‘അർജന്റീന തന്നെ ജയിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നെങ്കിൽ എന്തിനാണ് മറ്റ് ടീമുകളെ പങ്കെടുപ്പിച്ചത് ?’; അർജന്റീനയുടെ വിജയം ‘ഒത്തുകളി’യെന്ന് ആരോപണം

Egypt Alleges Match-Fixing After Argentina Loss

ഫിഫ ലോകകപ്പിലെ പ്രീ-ക്വാർട്ടർ മത്സരത്തിൽ അർജന്റീനയോട് 3-2 ന് പരാജയപ്പെട്ട് ഈജിപ്ത് പുറത്തായിരുന്നു. ലോക ചാമ്പ്യന്മാരായ അർജൻറീനയോട് അവസാന നിമിഷം നാടകീയമായിട്ടാണ് ഇവർ പൊരുതി വീണത്. ഇതിന് പിന്നാലെ ഇപ്പോഴിതാ ടൂർണമെന്റിൽ വലിയ രീതിയിലുള്ള ഒത്തുകളി നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് ഈജിപ്ത് താരങ്ങളും പരിശീലകരും. ഈ ടൂർണമെന്റ് മുൻകൂട്ടി നിശ്ചയിച്ചതാണെന്നും തങ്ങൾക്കെതിരെ വ്യക്തമായ അനീതി നടന്നു എന്നുമാണ് ഈജിപ്ഷ്യൻ താരം മോസ്തഫ സിക്കോ ആരോപിച്ചത്.

നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്‌ക്കെതിരെ ഒരു ഘട്ടത്തിൽ 2-0 ന് മുന്നിലായിരുന്ന ഈജിപ്ത് ചരിത്ര വിജയം നേടുമെന്ന് കരുതിയതായിരുന്നു. യാസർ ഇബ്രാഹിമിലൂടെ ആദ്യ പകുതിയിൽ ഈജിപ്ത് ലീഡ് നേടി. ലയണൽ മെസ്സിയുടെ ഒരു പെനാൽറ്റി ഈജിപ്ത് ഗോൾകീപ്പർ മോസ്തഫ ഷോബീർ തടഞ്ഞതും മത്സരത്തിൽ ഈജിപ്തിന് മേധാവിത്വം നൽകി. തുടർന്ന് 67-ാം മിനിറ്റിൽ സിക്കോയിലൂടെ ഈജിപ്ത് രണ്ടാം ഗോളും നേടി. എന്നാൽ ക്രിസ്റ്റ്യൻ റൊമേറോ, ലയണൽ മെസ്സി, എൻസോ ഫെർണാണ്ടസ് എന്നിവർ അവസാന 13 മിനിറ്റിനുള്ളിൽ നേടിയ ഗോളുകൾ ആണ് അർജന്റീനയ്ക്ക് ക്വാർട്ടർ പ്രവേശനം നേടിക്കൊടുത്തത്.

മത്സരത്തിൽ സിക്കോ നേടിയ മറ്റൊരു ഗോൾ VAR പരിശോധനയിലൂടെ റഫറി അനുവദിക്കാതിരുന്നത് വലിയ വിവാദത്തിന് കാരണമായി. റഫറി തുടക്കം മുതൽ ഈജിപ്തിന് എതിരായിരുന്നുവെന്ന് സിക്കോ പറഞ്ഞു. “ഒരു രാജ്യം മുഴുവൻ എടുത്ത പ്രയത്നമാണ് റഫറി നശിപ്പിക്കുന്നത്. ഞങ്ങൾ 2-0 ന് അർജന്റീനയെ തോൽപ്പിക്കാൻ അവർ അനുവദിക്കില്ല. ഈ ടൂർണമെന്റ് ഒത്തുകളിച്ചതാണ്” സിക്കോ തുറന്നടിച്ചു.

ALSO READ: ഫിഫ ലോകകപ്പ് 2026: ഈജിപ്തിനെതിരായ വിജയത്തിന് പിന്നാലെ റെക്കോർഡുകൾ പഴങ്കഥയാക്കി മെസ്സി

ഈജിപ്ത് ദേശീയ ടീം മുഖ്യ പരിശീലകൻ ഹൊസാം ഹസ്സനും റഫറിയിങ്ങിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു. “ഇത് കൃത്യമായി ഒത്തുകളിച്ച ഒരു മത്സരമായിരുന്നു, ലോകം മുഴുവൻ അത് കണ്ടതാണ്,” എന്ന് അദ്ദേഹം പറഞ്ഞു. അർജന്റീന തന്നെ ജയിക്കണമെന്ന് ഇത്ര നിർബന്ധമുണ്ടായിരുന്നെങ്കിൽ എന്തിനാണ് മറ്റ് ടീമുകളെ പങ്കെടുപ്പിച്ചതെന്നും അദ്ദേഹം ചോദ്യമുയർത്തി. സ്വിറ്റ്‌സർലൻഡിനെയാണ് ക്വാർട്ടർ ഫൈനലിൽ അർജന്റീന നേരിടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News