
എമ്പുരാൻ ഇറങ്ങാൻ ഇനി രണ്ട് ദിവസം കൂടി മാത്രം ശേഷിക്കുമ്പോൾ തീർത്തും അക്ഷമയിലാണ് മലയാളി ആരാധകർ. അതിന് കൂടുതൽ തീ പകർന്നു കൊണ്ട് എമ്പുരാൻ ടീം ഇറക്കി വിട്ട ഒരു പോസ്റ്റർ ഇപ്പൊ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുകയാണ്. ഡ്രാഗൺ ടാറ്റൂ പതിഞ്ഞ ആ മനുഷ്യൻ ആരെന്ന് കണ്ടെത്താനുള്ള ആരാധകരുടെ ഓട്ടം ചെന്നെത്തി നിൽക്കുന്നതാകട്ടെ ഒരു ഹോളിവുഡ് നടനിലാണ്; സാക്ഷാൽ റിക്ക് യൂണിൽ.
ഇതിന്റെ ചുവടുപിടിച്ച് റിക്ക് യൂണിന്റെ ഇൻസ്റ്റഗ്രാം പേജിൽ ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ് മലയാളി ആരാധകർ. നടൻ കഴിഞ്ഞ ദിവസം ഇൻസ്റ്റയിൽ പങ്കുവെച്ച ചിത്രത്തിന് താഴെ നിറയെ മലയാളി ആരാധകരുടെ കമന്റുകളാണ്. എല്ലാവർക്കും ചോദിക്കാനുളളത് ഒറ്റ ചോദ്യമാണ് ‘എമ്പുരാനിൽ റിക്ക് യൂൺ വില്ലനാകുമോ?’ എന്നത്. ‘ഒരു പുറം തിരിഞ്ഞുള്ള പിക്ക് ഇടൂ… ഒരു കാര്യം നോക്കാനായിരുന്നു’, ‘കൊച്ചുകള്ളൻ നമ്മൾ കണ്ടുപിടിക്കില്ല എന്ന് കരുതിയോ’, ‘ആശാനേ നമ്മൾ കണ്ടുപിടിച്ചു’, ‘അണ്ണനാണോ എമ്പുരാന്റെ വില്ലൻ’ എന്നിങ്ങനെ പോകുന്നു മലയാളിത്തനിമയുള്ള ആ കമന്റുകൾ.
ALSO READ; ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന “നരിവേട്ട”; മെയ് 16ന് റിലീസ്
ഈ അടുത്ത് റിക്ക് യൂണിന്റെ കാസ്റ്റിങ് ഏജൻസി നടൻ ഇന്ത്യന്‍ സിനിമയുടെ ഭാഗമാകുന്നു എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടൻ എമ്പുരാനിലെ ചുവന്ന ഡ്രാഗണിന്റെ ചിത്രമുള്ള ഷര്‍ട്ട് ധരിച്ച വില്ലൻ ആയിരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചത്. കൊറിയൻ പശ്ചാത്തലമുള്ള ഹോളിവുഡ് നടനാണ് റിക്ക് യൂൺ. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, ഡൈ അനദർ ഡേ, നിൻജ അസാസിൻ, ഒളിമ്പസ് ഹാസ് ഫോളൻ തുടങ്ങിയ സിനിമകളിൽ റിക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
എന്തായാലും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കണമെങ്കിൽ ആരാധകർ 27 വരെ കാത്തിരിക്കണം. സിനിമ റിലീസാകാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ബോക്സോഫീസ് കളക്ഷൻ റെക്കോർഡുകൾ എമ്പുരാൻ തകർക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. മുൻകൂട്ടിയുള്ള ടിക്കറ്റ് വിൽപനയിലൂടെ മാത്രം 58 കോടി രൂപ കളക്ഷനാണ് സിനിമ നേടിയത്. ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിര്‍മിച്ച ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായിട്ടാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


