
നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും വാഹനം ഇലക്ഷൻ കമ്മീഷൻ പരിശോധിച്ചതില്‍ യു ഡി എഫ് ഉണ്ടാക്കിയ കോലാഹലങ്ങൾ എന്തൊക്കെയായിരുന്നു. എന്നാൽ ഈ പ്രഹസങ്ങൾക്കെല്ലാം നിമിഷ നേരങ്ങൾ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു.
ഇന്നലെ രാത്രിയിൽ നിലമ്പൂരിൽ ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും സഞ്ചരിച്ച വാഹനം പരിശോധിച്ചത് ഇലക്ഷൻ കാലത്തെ പതിവ് നടപടിയെന്ന് ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കിയതോടെ ഊതി പെരുപ്പിച്ചുകൊണ്ടുവന്ന കോൺഗ്രസിന്റെ ഒടുക്കത്തെ അടവും അടപടലം പൊളിയുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. അതിനുശേഷം സിപിഐ എം നേതാവും എം പിയുമായ കെ രാധാകൃഷ്ണൻ , മന്ത്രി വി അബ്ദുറഹ്മാൻ തുടങ്ങിയവരുടെയൊക്കെ വാഹനം പരിശോധിച്ചിട്ടുണ്ടെന്ന് വിഡിയോകൾ സഹിതം പുറത്തുവന്നപ്പോൾ ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും അടുത്ത നാടകവും വൃഥാവിലായി . ഇപ്പോഴിതാ ഇലക്ഷന് കമ്മീഷൻ നിലമ്പൂരിൽ പരിശോധിച്ച മുഴുവൻ രാഷ്ട്രീയ നേതാക്കളുടെയും പേര് വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്.
കെ രാധാകൃഷ്ണൻ എംപി (എൽഡിഎഫ്), വി അബ്ദുറഹ്മാൻ (എൽഡിഎഫ്), പി ബിജു (എൽഡിഎഫ്), വി പി സാനു (എൽഡിഎഫ്), ഇ.എൻ. മോഹൻദാസ് (എൽഡിഎഫ്), ഷാഫി പറമ്പിൽ എം പി ( യുഡിഎഫ്), അബ്ദുൽ വഹാബ് എംപി (യുഡിഎഫ്),മാത്യു കുഴൽനാടൻ എം.എൽ.എ (യുഡിഎഫ്), എം ലിജു (യുഡിഎഫ്), എ പി അനിൽ കുമാർ (യുഡിഎഫ്) ,ഷോൺ ജോർജ് (ബിജെപി ) തുടങ്ങിയവരുടെ വാഹനങ്ങൾ ഇതുവരെ നിലമ്പൂരിൽ ഇലക്ഷൻ കമ്മീഷന്റെ വാഹനപരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഫ്‌ളൈയിങ് സ്‌ക്വാഡുകൾ പരിശോധന നടത്തുന്നത് സർവ്വ സാധാരണമായ കാര്യമാണ്. ഇതിന്റെ ഭാഗമായി രാഷ്ട്രീയക്കാരുടെയും കാറുകൾ പരിശോധിക്കാറുണ്ട്.
ALSO READ: സ്വന്തം സ്ഥാനാർഥിക്ക് രാഹുൽ കൊടുക്കുന്ന മൂന്നാമത്തെ പണി
യുഡിഎഫ് നേതാക്കളെ മാത്രമേ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്നുള്ളു എന്ന ഷാഫിയുടെയും രാഹുൽ മാങ്കൂട്ടത്തിന്റെയും വാദങ്ങളാണ് ഇതോടെ പൊളിഞ്ഞത്. ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ഷോ ഇറക്കി നോക്കിയതാണ് പക്ഷെ നിലമ്പൂരിലെ ജനങ്ങൾ ഇത്രവേഗത്തിൽ കണ്ടം വഴി ഓടിച്ചു കളയുമെന്ന് കോൺഗ്രസ് നേതാക്കന്മാർ സ്വപ്നത്തിൽ പോലും വിചാരിച്ചുകാണില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here