സഖാവ് ഇഎംഎസിന്റെ വേറിട്ട ഓര്‍മകള്‍

ഇഎംഎസ് വിട പറഞ്ഞിട്ട് ഇന്നേക്ക് 25 വര്‍ഷം. കേരളത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ മനുഷ്യന്‍. മലയാളിക്ക് ഒരിക്കലും ഓര്‍മ്മക്കുറവ് വരാത്ത മൂന്നക്ഷരം. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനം ബ്രിട്ടീഷ് നിയമം ലംഘിച്ച് പോരാട്ടമുഷ്ടികള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തീരുമാനിച്ച കാലം. സ. ഇ.എം.എസ് സ്മരണ വേറിട്ട ഓര്‍മ്മകളെ കുറിച്ച് മുന്‍ മന്ത്രി എ കെ ബാലന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു.

കുറിപ്പ്

സ. ഇ.എം.എസ് സ്മരണ വേറിട്ട ഓര്‍മ്മകള്‍

ഇ.എം.എസ് – എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി എ.കെ.ജി സെന്ററിലെ പതാക ഉയര്‍ത്തലിന് ശേഷമാണ് നിയമസഭാ മന്ദിരത്തിന് മുന്നിലുള്ള ഇ.എം.എസ് പാര്‍ക്കിലെ പുഷ്പാര്‍ച്ചനയിലും അനുസ്മരണത്തിലും പങ്കെടുത്തത്.

ഇ.എം.എസ് വിട പറഞ്ഞിട്ട് 25 വര്‍ഷം പിന്നിട്ടു. ആ ദീപ്തമായ സ്മരണ ഒരു അനുഭവം തന്നെയാണ്. സ.ഇ.എം.എസിന്റെ വേദിയില്‍ ആദ്യമായി ഞാന്‍ അധ്യക്ഷത വഹിക്കുന്നത് 1973 ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജ് ചെയര്‍മാനായ ഘട്ടത്തിലാണ്. കോളേജ് യൂണിയന്‍ ഉദ്ഘാടനമായിരുന്നു ചടങ്ങ്. അന്ന് ഇ.എം.എസിനെ കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന് കിട്ടണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ സഖാക്കള്‍ പാട്യം ഗോപാലനെയും പിണറായി വിജയനെയും കണ്ട് അഭ്യര്‍ത്ഥിച്ചതിന്റെ ഭാഗമായാണ് അദ്ദേഹത്തെ കിട്ടിയത്. എന്നാല്‍ ഇ.എം.എസിനെ കോളേജ് അങ്കണത്തില്‍ കയറ്റില്ല എന്ന് ആക്രോശിച്ചുകൊണ്ട് കെ.എസ്.യു – എ.ബി.വി.പി സഖ്യം ശക്തമായ അക്രണണത്തിന് നേതൃത്വം കൊടുത്ത ഘട്ടമായിരുന്നു. കോണ്‍ഗ്രസ്സിന്റെ അിറയപ്പെടുന്ന നേതാക്കള്‍ അതിന്റെ മുന്നില്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ച് മമ്പറം ദിവാകരനെപോലുള്ളവര്‍. കെ.പി.സി.സിയുടെ ഇന്നത്തെ പ്രസിഡന്റ് കെ. സുധാകരന്‍ അന്ന് കെ.എസ്.യുവിന്റെ ശത്രുപക്ഷത്തായിരുന്നു. സംഘടനാ കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായിരുന്നു.

സ. പിണാറായിയുടെ നേതൃത്വത്തിലാണ് സ. ഇ.എം.എസ് കോളേജില്‍ എത്തുന്നത്. വലിയൊരു സംഘര്‍ഷം പ്രതീക്ഷിച്ചിരുന്നതിനാല്‍ വലിയൊരു വിഭാഗം സഖാക്കളും കൂടെയുണ്ടായിരുന്നു. പക്ഷെ ഒന്നും ഉണ്ടായില്ല. ഇ.എം.എസിന്റെ 35 മിനുട്ട് നീണ്ടുനിന്ന കാച്ചിക്കുറിയ പ്രസംഗം ശ്രദ്ധേയമായി.

പിന്നീട് ഒട്ടേറെ തവണ ഇ.എം.എസിന്റെ വേദിയില്‍ സാന്നിദ്ധ്യം ഉറപ്പുവരുത്താന്‍ കഴിഞ്ഞു. പ്രത്യേകിച്ച് 1980 ല്‍ ഞാന്‍ ഒറ്റപ്പാലത്തുനിന്ന് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന ഘട്ടത്തില്‍. പിന്നീട് എം.പിയായി ഡല്‍ഹിയില്‍ എത്തിയ ഘട്ടത്തില്‍ ഇ.എം.എസിനെ കാണാനും സംസാരിക്കാനും സ. ഇമ്പിച്ചി ബാവയോടൊപ്പം ഇ.എം.എസിന്റെ താമസ സ്ഥലത്ത് പോയിട്ടുണ്ട്.

