
മൂന്ന് അക്ഷരത്തിൽ ഒരു നാടിന്റെ മാറ്റത്തെ അടയാളപ്പെടുത്താം, ലക്ഷക്കണക്കിന് ആൾക്കാരുടെ ജീവിതത്തെ മാറ്റിമറിച്ച മൂന്ന് അക്ഷരം, ഇ എം എസ്… കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി. ലോകത്ത് ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ എത്തിയ ആദ്യ ഇടതുപക്ഷ ഗവണ്മെന്റിന്റെ അമരക്കാരൻ. ആശയങ്ങൾക്ക് ഇടർച്ചയില്ലാത്ത, ചിന്തകൾക്ക് തുടർച്ചയുള്ള ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ഒരേ ഒരു ഇ എം എസ്.
വർഷങ്ങൾക്ക് മുന്നേ ഒരു ജൂൺ 13 നാണ് ഇ എം എസിന്റെ ജനനം. കൃത്യമായി പറഞ്ഞാൽ
1909 ജൂൺ മാസം 13. മലപ്പുറം ജില്ലയിലെ ഏലംകുളം മനയിൽ ജനിച്ച ഇ എം എസ് അറുത്തെറിഞ്ഞത് സവർണ മേധാവിത്വതിന്റെ അടയാളമായി അന്ന് കൊണ്ടുനടന്നിരുന്ന പൂണൂൽ മാത്രമായിരുന്നില്ല, ചലിക്കാൻ കഴിയാതെ ബന്ധിച്ചിരുന്ന നിരവധി പേരുടെ ചങ്ങലകൾ കൂടിയാണ്.
ഇന്ത്യ കണ്ട ഏറ്റവും മികച്ച കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാൾ. മാർക്സിസവും ലെനിനിസവും ഇന്ത്യൻ ജീവിത സാഹചര്യത്തിൽ എങ്ങനെ എന്ന് പഠിച്ച മികച്ച കമ്മ്യൂണിസ്റ്റ് പോരാളി. ഏറ്റവും മികച്ച പ്രാസംഗികൻ, എഴുത്തുകാരൻ, സാമൂഹിക പരിഷ്കാർത്താവ് എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങുത്തത്രയും പേരിട്ടു വിളിക്കാവുന്ന ഇ എം എസ്.
ഇ എം എസിന്റെ രാഷ്ട്രീയ ഇടപെടലുകൾ ഇന്ത്യൻ സാഹചര്യത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല. സാർവദേശീയ തലത്തിൽ വ്യാപിച്ചു കിടക്കുന്നതായിരുന്നു. പാവപ്പെട്ടവന്റെയും പട്ടിണി കിടക്കുന്നവന്റെയും പ്രശ്നങ്ങൾ എല്ലായിടത്തും ഒരുപോലെ ആയിരുന്നല്ലോ.
ഇ എം എസ് മുഖ്യമന്ത്രിയായിരിക്കെ കേളത്തിൽ വിവിധ മേഖലകളിൽ ഉണ്ടാക്കിയ മാറ്റങ്ങൾ നിരവധി ആണ്. നാടിനെയും ഒരു ജനതയെ ഒന്നാകെയും മാറ്റാൻ അടിത്തറ പാകിയ പല പദ്ധതികളും മുന്നോട്ട് വച്ചതും യാഥാർഥ്യമാക്കിയതും ഇ എം എസ് ആയിരുന്നു. ഭൂപരിഷ്കരണം, വിദ്യാഭ്യാസ ബില്ല്, ജനകീയാസൂത്രണം എന്നിവ ഇതിൽ ചിലതാണ്.
ഇടതുപക്ഷ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഇ എം എസിനുണ്ടായിരുന്ന മാർഗങ്ങൾ നിരവധിയായിരുന്നു. സാഹിത്യവും ചരിത്ര രചനയുമെല്ലാം അതിന്റെ ഭാഗങ്ങളാണ്. സാഹിത്യം സമൂഹ നന്മയ്ക്ക് വേണ്ടിയായിരിക്കണം എന്നതായിരുന്നു എല്ലാകാലത്തും ഇ എം എസിന്റെ വാദം.
എഴുത്തും വായനയും അദ്ദേഹത്തിന്റെ ജീവവായുവായിരുന്നു. 1992 ൽ അനാരോഗ്യത്തെ തുടടന്ന് സി പി ഐ എം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിയതിൽ പിന്നെ എഴുത്തുകളും വായനകളും പ്രഭാഷണങ്ങളുമാണ്
അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്. പിന്നീട് 1998 മാർച്ച് 19 നാണ് കാലത്തെപ്പോലും മാറ്റിയ ഇ എം എസ് നമ്മെ വിട്ടുപിരിഞ്ഞത്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലും ഇ എം എസ് പ്രസക്തമാണ്. ആ ആശയങ്ങൾക്കും ചിന്തകൾക്കും മരണമില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

