
വിജയ് അഭിനയിച്ച അവസാന ചിത്രം ജനനായകൻ സെൻസർ നടപടികളിൽ കുടുങ്ങി റിലീസ് അനിശ്ചിതത്വത്തിലായിരിക്കെ, നടൻ കമൽഹാസൻ ശക്തമായ പിന്തുണയുമായി രംഗത്തെത്തി. ഒരു കലാകാരന്റെ സൃഷ്ടിസ്വാതന്ത്ര്യത്തിൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് ഹാനികരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമയെ സിനിമയായിത്തന്നെ സമീപിക്കണമെന്നും, രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കുന്നതിനായി സെൻസർ ബോർഡിനെ ഉപകരണമാക്കരുതെന്നും കമൽഹാസൻ അഭിപ്രായപ്പെട്ടു.
സിനിമയ്‌ക്ക് സെൻസർ ബോർഡ് നിർദേശിച്ച തിരുത്തലുകളും റിലീസ് വൈകിപ്പിക്കുന്ന നിലപാടുകളും സംബന്ധിച്ച് കമൽഹാസൻ കടുത്ത ആശങ്ക അറിയിച്ചു. മുൻകാലങ്ങളിൽ തന്റെ നിരവധി ചിത്രങ്ങൾക്കും ഇത്തരത്തിലുള്ള വെല്ലുവിളികൾ നേരിടേണ്ടിവന്ന അനുഭവങ്ങൾ അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു ചിത്രം പ്രദർശനത്തിനെത്തുന്ന ഘട്ടത്തിൽ നിയമപരമായോ ഭരണപരമായോ തടസ്സങ്ങൾ സൃഷ്ടിക്കുന്നത് സിനിമാ വ്യവസായത്തിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിജയ് രാഷ്ട്രീയ രംഗത്തേക്ക് കടക്കുന്ന ഈ സമയത്ത് ഇത്തരം തടസങ്ങൾ ഉണ്ടാകുന്നത് അതിശയകരമല്ല എന്നാൽ അവയെ നിയമപരമായി ശക്തമായി നേരിടാനുള്ള ധൈര്യവും ശേഷിയും വിജയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രം റിലീസ് ആകാനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ആരാധകരുടെയും സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവരുടെയും വികാരങ്ങൾ മാനിച്ച് പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കണമെന്ന് അധികൃതരോട് അദ്ദേഹം ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