ഒരു അനുഭവം ഇതായിരുന്നു, അന്ന് എം.പിമാരുടെ ശമ്പളത്തിലെ വലിയൊരു ഭാഗം ലെവിയായി പാര്‍ടിക്ക് കൊടുക്കണം ഇത് ഭാരിച്ചതായിരുന്നു. ഇത് കുറയ്ക്കണം എന്നുള്ളതായിരുന്നു ഇ.എം.എസിനോടുള്ള അഭ്യര്‍ത്ഥന. അപ്പോള്‍ തന്നെ ഒരു പിശുക്കുള്ള ചിരി ഇ.എം.എസില്‍ നിന്ന് ഉണ്ടായി. ഇമ്പിച്ചിബാവ ഇ.എം.എസിനോട് പറഞ്ഞു “അങ്ങയ്ക്ക് ഇറച്ചിയും മീനും ഒന്നും വേണ്ടല്ലോ, കുറച്ച് പച്ചക്കറിയല്ലേ ആകെ വേണ്ടൂ. ഞങ്ങലെപോലുള്ളവര്‍ക്ക് ഇറച്ചിയും മീനുമൊക്കെ വാങ്ങുന്നതുകൊണ്ട് വലിയ ചിലവാണ്.” ഇത് കേട്ടതും ഇ.എം.എസ് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു അതൊക്കെ ഞാനും കഴിക്കാറുണ്ടന്ന്. ഇങ്ങനെ ഇമ്പിച്ചിബാവയ്ക്ക് മാത്രമെ ഇ.എം.എസിനോട് പറയാന്‍ കഴിയൂ.
പിന്നീട് 1991 ല്‍ ഞാന്‍ ജില്ലാ കൗണ്‍സില്‍ പ്രസിഡന്റായിരിക്കുന്ന ഘട്ടത്തിലാണ് പാലക്കാട് വിക്ടോറിയ കോളേജില്‍ പുലര്‍ച്ചെ 6 മണിക്ക് ഇ.എം.എസ് എത്തുന്നത്. അദ്ദേഹത്തിന്റെ സഹചാരിയും സാഹായിയുമായ സ. വേണു എന്നോടും കൂടെ വരാന്‍ പറഞ്ഞു. വിക്ടോറിയ കോളേജില്‍ വച്ച് അദ്ദേഹത്തിന്റെ കൂടെ ഒരു ഫോട്ടോ എടുക്കാന്‍ സാധിച്ചത് ഒരു അനര്‍ഗനിമിഷമായി ഇന്നും ഓര്‍ക്കുന്നു. ഈ ചിത്രം മനോരമ ചിത്രപ്രദര്‍ശനത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു ഫോട്ടയായിരുന്നു.

ഈ അടുത്തകാലത്ത് എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഏലംകുളം മന സന്ദര്‍ശിച്ചു. ഇ.എം.എസിന്റെ സഹോദരന്റെ മകന്‍ ബ്രഹ്‌മദത്തന്‍ നമ്പൂതിരി ഞങ്ങളെ സ്വീകരിച്ചു. മനകളുടെ പ്രത്യകതകളുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങള്‍ അദ്ദേഹം എന്നോട് വിശദീകരിച്ചു. അതില്‍ ഒന്ന് നമ്പൂതിരി സ്ത്രീകള്‍ക്ക് മനകളില്‍ പുറത്തുള്ളവരെ കാണാന്‍ കിളിവാതില്‍ പോലുള്ള ഒരു ചെറിയ ജനവാതില്‍ ഉണ്ടായിരുന്നു. അത് വഴിയാണ് നമ്പൂതിരി സ്ത്രികള്‍ പുറത്തുള്ളവരെ കണ്ടുകൊണ്ടിരുന്നത്. 1920 ലെ മഹാ പ്രളയകാലത്ത് എല്ലാ സ്ഥലത്തും വെള്ളം കയറിയ ഘട്ടത്തിലും ആ മനയിലേക്ക് വെള്ളം കയറിയിരുന്നില്ല. തച്ചുശാസ്ത്രത്തിന്റെ മഹിമ അപ്പോഴാണ് ബോധ്യപ്പെട്ടത്.
18 വര്‍ഷം വേദം പഠിക്കാന്‍ ചെറുപ്പത്തില്‍ ഇ.എം.എസ് നിര്‍ബന്ധിക്കപ്പെട്ടു. അര്‍ത്ഥം മനസ്സിലാക്കാതെയുള്ള വേദപഠനം ജീവിതത്തിലെ വലിയൊരു നഷ്ടമായിരുന്നു എന്ന് ഇ.എം.എസ് തന്നെ പിന്നീട് സൂചിപ്പിച്ചിരുന്നു. ഒളപ്പമണ്ണയുടെ പിതാവിന്റെ സഹോദര പുത്രന്‍ ഒ.എം.സി നമ്പൂതിരിയുടെ ഋഗ്വേദത്തിന്റെ പരിഭാഷ മലയാളത്തിലേക്ക് ഭാഷാന്തരം വരുത്തി അത് കൈമാറുന്നതിന് സ. ഇ.എം.എസിനെയാണ് സംസ്‌കൃത പണ്ഡിതനായ ഒ.എം.സി തെരഞ്ഞെടുത്തത് ഇ.എം.എസിന് വേദത്തിലുള്ള അഗാതപണ്ഡിത്വത്തിന്റെ തെളിവാണ്. പ്രകാശന ചടങ്ങ് ഡല്‍ഹിയില്‍വച്ച് ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവാണ്.

