
ഇന്ത്യയുമായുള്ള അക്കാദമിക് ബന്ധം വർധിപ്പിക്കാനൊരുങ്ങി ഫ്രാൻസ്. 2030-ഓടെ ഫ്രാൻസിൽ 30,000 ഇന്ത്യൻ വിദ്യാർത്ഥികളെ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ദില്ലിയിലെ എയിംസിൽ (AIIMS) നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ ഒഴുക്കിന് തടസമാകാതിരിക്കാൻ വിസ നടപടികളിലടക്കം ഇളവുകൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി വിസ നടപടികൾ ലഘൂകരിക്കും. പിഎച്ച്ഡി ഉൾപ്പെടെയുള്ള പഠന കോഴ്സുകളുടെ കാലാവധിക്ക് അനുസൃതമായി ദീർഘകാല വിസകൾ നൽകുമെന്നും മാക്രോൺ അറിയിച്ചു. കൂടാതെ, വിദ്യാർത്ഥികൾക്കായി വിസ-രഹിത ട്രാൻസിറ്റ് സൗകര്യവും ഏർപ്പെടുത്തും.
ALSO READ; ഐസിഫോസിൽ തൊഴിലവസരം; അഭിമുഖം ഈ തീയതികളിൽ
വർഷവും പതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് ഫ്രാൻസിൽ പഠനത്തിന് എത്തുന്നത്. ഇത് അടുത്ത അഞ്ച് വർഷത്തിനകം 30,000 ആയി ഉയർത്താനാണ് ഇരുരാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. വിദ്യാർത്ഥികളെ ആകർഷിക്കാനായി അഞ്ച് വർഷത്തെ ഹ്രസ്വകാല ഷെഞ്ചൻ വിസ ഫ്രാൻസ് അവതരിപ്പിച്ചിരുന്നു. അക്കാദമിക് തയ്യാറെടുപ്പിനൊപ്പം ഫ്രഞ്ച് ഭാഷാ പരിശീലനവും വാഗ്ദാനം ചെയ്യുന്ന പ്രത്യേക ക്ലാസുകളും ഇതിനൊപ്പം വിദ്യാർത്ഥികൾക്കായി നിർദേശിച്ചിട്ടുണ്ട്.
മസ്തിഷ്ക ആരോഗ്യം, ആഗോള ആരോഗ്യ പരിപാലനം എന്നിവയിൽ എഐ അധിഷ്ഠിത ഗവേഷണങ്ങൾ ലക്ഷ്യമിട്ടുള്ള ഇൻഡോ-ഫ്രഞ്ച് സെന്റർ ഫോർ എഐ ഇൻ ഹെൽത്ത് ഉദ്ഘാടനം ചെയ്യാനാണ് മാക്രോൺ എയിംസ് സന്ദർശിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

