
2001 മാർച്ചിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മഹത്തായ മത്സരങ്ങളിൽ ഒന്നായി ഇന്നും ഓർമ്മിക്കപ്പെടുന്നു. ആ ചരിത്രവിജയത്തിന്റെ രജതജൂബിലിയാണ് ഇന്ന്.
അന്നത്തെ പരമ്പരയിൽ ആദ്യ ടെസ്റ്റ് ജയിച്ച് ആത്മവിശ്വാസത്തോടെ എത്തിയ ഓസ്‌ട്രേലിയൻ ടീം അന്ന് ലോക ക്രിക്കറ്റിലെകിരീടം വയ്ക്കാത്ത രാജാക്കന്മാരായിരുന്നു. 1999 ലെ ലോകകപ്പ് നേടിയപ്പോൾ ആരംഭിച്ച സ്റ്റീവ് വോ യുടെയും സംഘത്തിന്റെയും ജൈത്രയാത്ര ഒടുവിൽ എത്തിനിന്നത് “ഫൈനൽ ഫ്രണ്ടിയർ” എന്ന് നായകൻ സ്റ്റീവ് വോ തന്നെ വിശേഷിപ്പിച്ച ഇന്ത്യൻ മണ്ണിലാണ്.
ആദ്യ ടെസ്റ്റിൽ ഗാംഗുലിയുടെ കീഴിൽ ചെറിയ ചുവടുകൾ വച്ച് കൊണ്ടിരുന്ന ഇന്ത്യൻ ടീമിനെ ഹെയ്ഡനും, പോണ്ടിങ്ങും , മഗ്രാന്തും , ഷെയിൻ വാണും ഗിൽക്രിസ്റ്റും അടങ്ങുന്ന സംഘം കശക്കിയെറിഞ്ഞു കളഞ്ഞു. ഇന്ത്യയിൽ പരമ്പര പിടിക്കാനായി അടുത്തതായി കങ്കാരു പട എത്തിയത് കൊൽക്കത്തയിൽ ആയിരുന്നു.
കൊൽക്കത്തയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ സ്റ്റീവ് വോ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ രണ്ട് ദിവസങ്ങളിൽ തന്നെ ഓസ്‌ട്രേലിയ മത്സരത്തിൽ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തു. മികച്ച ബാറ്റിംഗിന്റെ കരുത്തിൽ അവർ ആദ്യ ഇന്നിംഗ്സിൽ 445 റൺസ് നേടി.എന്നാൽ സ്കോർ 500 കടക്കാത്തതിൽ ഇന്ത്യ നന്ദി പറയേണ്ടിയിരുന്നത് ഹാട്രിക് അടക്കം ഏഴ് വിക്കറ്റുകൾ നേടിയ സ്പിന്നർ ഹർഭജൻ സിംഗിനോടാണ് . റിക്കി പോണ്ടിംഗ്, ആഡം ഗിൽക്രിസ്റ്റ്, ഷെയിൻ വോൺ എന്നിവരാണ് അന്ന് തുടരെയുള്ള പന്തുകളിൽ സിംഗിന്റെ ഇരകളായി.
എന്നാൽ ഇന്ത്യ ആദ്യ ഇന്നിംഗ്സ് തകർന്നു. ഗ്ലെൻ മഗ്രാത്തിന്റെയും ജേസൺ ഗില്ലെസ്പിയുടെയും പേസ് ആക്രമണത്തിന് മുന്നിൽ ഇന്ത്യ 171 റൺസിൽ പുറത്തായി. ഇതോടെ ഓസ്‌ട്രേലിയയ്ക്ക് 274 റൺസിന്റെ ലീഡ് ലഭിച്ചു.
ഇവിടെയാണ് കളിയുടെ ഗതി മാറ്റിയ ഒരു തീരുമാനം വോ എടുത്തത്.
