കഴുമരത്തെ ഭയക്കാത്ത കയ്യൂരിന് എണ്‍പതാണ്ട്

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഇതിഹാസ സമാനമായ പോരാട്ടങ്ങളില്‍ ഒന്നാണ് കയ്യൂര്‍ സമരം. തൂക്കികൊല്ലുന്നതിന് മുന്‍പ് കയ്യൂരിലെ ധീര സഖാക്കളായ മഠത്തില്‍ അപ്പു, പള്ളിക്കല്‍ അബൂബക്കര്‍, കോയിത്താറ്റില്‍ ചിരുകണ്ടന്‍, പൊടോര കുഞ്ഞമ്പു നായര്‍ എന്നിവര്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി പി സി ജോഷിക്കെഴുതിയ കത്തും ചരിത്രത്തിന്റെ ഭാഗമാണ്. ‘രാജ്യത്തിന് വേണ്ടി മരിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. ഞങ്ങള്‍ ഭീരുക്കളല്ല. യഥാര്‍ത്ഥ ദേശാഭിമാനികളാണ്. ഞങ്ങളുടെ ജീവത്യാഗം ഭാവിതലമുറ എന്നെന്നും അനുസ്മരിക്കും. നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി മരിക്കുന്നതില്‍ ഞങ്ങള്‍ക്കഭിമാനമെയുള്ളൂ. ഭഗത് സിംഗിനെ പോലുള്ളവരുടെ ധീര ജീവിതം ഞങ്ങള്‍ക്കാവേശം നല്‍കുന്നു. ഞങ്ങള്‍ക്ക് ബേജാറില്ല, വ്യസനമില്ല. നാട്ടിലെ ധീരരക്തസാക്ഷികളുടെ ചരിത്രം ഞങ്ങള്‍ക്ക് ആവേശം പകരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി നീണാള്‍ ജയിക്കട്ടെ.’

ബ്രിട്ടീഷ് അധിനിവേശത്തിനും ജന്മിത്തത്തിനുമെതിരെ വടക്കന്‍ മലബാറിലെ കയ്യൂര്‍ ഗ്രാമത്തില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക സമരപോരാട്ടമാണ് കയ്യൂര്‍ സമരം. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളെ തുടര്‍ന്നുണ്ടായ ദുരിതത്തിലായിരുന്നു മലബാറിലെ കാര്‍ഷിക ജനത. ഇതിനിടയില്‍ ജന്മിമാര്‍ അടിച്ചേല്‍പ്പിച്ച നികുതിഭാരം ഇവരുടെ ജീവിത ദുരിതം ഇരട്ടിപ്പിച്ചു. ജന്മിമാരുടെ ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങള്‍ക്ക് കര്‍ഷകസംഘം നേതൃത്വം നല്‍കി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെയായിരുന്നു ഈ സമരങ്ങള്‍ നടന്നത്. വിവിധ ആവശ്യങ്ങള്‍ മുന്നോട്ടുവച്ച് സമരരംഗത്ത് നിലയുറപ്പിച്ച കര്‍ഷകരോട് ബ്രിട്ടീഷ് പട്ടാളവും പൊലീസും അക്രമത്തിന്റെ ഭാഷയില്‍ മാത്രമാണ് സംസാരിച്ചിരുന്നത്. സമരത്തിന്റെ ഭാഗമായി തലശ്ശേരിയില്‍ പി കൃഷ്ണനും പികെ മാധവനും കെ ദാമോദരനും പങ്കെടുത്ത യോഗത്തിന് നേരെ പൊലീസ് വെടിവയ്പ്പ് നടന്നു. യാതൊരു പ്രകോപനവുമില്ലാതെ നടന്ന ഈ വെടിവെപ്പില്‍ അബു മാസ്റ്റര്‍, ബീഡിത്തൊഴിലാളി ചാത്തുക്കുട്ടി എന്നിവര്‍ കൊല്ലപ്പെട്ടതോടെ ബ്രീട്ടീഷ് പൊലീസിനെതിരെ ജനരോഷം അതിശക്തമായി.

