രക്ഷാപ്രവർത്തനത്തിന് ഓടിയെത്തി മന്ത്രി സജി ചെറിയാൻ; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മരണത്തിന് കീ‍ഴടങ്ങി വയോധികന്‍

ചെങ്ങന്നൂരില്‍ കിണറിൻ്റെ റിംഗ് ഇടിഞ്ഞ് വീണ് 12 മണിക്കൂറോളം കിണറിനുള്ളിൽ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം. ഏകദേശം അര ദിവസത്തോളം നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന് ഒടുവിലാണ് കോടുകുളഞ്ഞി പെരുങ്കുഴി കൊച്ചുവീട്ടിൽ കെ.എസ്. യോഹന്നാനെ കിണറ്റിൽ നിന്നും പുറത്ത് എത്തിച്ചത്.

പുറത്തടുക്കുമ്പോൾ അബോധാവസ്ഥയിലായ യോഹന്നാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിണര്‍ വൃത്തിയാക്കുന്നതിനിടയിൽ റിംഗ് ഇടിഞ്ഞു താഴ്ന്ന് കിണറിനുള്ളിൽ കുടുങ്ങുകയായിരുന്നു. കിണറ്റിനുള്ളിലെ ചെടികൾ നീക്കം ചെയ്യുന്നതിനിടയിൽ സിമിൻ്റ് റിംഗുകൾ ഇടിഞ്ഞുവീഴുകയായിരുന്നു.

ഫയര്‍ഫോഴ്‌സിന്റെ മൂന്നു യൂണിറ്റുകള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകട വാർത്തയറിഞ്ഞ് സംഭവസ്ഥലത്ത് ഓടിയെത്തിയ മന്ത്രി സജി ചെറിയാനും അഗ്നിശമന സേനാംഗങ്ങൾക്കും നാട്ടുകാർക്കും ഒപ്പം രക്ഷാപ്രവർത്തിന് നേതൃത്വം നൽകി.

കോടുകുളഞ്ഞി കൊല്ലൻപറമ്പിൽ ‘ഷെൽട്ടർ’ വീട്ടിൽ പരേതനായ കെകെ ഇടിക്കുളയുടെ പുരയിടത്തിലെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
റിംഗ് പൊക്കി തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. എന്നാല്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിച്ചു.

തുടര്‍ന്ന് കിണറിന് സമാന്തരമായി മറ്റൊരു കുഴി നിർമ്മിച്ച് ഇതിലൂടെ യോഹനാനെ പുറത്ത് എത്തിക്കുകയായിരുന്നു.18 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ആറു റിങ്ങുകൾ ഇടിഞ്ഞുവീണെന്ന് റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അവയ്ക്കിടയിലാണു യോഹന്നാൻ കുടുങ്ങിയത്. കഴുത്തിനു താഴെവരെ ചളിയിലും വെള്ളത്തിലും പൂണ്ടുനിൽക്കുന്ന അവസ്ഥയിലായിരുന്നു യോഹന്നാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News