
ആനപിണ്ടത്തില്‍ നിന്ന് പല വസ്തുക്കളും ഉണ്ടാക്കുന്നതിനെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകും. പലതും ട്രൈ ചെയ്തിട്ടും ഉണ്ടാകും. എന്നാൽ ആനപിണ്ടം കൊണ്ട് ഡെസേര്‍ട്ട് ഉണ്ടാക്കുന്നതിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ? കണ്ണുതള്ളേണ്ട, ഉള്ള കാര്യം തന്നെയാണ്. പരിസ്ഥിതി സൗഹൃദ ഭക്ഷണത്തിന് പേരുകേട്ട ‘കനോപിയ’ എന്ന ചൈനയിലെ ഒരു പോഷ് റെസ്‌റ്റോറന്റ് ആണ് ഈ ഐറ്റം ഉണ്ടാക്കുന്നത്. മരത്തിന്റെ ഇലകൾ, തേനിൽ പൊതിഞ്ഞ ഐസ് ക്യൂബുകൾ ഇവയെല്ലാം ഇവരുടെ മെനുവിൽ ഉണ്ട്. യഥാര്‍ത്ഥ കാടിന്റെ അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ് റെസ്റ്റോറന്റ്. എന്നാൽ ഇവയെല്ലാം തന്നെ ഭിന്നാഭിപ്രായങ്ങൾ ആണ് നേടുന്നത്.
റെയിന്‍ ഫോറസ്റ്റ് തീമിലുള്ള 15-കോഴ്‌സ് മീലിലാണ് ഡെസേര്‍ട്ടായി ആനപിണ്ടം കൊണ്ടുട്ടാക്കിയ ഡെസേര്‍ട്ട് വിളമ്പുന്നത്. ജ്യൂസുകളോ മറ്റ് പാനീയങ്ങളോ കൂടാതെ 3888 യുവാന്‍ (ഏകദേശം 45,000 രൂപ) ആണ് വിലയായി നൽകേണ്ടത്.
ഫ്രാന്‍സില്‍ നിന്നുള്ള ഒരാളും ഒരു ചൈനീസ് സ്വദേശിയുമാണ് റെസ്റ്റോറന്റിന്റെ സ്ഥാപകർ. യുനാന്‍ പ്രവിശ്യയിലെ പച്ചപ്പ് നിറഞ്ഞ മഴക്കാടുകളെ കുറിച്ച് ഏഴ് വര്‍ഷത്തോളം പഠനം നടത്തിയതിന് ശേഷമാണത്രേ ഇവര്‍ തങ്ങളുടെ റെസ്റ്റോറന്റ് ആരംഭിച്ചത്. പ്രശസ്തരായ പല ഫുഡ് ബ്ലോഗര്‍മാരും വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് കനോപിയും ഇവിടുത്തെ വിഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.
ചെടികളില്‍ നിന്ന് ഇലകള്‍ നേരിട്ട് പറിച്ചെടുത്ത് കസ്റ്റമേര്‍സിന് സോസില്‍ മുക്കി കഴിക്കാം. മാത്രമല്ല തേനും പൂമ്പൊടിയും ചേര്‍ത്ത ഐസ്‌ക്യൂബുകളും പ്രാണികളെ ഉപയോഗിച്ചുള്ള വിഭവങ്ങളുമൊക്കെ ഇവിടെയുണ്ട്. ആനപിണ്ടം ഉപയോഗിച്ച് പ്രത്യേക രീതിയില്‍ തയ്യാറാക്കിയ ഡെസേര്‍ട്ടിലൂടെ 15 കോഴ്‌സ് മീല്‍ അവസാനിക്കും. തേന്‍, ഫ്രൂട്ട് ജാം, പൂമ്പൊടി തുടങ്ങിയവ ഉപയോഗിച്ചാണ് ഈ വിഭവം അലങ്കരിച്ചിരിക്കുന്നത്.
അണുവിമുക്തമാക്കി സംസ്‌കരിച്ച ശേഷമാണ് വിളമ്പുന്നതെങ്കിലും ഈ വിഭവങ്ങള്‍ ചൈനയുടെ ഭക്ഷ്യ ശുചിത്ര നിയമം പാലിക്കുന്നുണ്ടോ എന്നത് വ്യക്തമല്ലെന്നാണ് സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭക്ഷണം വിഷരഹിതവും, ദോഷകരമല്ലാത്തതും, പോഷക നിലവാരം പാലിക്കുന്നതുമായിരിക്കണമെന്ന് നിയമമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here