ഗാസയില്‍ നിന്നും 11 ലക്ഷം പേർ ഉടൻ ഒഴിയണം; ഇസ്രയേലിന്റെ മുന്നറിയിപ്പ്; വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് യുഎന്‍

ഹമാസ്-ഇസ്രയേല്‍ സംഘർഷം തുടരുന്നതിനിടെ, ഗാസയില്‍ നിന്നും 11 ലക്ഷം പേരെ ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ ഉത്തരവിട്ടിരിക്കുന്നു. ഇവിടെ താമസിക്കുന്നവർ 24 മണിക്കൂറിനകം ഒഴിയണം എന്നാണ് ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചിരിക്കുന്നതെന്ന് യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കുന്നത് കടുത്ത മാനുഷിക പ്രത്യാഘാതത്തിന് വഴിവെക്കുമെന്നും ഇത് അസാധ്യമാണെന്നും സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു.

അതേസമയം ഗാസയില്‍ ഇസ്രയേല്‍ സേന വ്യോമാക്രമണം തുടരുകയാണ്. പ്രദേശത്തെ ജനങ്ങളോട് അടിയന്തരമായി ഒഴിയാന്‍ ആവശ്യപ്പെട്ടത് കരയുദ്ധം തുടങ്ങുക ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തല്‍. ഹമാസിനെ പൂർണമായി തുടച്ചുനീക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു.

also read : നിയമനത്തട്ടിപ്പ് കേസ്; അഖില്‍ സജീവന്‍ കസ്റ്റഡിയില്‍

ഏകദേശം 150 ഓളം ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, ഹമാസ് തടങ്കലിലാക്കിയ ഇസ്രായേലി പൗരന്മാരെ വിട്ടയച്ചില്ലെങ്കിൽ ​ഗാസയിലേക്കുള്ള കുടിവെള്ളമടക്കം റദ്ദാക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കി. ​

‘ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്മാര്‍ വീടുകളില്‍ തിരിച്ചെത്തുന്നതുവരെ ഗാസയില്‍ ഒരു ഇലക്ട്രിക് സ്വിച്ചും ഓണാവില്ല, ഒരു വെള്ള ടാപ്പും തുറക്കില്ല. ഒറ്റ ഇന്ധന ട്രക്കു പോലും അവിടേക്കു പ്രവേശിക്കില്ലെന്നും’- മന്ത്രി ഇസ്രയേല്‍ കട്‌സ് പറഞ്ഞു.

അതിനിടെ ​ഗാസയിലെ സ്ഥിതി​ഗതികൾ രൂക്ഷമായി തുടരുകയാണ്. 50,000 ഗർഭിണികൾക്ക് കുടിവെള്ളം പോലുമില്ലെന്ന് യുഎന്‍ ഭക്ഷ്യ സംഘടന അറിയിച്ചു. ഈജിപ്റ്റില്‍ നിന്നും ഗാസയിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇസ്രയേല്‍ തടഞ്ഞിട്ടുണ്ട്. ടെല്‍ അവീവില്‍ വെച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ആന്റണി ബ്ലിങ്കണ്‍, സാധാരണ ജനങ്ങള്‍ കൊല്ലപ്പെടാതിരിക്കാന്‍ പരമാവധി കരുതല്‍ പാലിക്കണമെന്നും നിര്‍ദേശിച്ചു.

also read : വയനാട്ടിലേത് കമ്പമല കെഎഫ്ഡിസി ഓഫീസ് ആക്രമിച്ച അതേ മാവോയിസ്റ് സംഘം

അതേസമയം 34 ആരോഗ്യ കേന്ദ്രങ്ങൾ ഗാസയിൽ ആക്രമിക്കപ്പെട്ടാണ് നിഗമനം. 11 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. ഇരുഭാ​ഗങ്ങളിലുമായി ഏകദേശം മൂവായിരത്തോളം പേർ കൊല്ലപ്പെട്ടു. ആയിരങ്ങൾക്ക് പരുക്കേറ്റു. ​ഗാസയിൽ നിരവധി കെട്ടിടങ്ങളാണ് തകർന്നുവീണത്. യുദ്ധം ഇത്രയും ദിവസങ്ങൾ പിന്നിടുമ്പോൾ സമാധാന ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടില്ല. കുടിവെള്ളം, വൈദ്യുതി, മെഡിക്കല്‍ സഹായങ്ങള്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് പ്രദേശത്തു നിന്നും ജനങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here