79 മിനിറ്റ് അർജന്റീനയെ പൂട്ടി! ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ഈജിപ്ത്, തോറ്റിട്ടും അവർ ഹീറോകൾ തന്നെ

EGYPT

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ഒരു വീരഗാഥ! ലോക ചാമ്പ്യന്മാരായ അർജന്റീനയെ അട്ടിമറിയുടെ വക്കിലെത്തിച്ച്, ഒടുവിൽ തലയുയർത്തി മടങ്ങുന്ന ഈജിപ്ത്. തോറ്റെങ്കിലും കോടിക്കണക്കിന് ആരാധകരുടെ ഹൃദയം കവർന്നാണ് ഈജിപ്ഷ്യൻ പട വിശ്വവേദിയിൽ നിന്നും വിടവാങ്ങുന്നത്.

അറ്റ്ലാന്റയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ 79-ാം മിനിറ്റ് വരെ നിഷ്പ്രഭരാക്കാൻ ഈജിപ്തിന് കഴിഞ്ഞു. രണ്ട് ഗോളിന് മുന്നിലായിരുന്ന ഈജിപ്ത്, റഫറിയിംഗിന്റെ യാതൊരു ആനുകൂല്യവുമില്ലാതെ സ്വന്തം കളിമിടുക്ക് കൊണ്ട് മാത്രമാണ് അർജന്റീനയുടെ വല കുലുക്കിയത്. മുഹമ്മദ് സലാ എന്ന ഒരൊറ്റ സൂപ്പർ താരം ഒഴികെ, വലിയ പരിചയസമ്പത്തില്ലാത്ത തദ്ദേശീയ ലീഗ് താരങ്ങളുമായാണ് ഈജിപ്ത് ലോകകപ്പ് വേദിയിലേക്ക് എത്തിയത്. വെറും 13 മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീന ക്വാർട്ടർ ഫൈനലിലേക്ക് കടന്നുകൂടിയത്. അർജന്റീനയുടെ ഈ അവിശ്വസനീയ തിരിച്ചുവരവിന് പിന്നിൽ റഫറി ഫ്രാങ്കോയിസ് ലെറ്റെക്സിയറുടെ തെറ്റായ തീരുമാനങ്ങളാണെന്നാണ് ഈജിപ്ഷ്യൻ ക്യാമ്പ് ആരോപിക്കുന്നത്.

ALSO READ: ‘അർജന്റീന തന്നെ ജയിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നെങ്കിൽ എന്തിനാണ് മറ്റ് ടീമുകളെ പങ്കെടുപ്പിച്ചത് ?’; അർജന്റീനയുടെ വിജയം ‘ഒത്തുകളി’യെന്ന് ആരോപണം

58-ാം മിനിറ്റിൽ ഈജിപ്തിന്റെ മുസ്തഫ സിക്കോ നേടിയ ഗോൾ വാർ പരിശോധനയിലൂടെ റദ്ദാക്കി. അർജന്റീനയുടെ വിജയഗോളിന് തൊട്ടുമുൻപ് മുഹമ്മദ് സലായ്ക്കെതിരെ നടന്ന ഫൗളിന് പെനാൽറ്റി ലഭിക്കേണ്ടതായിരുന്നുവെന്ന് ഈജിപ്ത് പരിശീലകൻ ഹൊസാം ഹസൻ ആരോപിക്കുന്നു. എന്നാൽ ഇത് വാർ പരിശോധനയ്ക്ക് പോലും വിധേയമാക്കിയില്ല എന്നത് വലിയ അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. അർജന്റീന തന്നെ ജയിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നെങ്കിൽ എന്തിനാണ് മറ്റ് ടീമുകളെ പങ്കെടുപ്പിച്ചത് എന്നും തങ്ങൾ ചതിക്കപ്പെട്ടു എന്നുമാണ് മത്സരശേഷം ഈജിപ്ഷ്യൻ കോച്ച് ഹൊസാം ഹസൻ തുറന്നടിച്ചത്. ഈ വാക്കുകൾ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്.

തോറ്റെങ്കിലും ഈജിപ്ത് ഈ ലോകകപ്പിൽ പുതിയ ചരിത്രമെഴുതിയാണ് മടങ്ങുന്നത്. ഈജിപ്തിന്റെ ലോകകപ്പ് ചരിത്രം കണ്ണീരിന്റെയും കാത്തിരിപ്പിന്റേതുമാണ്. ആദ്യ ലോകകപ്പിൽ പങ്കെടുക്കാൻ കപ്പൽ കയറിയ അവർക്ക് മെഡിറ്ററേനിയൻ കടലിലെ കൊടുങ്കാറ്റ് മൂലം ലോകകപ്പ് നഷ്ടമായി. പിന്നീട് ആഫ്രിക്കയിൽ നിന്ന് വിശ്വവേദിയിലെത്തുന്ന ആദ്യ ടീമായി അവർ മാറി. 1990 ലും 2018 ലും ലോകകപ്പ് കളിച്ചെങ്കിലും ഒരു ജയം പോലും അവർക്ക് നേടാനായിരുന്നില്ല. എന്നാൽ ഇത്തവണ വിശ്വവേദിയിൽ അവർ പുതിയ ചരിത്രമെഴുതി. ന്യൂസീലൻഡിനെതിരെ ചരിത്രത്തിലാദ്യമായി ഒരു ലോകകപ്പ് ജയം അവർ സ്വന്തമാക്കി. നോക്കൗട്ടിൽ ഓസ്ട്രേലിയയെ ഷൂട്ടൗട്ടിൽ തകർത്ത് ക്വാർട്ടർ ഫൈനലിന് തൊട്ടരികിലെത്താനും അവർക്ക് കഴിഞ്ഞു.

ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലായൊഴികെ, മിക്കവരും തദ്ദേശീയ ലീഗിൽ കളിക്കുന്ന പരിമിതമായ അനുഭവസമ്പത്തുള്ള താരങ്ങളായിരുന്നു. എന്നിട്ടും ലോകോത്തര താരങ്ങളോട് നെഞ്ചുവിരിച്ചു പൊരുതിയ ഈ ഈജിപ്ഷ്യൻ സംഘം ഫുട്ബോൾ ലോകത്തിന് അത്ഭുതമാണ്. പാരീസ് ഒളിംപിക്സിലെ നാലാം സ്ഥാനത്തിന് പിന്നാലെ, ലോകകപ്പിലെ ഈ വീരചരിത്രം ഈജിപ്ഷ്യൻ ഫുട്ബോളിന് വലിയ ഊർജ്ജമാകുമെന്നുറപ്പാണ്. പരാജയപ്പെട്ടെങ്കിലും ഈജിപ്ത് തോറ്റിട്ടില്ല, അവർ ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News