
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നടിമാരിൽ ഒരാളാണ് രേവതി. മലയാളം, തമിഴ്, ഹിന്ദി, തെലുങ്, കന്നഡ തുടങ്ങി തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം രേവതി തന്റേതായ സാനിധ്യം അറിയിച്ചിട്ടുണ്ട്. നടി എന്ന നിലയിൽ മാത്രമല്ല തിരക്കഥാകൃത്ത്, സംവിധായിക, ആക്ടിവിസ്റ്റ്, ഫെമിനിസ്റ്റ് എന്നീ നിലകളിലെല്ലാം രേവതി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
‘കാറ്റത്തെ കിളിക്കൂട്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച രേവതി, ‘കിലുക്കം’, ‘ദേവാസുരം’, ‘മായാമയൂരം’, ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി മനസുകൾ കീഴടക്കി. ‘കിലുക്ക’ത്തിലെ നന്ദിനി എന്ന കഥാപാത്രം രേവതിയുടെ അഭിനയജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു. മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ഏഴ് ഫിലിം ഫെയർ അവാർഡുകളും, കേരള സംസ്ഥാന അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്.
സിനിമ ജീവിതത്തിൽ ഒരു തിരിഞ്ഞ് നോട്ടം നടിക്ക് വേണ്ടിവന്നിട്ടില്ല. വ്യക്തി ജീവിതത്തിൽ നടി എടുത്ത വേറിട്ട തീരുമാനങ്ങൾ തന്റെ ജീവിതം മാറ്റി മറിക്കുന്നവയാണ്. സംവിധായകൻ സുരേഷ് മേനോനുമായുള്ള വിവാഹമോചനം നടി തന്നെയായിരുന്നു ലോകത്തോട് വിളിച്ച് പറഞ്ഞത്. ശേഷം ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുകയായിരുന്നു. 2018-ൽ ഐവിഎഫിലൂടെ തനിക്ക് മഹി എന്ന മകൾ ജനിച്ച വിവരം താരം ലോകത്തെ അറിയിച്ചു.
ജീവിതത്തിലെ ഏറ്റ കുറച്ചിലുകൾ ഒന്നും തന്നെ രേവതിയെ ബാധിച്ചിട്ടില്ല. തന്റെ ജീവിതദർശനങ്ങൾക്കനുസരിച്ച് ധീരമായ തീരുമാനങ്ങൾ എടുത്തുകൊണ്ട് സിനിമയിലും ജീവിതത്തിലും രേവതി ഇന്നും വിസ്മയമായി തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