ക്ലാസിക് കലകളിലും ഇ.എം.എസ് അതീവ തല്‍പരനായിരുന്നു. ഈ രംഗത്തെ ഇ.എം.എസിന്റെ സംഭാവനകളെ സംബന്ധിച്ച് യഥാര്‍ത്ഥത്തില്‍ വലിയൊരു പഠനം നടന്നിട്ടുണ്ടോ എന്ന് അിറയില്ല. 1987 ല്‍ പാലക്കാട് നടന്ന കര്‍ഷക തൊഴിലാളി യൂണിയന്റെ മൂന്നാം അഖിലേന്ത്യാ സമ്മേളനത്തില്‍ അവതരിപ്പിച്ച മാനവീയം കഥകളിക്ക് പ്രചോദനം ഇ.എം.എസ് ആയിരുന്നു. ഈ കഥകളി കണാന്‍ ഇ.എം.എസ് പാലക്കാട് കോട്ടമൈതാനത്ത് ആദ്യാവസാനം ഉണ്ടായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ 1958 ലെ അഞ്ചാം പാര്‍ടി കോണ്‍ഗ്രസ്സ് അമൃത്സറില്‍ നടക്കുമ്പോള്‍ അവിടെ അവതരിപ്പിച്ച “കേരളീയം” പരിപാടിയില്‍ നാട്യകലയിലെ അത്ഭുതം ഗുരുഗോപിനാഥിന് അവസരം നല്‍കിയത് ഇ.എം.എസ് ആയിരുന്നു.

ഇ.എം.എസിനെ ഓര്‍ക്കുമ്പോള്‍ തെളിഞ്ഞുവരുന്ന ചിത്രം നല്‍കുന്ന വിജ്ഞാന പ്രകാശം മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല. ഒരു നാടിന്റെ മോചനത്തിനുള്ള പ്രത്യയ ശാസ്ത്രം രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ഏലംകുളം മന നാടുവാഴിത്വത്തിന്റെ പ്രതീകമായിരുന്നില്ല. മറിച്ച് അധ്വാനിക്കുന്നവന്റെ മോചനത്തിന്റെ പ്രതീകമാണ്.

1998 ല്‍ 16ാം പാര്‍ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി പാലക്കാട് വച്ച് നടന്ന പാര്‍ടി സംസ്ഥാന സമ്മേളനത്തില്‍ ആരോഗ്യപരമായി ഇ.എം.എസ് അവശനായിരുന്നു. ഈ ഘട്ടത്തില്‍ പാലക്കാട് റസ്റ്റ് ഹൗസില്‍ വച്ച് ഭാര്യ ജമീലയും മക്കളായ നവീന്‍ നിഖില്‍ എന്നിവരും ചേര്‍ന്ന് കുടുംബസമേതം ഒരു ഫോട്ടോ എടുത്തിരുന്നു. അത് ഇന്നും കുടുംബം ആരാധാനയോടെ കാണുന്നു. കുട്ടികള്‍ അന്ന് നന്നെ ചെറുപ്പമായിരുന്നു. ഇ.എം.എസ് നിരവധി തവണ ഭാര്യാ പിതവായ സ. പി.കെ. കുഞ്ഞച്ചന്റെ ചെങ്ങന്നൂരിലുള്ള വീട്ടില്‍ വരികയും ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്.

മരണപ്പെട്ട് ഇ.എം.എസിന്റെ ഭൗതിക ശരീരം അഗ്‌നിഗോളം ഏറ്റുവാങ്ങുമ്പോള്‍ കണ്ണുനിറഞ്ഞ ആയിരങ്ങളുടെ ഇടയില്‍ സ. പിണറായി വിജയന്റെ വിതുമ്പുന്ന മുഖം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ഇത്തരത്തിലുള്ള ഒട്ടനവധി ധന്യമായ ഓര്‍മ്മകളെല്ലാം പൊതുപ്രവര്‍ത്തനത്തിലും കുടുംബജീവിതത്തിലും എന്നും ഓര്‍ക്കുന്ന സമ്പന്നമായ ഓര്‍മ്മകളാണ്. ഈ ഓര്‍മ്മകള്‍ തലമുറകള്‍ കൈമാറും. സ. ഇ.എം.എസിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരുപിടി വാടാത്ത രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News