
ചാറ്റ്ജിപിടിയുടെ മാതൃ കമ്പനിയായ ഓപ്പൺ എഐ വാങ്ങാൻ ഇലോൺ മസ്ക്ക് നീക്കം നടത്തിയതായി റിപ്പോർട്ട്. മസ്‌കിൻ്റെ നേതൃത്വത്തിൽ ഒരു സംഘം നിക്ഷേപകർ ഓപ്പൺഎഐയെ വാങ്ങാനായി 8.46 ലക്ഷം കോടി രൂപ വില പറഞ്ഞതായാണ് റിപ്പോർട്ട്. എന്നാൽ ഓപ്പൺ എഐ വിൽക്കില്ലെന്ന നിലപാടാണ് അതിന്‍റെ സ്ഥാപകനമായ സാം ആൾട്ട്മാൻ സ്വീകരിച്ചത്.
മസ്ക്കിനെ പരിഹസിച്ചുകൊണ്ടാണ് ആൾട്ട്മാൻ ഇക്കാര്യത്തിൽ മറുപടി നൽകിയത്. “ഓപ്പൺ എഐ വാങ്ങാൻ ഓഫർ മുന്നട്ടുവെച്ചതിന് നന്ദി, പക്ഷേ വേണ്ട, നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ ഞങ്ങൾ 9.74 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങും”- മസ്ക്കിന്‍റെ ഉടമസ്ഥതയിലുള്ള എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് ആൾട്ട്മാൻ ഇങ്ങനെ പറഞ്ഞത്. ഈ പോസ്റ്റിലൂടെ ആൾട്ട്മാൻ മസ്ക്കിന്‍റെ ഓഫർ നിരസിക്കുക മാത്രമല്ല എക്‌സിൻ്റെ പഴയ പേര് ‘ട്വിറ്റർ’ പരാമർശിച്ച് പരിഹസിക്കുകയും ചെയ്തു.
അതേസമയം ഓപ്പൺ എഐ വാങ്ങാനുള്ള താൽപര്യം തിങ്കളാഴ്ച അവരുടെ കമ്പനി ഡയറക്ടർ ബോർഡിനെ അറിയിച്ചതായി മസ്‌കിൻ്റെ അഭിഭാഷകൻ മാർക്ക് ടോബെറോഫ് പറയുന്നു. ദി വാൾ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം ഓപ്പൺ എഐയെ വിൽക്കാൻ താപര്യമില്ലെന്ന നിലപാടാണ് ആൾട്ട്മാനുള്ളത്. നേരത്തെ സ്റ്റാർഗേറ്റ് എന്ന സംയുക്ത സംരഭത്തിലൂടെ ഓപ്പൺ ഐയുടെ വികാസത്തിനായി നാൽപ്പത് ലക്ഷം കോടിയിലേറെ രൂപ സമാഹരിക്കാൻ പദ്ധതിയിട്ടിരുന്നു.
Also Read- ഇന്‍റർനെറ്റിൽ നോക്കി കോഡിങ് പഠിച്ചു, ഒടുവിൽ ആപ്പ് വിറ്റു നേടിയത് 416 കോടി!
മസ്‌കിൻ്റെ AI കമ്പനിയായ എക്സ് എഐ-യും വാളോർ ഇക്വിറ്റി പാർട്ണേഴ്സ്, ബാരോൺ ക്യാപിറ്റൽ, അട്രീഡീസ് മാനേജ്മെന്‍റ് വൈ ക്യാപിറ്റൽ, എട്ട് വിസി എന്നിവയുൾപ്പെടെ വിവിധ നിക്ഷേപകരുടെയുള്ള സംഘമാണ് ഓപ്പൺ എഐ വാങ്ങാനായി നീക്കം നടത്തുന്നത്. ഹോളിവുഡ് കമ്പനിയായ എൻഡവറിൻ്റെ സിഇഒ അരി ഇമ്മാനുവലും ഓപ്പൺ എഐ വാങ്ങാനുള്ള തന്‍റെ നീക്കത്തെ പിന്തുണയ്ക്കുണ്ടെന്ന് മസ്ക്ക് പറയുന്നു. ഏതെങ്കിലും സാഹചര്യത്തിൽ മസ്ക്കിന്‍റെ നീക്കം വിജയിച്ചാൽ OpenAI, xAI-യുമായി ലയിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. അതേസമയം 2026ഓടെ കൂടുതൽ വിപുലീകരിക്കാനാണ് ഓപ്പൺ എഐ ലക്ഷ്യമിടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here