അക്രമത്തില്‍ പ്രതിഷേധിച്ച് 1941 മാര്‍ച്ച് 28ന് നടത്തിയ പ്രകടനത്തിന് മുന്നിലേക്ക് അക്രമത്തില്‍ പങ്കെടുത്ത സുബ്ബരായന്‍ എന്ന മര്‍ദ്ദന വീരനായ പൊലീസുകാരന്‍ വന്നുപെട്ടു. സമരക്കാര്‍ അയാളെ അക്രമിക്കാന്‍ തുനിഞ്ഞെങ്കിലും നേതാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ സമരക്കാര്‍ സുബ്ബരായനെ കൊടി പിടിപ്പിച്ച് ഒപ്പം നടത്തിച്ചു. ഭയന്ന പൊലീസുകാരന്‍ പുഴയിലേക്ക് ചാടുകയും മുങ്ങിമരിക്കുകയും ചെയ്തു. സുബ്ബരായന്‍ മരിച്ചതോടെ അതിന്റെ പേരില്‍ ഗ്രാമത്തിലെമ്പാടും പൊലീസ് നായാട്ട് നടത്തി. 61 പേര്‍ പൊലീസിന്റെ പിടിയിലായി. നാലുപേര്‍ക്ക് വധശിക്ഷ ലഭിച്ചു. പ്രായപൂര്‍ത്തിയാവാത്ത കാരണത്താല്‍ അഞ്ചാമതൊരാളെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കി

1943 മാര്‍ച്ച് 29ന് കര്‍ഷകസംഘം പ്രവര്‍ത്തകരായ മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍, പള്ളിക്കല്‍ അബൂബക്കര്‍, പൊടോര കുഞ്ഞമ്പുനായര്‍ എന്നിവരെ കണ്ണൂര്‍ ജയിലില്‍ തൂക്കിലേറ്റി. ചൂരിക്കാടന്‍ കൃഷ്ണന്‍ നായരെയാണ് പ്രായപൂര്‍ത്തി ആവാത്തതുകൊണ്ട് ഒഴിവാക്കിയത്. അദ്ദേഹത്തെ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ നാല് പേരെ ഒന്നിച്ച് തൂക്കിലേറ്റിയ സംഭവം വേറെയില്ല.

കയ്യൂര്‍ സഖാക്കളെ കാണാന്‍ അന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി സി ജോഷി കണ്ണൂര്‍ ജയിലില്‍ വന്നിരുന്നു. വളരെ ദുഃഖിതനായി കാണപ്പെട്ട സഖാവ് ജോഷിയെ തൂക്കിലേറാന്‍ പോകുന്ന വിപ്ലവകാരികള്‍ ആശ്വസിപ്പിച്ചതായാണ് ചരിത്രം രേഖപ്പെടുത്തിരിക്കുന്നത്. നാല് പേരെ ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നപ്പോള്‍ വിദേശമാധ്യമങ്ങള്‍ ഈ വാര്‍ത്ത വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ ബ്രിട്ടീഷ് ക്രൂരതയുടെ അടയാളമായി അവര്‍ ഈ സംഭവത്തെ ഉയര്‍ത്തിക്കാട്ടി. ബ്രിട്ടീഷ് ജനതയിലും ഇത് വലിയ അമര്‍ഷത്തിന് ഇടയാക്കി. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഉജ്ജ്വല പോരാട്ടമാണ് കയ്യൂര്‍ സമരം.

സിപിഐഎമ്മിന്റെ സമുന്നത നേതാവായിരുന്ന ഇകെ. നായനാര്‍ കയ്യൂര്‍ കേസില്‍ 3-ാം പ്രതിയായിരുന്നു. പൊലീസിന് പിടികൂടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here