കുറസാവോയുടെ കാവൽമാലാഖ, എല്ലാം ഈ കൈകളിൽ ഭദ്രം; 15 വിസ്മയ സേവുകളുമായി എലോയ് റൂം ചരിത്രത്തിലേക്ക്

eloy room

ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ വലിപ്പം കൊണ്ട് ഏറ്റവും ചെറിയ രാജ്യമായ കുറസാവോ കരുത്തരായ ഇക്വഡോറിനെ സമനിലയിൽ തളച്ച് തങ്ങളുടെ ആദ്യ ലോകകപ്പ് പോയിന്റ് സ്വന്തമാക്കി വിസ്മയം സൃഷ്ടിച്ചിരിക്കുകയാണ്. ഈ ചരിത്ര നേട്ടത്തിന് പിന്നിൽ 37-കാരനായ ഗോൾകീപ്പർ എലോയ് റൂമിന്റെ ഐതിഹാസികമായ പ്രകടനം തന്നെ ആയിരുന്നു. അമേരിക്കയിലെ കൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 15 അവിശ്വസനീയമായ സേവുകളാണ് എലോയ് റൂം നടത്തിയത്.

ഒരു ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ സേവുകൾ നടത്തുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡിനൊപ്പമാണ് എലോയ് റൂം എത്തിയത്. 2014-ൽ ബെൽജിയത്തിനെതിരെ അമേരിക്കയുടെ ടിം ഹോവാർഡ് നടത്തിയ 16 സേവുകളാണ് നിലവിലെ റെക്കോർഡ്. എന്നാൽ, ഹോവാർഡ് തന്റെ സേവുകളിൽ നാലെണ്ണം അധികസമയത്താണ് നടത്തിയത്. അതേസമയം, നിശ്ചിത 90 മിനിറ്റിനുള്ളിൽ തന്നെ 15 സേവുകൾ പൂർത്തിയാക്കിയ എലോയ് റൂം, റഗുലേഷൻ ടൈമിൽ ഏറ്റവും കൂടുതൽ സേവുകൾ നടത്തുന്ന താരം എന്ന റെക്കോർഡ് ആണ് സ്വന്തം പേരിലാക്കിയിരിക്കുന്നത്. കൂടാതെ, ഗോളൊന്നും വഴങ്ങാതെ ഒരു മത്സരത്തിൽ ഇത്രയധികം സേവുകൾ നടത്തുന്ന ആദ്യ ഗോൾകീപ്പർ കൂടിയാണ് അദ്ദേഹം.

ALSO READ: ഇക്വഡോറിനെ സമനിലയിൽ തളച്ച് കുറാസാവോ; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് സ്വന്തമാക്കി കരീബിയൻ ടീം

ജർമ്മനിക്കെതിരായ ആദ്യ മത്സരത്തിൽ 7-1 എന്ന കനത്ത തോൽവിയോട് കൂടി ആയിരുന്നു കുറസാവോ ഇക്വഡോറിനെ നേരിടാൻ ഇറങ്ങിയത്. ആ കനത്ത തോൽവിയിൽ നിന്നുമുള്ള കരുത്തുറ്റ തിരിച്ചുവരവ് തന്നെയാണ് ടീം നടത്തിയത്. ഇക്വഡോർ താരം എനർ വലൻസിയയുടെ അപകടകരമായ ഷോട്ട് തടഞ്ഞതുൾപ്പെടെ മത്സരത്തിലുടനീളം റൂം ഒരു വന്മതിലായി, കുറസാവോയ്ക്കായി നിലകൊണ്ടു.

നെതർലാൻഡിൽ ജനിച്ച റൂം, വിറ്റെസ് അക്കാദമിയിലൂടെയാണ് കരിയർ ആരംഭിച്ചത്. നിലവിൽ അമേരിക്കയിലെ മിയാമി എഫ്‌സിക്ക് വേണ്ടി കളിക്കുന്ന അദ്ദേഹം, കുറസാവോയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും പങ്കിടുന്നു. 72 മത്സരങ്ങളാണ് താരം കുറസാവോയ്ക്ക് വേണ്ടി കളിച്ചത്. ഈ സമനിലയോടെ കുറസാവോയുടെ അടുത്ത റൗണ്ട് പ്രതീക്ഷകൾ സജീവമാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ അവർ ഐവറി കോസ്റ്റിനെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News