മത്സരം വേഗത്തിൽ അവസാനിപ്പിക്കാൻ സ്റ്റീവ് വോ ഇന്ത്യയെ ഫോളോ-ഓൺ ചെയ്യാൻ അയച്ചു. ഇന്ത്യ വീണ്ടും ബാറ്റിംഗിന് ഇറങ്ങുമ്പോൾ പരാജയം ഒഴിവാക്കുക പോലും ബുദ്ധിമുട്ടായി തോന്നുന്ന സാഹചര്യമായിരുന്നു.മൂന്നാം ദിവസത്തിന്റെ അവസാനത്തിൽ ഇന്ത്യയുടെ സ്കോർ 232 ന് 4 എന്ന നിലയിലായിരുന്നു.
അപ്പോഴാണ് വി.വി.എസ്. ലക്ഷ്മണും രാഹുൽ ദ്രാവിഡും ക്രീസിൽ ഒരുമിച്ചത്. തുടർന്ന് നടന്നത് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ പങ്കാളിത്തങ്ങളിൽ ഒന്നായിരുന്നു .ലക്ഷ്മൺ മനോഹരമായ ഷോട്ടുകളിലൂടെ ഓസ്‌ട്രേലിയൻ ബൗളർമാരെ സമ്മർദത്തിലാക്കി. ദ്രാവിഡ് ഉറച്ച പ്രതിരോധത്തോടെ കൂട്ടായി നിന്നു. ഇരുവരും മണിക്കൂറുകളോളം ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയയെ ക്ഷീണിപ്പിച്ചു. ലക്ഷ്മൺ 281 റൺസ് നേടി അന്നത്തെ ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് സ്കോർ കുറിച്ചു. ദ്രാവിഡ് 180 റൺസുമായി പിന്തുണ നൽകി. ഇരുവരും ചേർന്ന് 376 റൺസിന്റെ മഹത്തായ കൂട്ടുകെട്ട് നേടി.
Also Read: ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ചു; ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ പോയിന്റ്
ഒടുവിൽ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 657 ന് 7 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ജയിക്കാൻ ഓസ്‌ട്രേലിയയ്ക്ക് 384 റൺസ് വേണ്ടിയിരുന്നു .അവസാന ദിവസം മത്സരം ആവേശകരമായി മാറി. ഹർഭജൻ സിംഗ് വീണ്ടും മികച്ച ബൗളിംഗ് നടത്തി ആറ് വിക്കറ്റുകൾ നേടി. സച്ചിൻ ടെണ്ടുൽക്കറും മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അതിൽ ഷെയിൻ വോണിനെ ഒരു ഗൂഗ്ലിയിലൂടെ പുറത്താക്കിയതും ശ്രദ്ധേയമായി.
ഓസ്‌ട്രേലിയ 212 റൺസിൽ പുറത്തായതോടെ ഇന്ത്യ 171 റൺസിന് വിജയം നേടി. ഫോളോ-ഓൺ ഏറ്റുവാങ്ങിയ ശേഷം ടെസ്റ്റ് ജയിച്ച ലോകത്തിലെ അപൂർവ വിജയങ്ങളിലൊന്നായി ഈ വിജയം ചരിത്രത്തിൽ രേഖപ്പെടുത്തി.
ഇന്ന് 25 വർഷങ്ങൾക്ക് ശേഷം പോലും ആ മത്സരം ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. വി.വി.എസ്. ലക്ഷ്മൺ, രാഹുൽ ദ്രാവിഡ്, ഹർഭജൻ സിംഗ്, എന്നിവർ കാഴ്ചവെച്ച ആ അതുല്യ പ്രകടനം ക്രിക്കറ്റ് ആരാധകർ ഇന്നും ആവേശത്തോടെ ഓർക്കുന്നു. മാത്രമല്ല ആ വിജയത്തിന്റെ ആവേശത്തിൽ ഗാംഗുലി എന്ന നായകന്റെ തണലിൽ തുടങ്ങിയ ജൈത്രയാത്ര ഇന്ന് ഇന്ത്യയുടെ മൂന്നാം ടി 20 ലോകകപ്പ് കിരീടത്തിലാണ് എത്തിനിൽക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

