
ശതകോടീശ്വരനായ എലോൺ മസ്‌കും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള പ്രശ്നഗങ്ങൾ മറനീക്കി പുറത്തേക്ക് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ഇവർ തന്നെയാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നതും. അമേരിക്കന്‍ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ പക്കലുള്ള പ്രമുഖരുടെ സെക്‌സ് ടേപ്പുകളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരുമുണ്ട് എന്നാണ് കഴിഞ്ഞ ദിവസം മസ്‌ക് പറഞ്ഞത്. എന്നാൽ ഇപ്പോൾ പോസ്റ്റ് ഇദ്ദേഹം പിൻവലിച്ചിരിക്കുകയാണ്. തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ ട്രംപിനെതിരേ ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിച്ച് മസ്‌ക് രംഗത്ത് വന്നിരുന്നു. അതില്‍ ഏറ്റവും ഗൗരവകരമായ വിഷയമായിരുന്നു ജെഫ്രി എപ്സ്റ്റീന്റെ സെക്സ് ടേപ്പുമായി ബന്ധപ്പെട്ട ആരോപണം.
എപ്സ്റ്റീന്റെ ബാലപീഡന പരമ്പരയില്‍ ട്രംപിനും പങ്കുണ്ട് എന്നായിരുന്നു മസ്‌ക് വ്യാഴാഴ്ച എക്‌സില്‍ കുറിച്ചത്. ആ കേസിന്റെ റിപ്പോര്‍ട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നതും പുറത്ത് വിടാത്തതും അതുകൊണ്ടാണെന്നും മസ്‌ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. ‘ബിഗ് ബോംബ്’ എന്ന് വിശേഷിപ്പിച്ചാണ് മസ്‌ക് ഈ പോസ്റ്റ് എക്സില്‍ പങ്കുവെച്ചത്.
ALSO READ: ‘നിലമ്പൂർ സെൽഫി’; പോസ്റ്റ് പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്
‘വലിയൊരു ബോംബ് പൊട്ടിക്കാനുള്ള സമയമായി. എപ്സ്റ്റീന്‍ ഫയലില്‍ ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് പൊതു ഇടത്തിലേക്ക് ആ ഫയലുകള്‍ എത്താത്തത്. ശുഭദിനം…’ എന്നായിരുന്നു മസ്‌കിന്റെ പോസ്റ്റ്. ‘ഈ പോസ്റ്റ് കുറിച്ച് വെച്ചോളൂ, ഭാവിയില്‍ സത്യം പുറത്തുവരികതന്നെചെയ്യും’ എന്ന് മറ്റൊരു പോസ്റ്റില്‍ മസ്‌ക് കുറിച്ചു. എന്നാൽ പോസ്റ്റുകള്‍ വലിയ ചര്‍ച്ചയായതോടെ എക്സില്‍ നിന്നും ഇപ്പോള്‍ ഇവ നീക്കം ചെയ്തിരിക്കുകയാണ് മസ്‌ക്.
എന്നാല്‍ ഇതിനു പിന്നിലുള്ള കാരണം വ്യക്തമല്ല. അതേസമയം, സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മസ്‌ക് തന്റെ ആരോപണത്തില്‍ നിന്ന് പിന്‍വാങ്ങിയതെന്നും അഭ്യൂഹങ്ങളുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here