
സിപിഐഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട പി.കെ ശശിക്കെതിരെയും അദ്ദേഹത്തിന് പിന്തുണ നൽകുന്ന യുഡിഎഫിനെതിരെയും രൂക്ഷവിമർശനവുമായി പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. രാഷ്ട്രീയത്തിൽ വന്ന കാലം മുതലുള്ള തന്റെ സമ്പാദ്യം അന്വേഷിച്ചോളൂ എന്നും സുരേഷ് ബാബു പറഞ്ഞു. ഒരു പൈസയെങ്കിലും അധികമായി സമ്പാദിച്ചെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു പരിശോധനയ്ക്ക് പി.കെ ശശി തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
മാർക്സിയൻ ദർശനം എഴുതിയത് താനാണെന്ന് വരെ പറയാൻ മടിയില്ലാത്ത ആളാണ് ശശിയെന്നും, അയാൾ പറയുന്നതിനൊന്നും മറുപടി നൽകേണ്ട കാര്യമില്ലെന്നും സുരേഷ് ബാബു വ്യക്തമാക്കി. സിപിഐഎമ്മിനൊപ്പം നിൽക്കുമ്പോൾ ശശി മോശക്കാരനും യുഡിഎഫിനൊപ്പം ചേരുമ്പോൾ നല്ലവനുമാകുന്നത് മാധ്യമങ്ങളുടെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.
തെറ്റ് തിരുത്തുമെന്ന പ്രതീക്ഷയിലാണ് പാർട്ടി ഇത്രയും കാലം ശശിയെ കൂടെ നിർത്തിയത്. എന്നാൽ അയാൾ സ്വയം നശിക്കാനാണ് തീരുമാനിച്ചത്. ശശിയുടെ തീവ്രത ഇനി വിഡി സതീശൻ അളക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പാലത്ത് സിപിഐഎമ്മിനും ഇടതുപക്ഷത്തിനും കൃത്യമായ സ്ഥാനാർത്ഥിയുണ്ടെന്നും, പുറത്തുപോയവരുടെ പ്രസ്താവനകൾ പാർട്ടിയെ ബാധിക്കില്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

