
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ബേസിൽ ജോസഫ്. സംവിധായകനായും നടനായും അദ്ദേഹം നമ്മളെ അമ്പരപ്പിച്ചിട്ടുണ്ട്. ചിരി പടർത്തുന്ന സംഭാഷണങ്ങളിലൂടെ ആണ് അദ്ദേഹം പ്രേക്ഷരെ പിടിച്ചിരുത്താറുള്ളത്. കഴിഞ്ഞ ദിവസം ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ സംഘടിപ്പിച്ച അവാർഡ് ചടങ്ങിൽ അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചിരുന്നു. പൊന്മാനിലെ മികച്ച പ്രകടനത്തിനാണ് ബേസിൽ പുരസ്കാരത്തിന് അർഹനായത്. ഇന്ത്യൻ സിനിമയിലെ പല പ്രമുഖരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ അവാർഡ് സ്വീകരിച്ച ശേഷം ബേസിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ത്രയും വലിയൊരു വേദിയിലേക്ക് എത്തിയപ്പോൾ തനിക്ക് വലിയ രീതിയിലുള്ള ടെൻഷൻ ഉണ്ടായിരുന്നുവെന്നും, സംഘാടകർ നൽകിയ കോസ്റ്റ്യൂം ആ ടെൻഷൻ ഇരട്ടിയാക്കിയെന്നും താരം വെളിപ്പെടുത്തി. സാധാരണയായി ഇത്തരം വസ്ത്രങ്ങൾ താൻ ധരിക്കാറില്ലെന്നും, ഇത് കണ്ട് ആളുകൾ എന്ത് പറയുമെന്ന ആശങ്ക തനിക്കുണ്ടായിരുന്നുവെന്നും ബേസിൽ പറഞ്ഞു. വേദിയിലേക്ക് പ്രവേശിച്ചപ്പോൾ ഒരു നടി ‘ബേസിൽ ഐ ലവ് യു’ എന്ന് പറഞ്ഞപ്പോൾ, പരിഭ്രമം കാരണം ‘താങ്ക് യു’ എന്ന് പറയുന്നതിന് പകരം താൻ ‘ഐ ലവ് യു ടൂ’ എന്ന് മറുപടി നൽകിയതായും അദ്ദേഹം തമാശരൂപേണ ഓർത്തെടുത്തു.
സംവിധാനത്തിലൂടെ കരിയർ തുടങ്ങിയ തനിക്ക് ഇപ്പോൾ അഭിനയത്തിന്റെ പേരിൽ ലഭിക്കുന്ന പ്രശംസകൾക്ക് സംവിധായകൻ ജ്യോതിഷ് ശങ്കറിനോടാണ് കടപ്പാടുള്ളതെന്ന് ബേസിൽ പറഞ്ഞു. പ്രശസ്ത സംവിധായകൻ രാജ്‌കുമാർ ഹിറാനി തന്റെ സിനിമകൾക്ക് വലിയ പ്രചോദനമാണെന്നും, അദ്ദേഹത്തിന്റെ ഓഫീസിനെക്കുറിച്ചുള്ള ഒരു പഴയ അഭിമുഖം തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
സിനിമയിലെ ഓരോ സീനിലും ഉണ്ടായിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഹിറാനി പറഞ്ഞ ‘എൽസിഡി’ (LCD) എന്ന ഫോർമുലയെക്കുറിച്ചും ബേസിൽ തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. നിലവിൽ സോഷ്യൽ മീഡിയയിൽ ബേസിലിന്റെ ഈ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പുകൾ വലിയ രീതിയിൽ തരംഗമാവുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

