിട്ടില്ലെന്ന് പിന്നീട് സത്യവാങ്മൂലം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇവയൊന്നും പരിഗണിക്കപ്പെട്ടില്ല.
വെള്ളക്കടലാസിലെ ചുരുക്കെഴുത്തുകളും പി.വി എന്ന ആഘോഷവും
ഒരു ഘട്ടത്തിൽ ചില ചുരുക്കെഴുത്തുകളിലേക്ക് ഈ കേസിന്‍റെ മാധ്യമ ആഘോഷം വഴിമാറി. ആദായനികുതി വകുപ്പ് കണ്ടെടുത്ത പേപ്പറുകളിലെ പിവി, ആർസി, ഒസി, കെകെ, ഐകെ തുടങ്ങിയ ചുരുക്കെഴുത്തുകളാണ് മാധ്യമങ്ങൾ ചർച്ചയാക്കിയത്. എന്നാൽ ഈ രേഖകളൊന്നും പൊതുജനസമക്ഷം വന്നിട്ടില്ല. അവയൊന്നും കമ്പനിയുടെ ഔദ്യോഗിക അക്കൌണ്ട് ബുക്കിന്‍റെ ഭാഗവുമല്ല. ഇന്ത്യൻ എവിഡൻസ് ആക്ട് സെക്ഷൻ 34 പ്രകാരം, റെഗുലർ ബുക്ക്സ് ഓഫ് അക്കൌണ്ടിൽ ഇല്ലാത്ത ലൂസ് ഷീറ്റുകൾക്ക് തെളിവ് മൂല്യമില്ല. സുപ്രീംകോടതി ജെയിൻ ഹവാല കേസിൽ പോലും ഡയറി എൻട്രീസ് തെളിവായി അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയിരിക്കെ, ചില വെള്ളക്കടലാസുകളിലെ ഇനിഷ്യൽസ് മാത്രം അടിസ്ഥാനമാക്കി രാഷ്ട്രീയ പ്രചാരണം നടത്തിയത് നിയമപരമായും ദുർബലമായ കാര്യമായിരുന്നു.
മറ്റൊന്ന് ആ ചുരുക്കെഴുത്തുകളിൽ പിവി മാത്രം തെരഞ്ഞെടുത്ത് അത് പിണറായി വിജയനാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയും മാധ്യമങ്ങൾ നടത്തി. ആർസി, ഒസി, കെകെ, ഐകെ തുടങ്ങിയ ചുരുക്കെഴുത്തുകളെക്കുറിച്ച് ആരും ഒന്നും മിണ്ടിയില്ല. അതിനിടെ ചില രാഷ്ട്രീയ നേതാക്കൾ സിഎംആർഎലിൽനിന്ന് സംഭാവന സ്വീകരിച്ചുവെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ അതൊക്കെ മാധ്യമങ്ങൾ സൌകര്യപൂർവം അവഗണിച്ചു.
വൈകാതെ എസ്എഫ്ഐഒ, ഇ.ഡി തുടങ്ങിയ കേന്ദ്ര ഏജൻസികളും കേസിലേക്ക് എത്തി. എന്നാൽ നാല് കേന്ദ്ര ഏജൻസികൾ (ഇൻകം ടാക്സ്, ആർഒസി, എസ്എഫ്ഐഒ, ഇ.ഡി) രണ്ടു വർഷത്തിലേറെയായി ഈ വിഷയത്തിൽ എന്തെങ്കിലും നിയമവിരുദ്ധമായി നടന്നുവെന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ല. സിപിഐഎമ്മിനെയും അതിന്‍റെ നേതാവായ പിണറായി വിജയനെയും ലക്ഷ്യമിട്ട് കെട്ടിച്ചമച്ച രാഷ്ട്രീയ ആരോപണം മാത്രമാണ് സിഎംആർഎൽ-എക്സാലോജിക് വിഷയമെന്ന് വ്യക്തമാണ്. ഇതാദ്യമായല്ല പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള കള്ളക്കേസുകൾ വരുന്നത്. 2006-ലെ ലാവ്ലിൻ കേസ് മുതൽ, ഓരോ തിരഞ്ഞെടുപ്പിനുമുമ്പും പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളും മാധ്യമ പ്രചാരണങ്ങളും കേരളം കണ്ടിട്ടുണ്ട്. സ്വർണക്കടത്ത് മുതൽ “ബിരിയാണിച്ചെമ്പ്” വരെ നീണ്ടുനിന്ന ആ രാഷ്ട്രീയ-മാധ്യമ സംസ്കാരത്തിന്റെ മറ്റൊരു രൂപമായിരുന്നു “മാസപ്പടി” വിവാദം. രാജ്യത്തുടനീളം ഇ.ഡി, സിബിഐ വേട്ടയാടലിനെതിരെ സംസാരിക്കുന്ന കോൺഗ്രസ് നേതാക്കൾ തന്നെ കേരളത്തിൽ ഈ ഏജൻസികളെ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണ്.
ഇപ്പോഴത്തെ ഇ.ഡി റെയ്ഡും ആ തുടർച്ചയുടെ ഭാഗമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ ഇതുവരെ ഉണ്ടായ എല്ലാ അന്വേഷണങ്ങളിലും, ആരോപണങ്ങൾ തുടർച്ചയായി മാറുകയും ഓരോ ആരോപണവും തെളിവുകളുടെ അടിസ്ഥാനത്തിൽ തകരുകയും ചെയ്തിട്ടുണ്ട്. സേവനം നൽകിയെന്നതും, ബാങ്ക് വഴി പണം ലഭിച്ചതും, നികുതി അടച്ചതും, ഓഡിറ്റ് ട്രയൽ ഉണ്ടായിരുന്നതും, കമ്പനി രേഖകളിൽ ഇടപാട് ഉൾപ്പെടുത്തിയതും എല്ലാം അംഗീകരിക്കപ്പെട്ട കാര്യങ്ങളാണ്. എന്നിട്ടും ഒരു സ്ത്രീ സംരംഭകയെ അവരുടെ പിതാവിന്റെ രാഷ്ട്രീയത്തെ മുൻനിർത്തി കൊണ്ടു നിരന്തരമായി വേട്ടയാടുന്ന അവസ്ഥയാണ് ഈ റെയ്ഡുകളുടെ ബാക്കിപത്രം. ദശലക്ഷക്കണക്കിന് കോടികളുടെ യഥാർത്ഥ സാമ്പത്തിക അഴിമതികൾ നടക്കുന്ന രാജ്യത്ത്, 1.72 കോടി രൂപയുടെ നിയമാനുസൃത സേവന ഇടപാടിനെ “ദേശീയ അഴിമതി” പോലെ ചിത്രീകരിക്കുന്നത് രാഷ്ട്രീയ പ്രേരിതമായ മാധ്യമ നിർമ്മിതിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

