
2007ലാണ് കമലിന്റെ സംവിധാനത്തിൽ ‘ഗോൾ’ എന്ന ചിത്രം പുറത്തിറങ്ങിയത്. ആ സിനിമയിലൂടെ മലയാളികൾക്ക് ഒരു പുതിയ നായികയെക്കൂടി ലഭിച്ചു- അക്ഷ പാർദസാനി. അന്ന് പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു അക്ഷ. മലയാള സിനിമാസ്വാദകർ നെഞ്ചേറ്റിയ അവൾ 18 വർഷങ്ങൾക്കിപ്പുറവും അതേ ലുക്കിൽ അത്ഭുതപ്പെടുത്തുകയാണ്. ചിത്രത്തിലെ ‘എന്താണെന്നെന്നോടൊന്നും’ ഗാനം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് അക്ഷ ആരാധകരെ ഞെട്ടിച്ചത്.
ക്യാംപസ് പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിലെ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിദ്യാസാഗറായിരുന്നു സംഗീത സംവിധാനം. ‘എന്താണെന്നെന്നോടൊന്നും’ എന്ന ഗാനം അന്ന് വലിയ ഹിറ്റായിരുന്നു, ഇന്നും ട്രെന്റിങ്ങാണെന്ന് തന്നെ പറയാം. ഇപ്പോഴിതാ, ‘ഗോൾ’ സിനിമക്കും ഈ പാട്ടിനും തനിക്കും മലയാളികൾ നൽകുന്ന സ്നേഹത്തെക്കുറിച്ചാണ് അക്ഷ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചത്.
18 വർഷങ്ങൾക്ക് ശേഷവും ഈ ഗാനം ട്രെൻഡിങ്ങായി നിലനിർത്തുന്ന മലയാളികളോടും കേരളത്തിലെ പ്രേക്ഷകരോടും നന്ദി പറയുകയാണ് വൈകാരികമായ കുറിപ്പിൽ താരം. ‘ഗോൾ ഇന്ന് ചെയ്തിരുന്നെങ്കിൽ… ഈ സിനിമയ്ക്കും ഈ പാട്ടിനും ലഭിച്ച, ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹത്തിന് എന്നും എപ്പോഴും നന്ദിയുണ്ട്.
ഇത്രയും വർഷങ്ങൾക്ക് ശേഷവും ഈ ഗാനം ഇപ്പോഴും ട്രെൻഡിങ്ങാണ്. കലയെ എങ്ങനെ സജീവമായി നിലനിർത്താമെന്നും അതിനെ നിങ്ങളുടെ ഹൃദയത്തോട് കഴിയുന്നത്ര അടുപ്പിച്ചു നിർത്താമെന്നും നിങ്ങൾക്കെല്ലാവർക്കും അറിയാം. ഈ സിനിമ എനിക്ക് വേണ്ടി ചെയ്ത എല്ലാ കാര്യങ്ങൾക്കും, അതുവഴി എനിക്ക് ലഭിച്ച എല്ലാ അവസരങ്ങൾക്കും ഞാൻ എല്ലാക്കാലത്തും കടപ്പെട്ടിരിക്കും. കേരളത്തിലെ എന്റെ പ്രിയപ്പെട്ടവരേ, ഇത് നിങ്ങൾക്കുവേണ്ടിയാണ്,’’അക്ഷ കുറിച്ചു. താരത്തിന്റെ വീഡിയോയും വൈറലാണ്.
Also Read: അഭിനയത്തിൽ മാത്രമല്ല പഠനത്തിലും ‘കിങ് ഖാൻ’ തന്നെ; ചർച്ചയായി ഷാരൂഖ് ഖാന്റെ മാർക്ക് ലിസ്റ്റ്
മലയാളത്തിൽ ഗോളിന് ശേഷം ‘ബാംഗിൾസ്’ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തും അക്ഷ അതിഥിയായി എത്തിയിരുന്നു. പിന്നീട് യുവത, റൈഡ്, കണ്ടിരീഗ തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്കിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലും സജീവമായി. ഇതുവരെ ഇരുപതിൽപരം സിനിമകളിലും നിരവധി വെബ്‌സീരീസുകളിലും അക്ഷ പാർദസാനി അഭിനയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

