സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡില്‍

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലെത്തി. ഇന്നലെ മാത്രം 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ചൊവ്വാഴ്ച ഇത് 102.95 ദശലക്ഷം യൂണിറ്റായിരുന്നു. വേനല്‍ കനത്തതോടെയാണ് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 89.62 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു പീക്ക് സമയ ഉപയോഗം. വൈദ്യുതി ഉപയോഗത്തില്‍ കര്‍ശന സ്വയം നിയന്ത്രണം വേണമെന്ന് കെഎസ്ഇബി അധികൃതര്‍ ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് വേനല്‍ കനത്തിരിക്കുകയാണ്. ഇതോടെ ഫാനിന്റേയും മറ്റും ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. വൈകുന്നേരം ആറിനും പതിനൊന്നിനുമിടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, പമ്പ് സെറ്റ് തുടങ്ങി വൈദ്യുതി അധികമായി ആവശ്യമുള്ള ഉപകരണങ്ങള്‍ പരമാവധി മറ്റ് സമയങ്ങളില്‍ ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെടുന്നു.

പുറത്തു നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിച്ച് ഇടതടവില്ലാതെ ലഭ്യമാക്കാനുള്ള ശ്രമം നടത്തുന്നതായി കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയര്‍ന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മര്‍ദത്തിലാണ്. ഇക്കാരണത്താല്‍ ചിലയിടങ്ങളിലെങ്കിലും വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളില്‍ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് കെഎസ്ഇബി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News