
ഇന്ത്യൻ സിനിമയുടെ മഹാനടനും, ബഹുമുഖ പ്രതിഭയുമായ കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രിയ സുഹൃത്ത് എന്നും ഇന്ത്യൻ സിനിമയിലെ അതികായന്മാരിൽ ഒരാൾ എന്നും കമൽ ഹാസനെ വിശേഷിപ്പിച്ചുകൊണ്ടുള്ളതാണ് ആശംസാ പോസ്റ്റ് അദ്ദേഹം പങ്കുവെച്ചു.
കമൽ ഹാസൻ മതനിരപേക്ഷ ആശയങ്ങളുടെ ശക്തനായ വക്താവാണ് എന്ന് ആശംസാ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. പൊതുസമൂഹത്തിലുയരുന്ന ചർച്ചകളിൽ പുരോഗമനപരവും ജനാധിപത്യപരവുമായ മൂല്യങ്ങളിൽ ഊന്നിക്കൊണ്ട് അദ്ദേഹം നിരന്തരം ശബ്ദമുയർത്തുന്ന വ്യക്തിത്വമാണ്. ഈ ഇടപെടലുകൾ നമുക്കെല്ലാം വലിയ ഊർജ്ജവും ആവേശവും നൽകുന്നുവെന്നും സന്ദേശത്തിൽ പറയുന്നു
ALSO READ: മാസ്റ്റർ ഓഫ് ആർട്സ്; ഉലകനായകന് ഇന്ന് 71-ാം പിറന്നാൾ
പോസ്റ്റിന്റെ പൂർണരൂപം
പ്രിയ സുഹൃത്തും ഇന്ത്യൻ സിനിമയിലെ അതികായന്മാരിൽ ഒരാളുമായ കമൽ ഹാസന് ജന്മദിനാശംസകൾ. ബഹുമുഖനായ സർഗ്ഗ പ്രതിഭ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യമായ കലാജീവിതമാണ് അദ്ദേഹത്തിന്റേത്. അഭിനയത്തോടൊപ്പം തന്നെ സിനിമാ നിർമ്മാണ രംഗത്ത് കമൽ ഹാസൻ തിളങ്ങാത്ത മേഖലകൾ ഇല്ലെന്ന് തന്നെ പറയാം. മതനിരപേക്ഷ ആശയങ്ങളുടെ ശക്തനായ വക്താവാണ് അദ്ദേഹം. പൊതുസമൂഹത്തിലുയരുന്ന ചർച്ചകളിൽ പുരോഗമന, ജനാധിപത്യ മൂല്യങ്ങളിൽ ഊന്നിക്കൊണ്ട് നിരന്തരം ശബ്ദമുയർത്തുന്ന കമൽ ഹാസൻ നമുക്കെല്ലാം വലിയ ഊർജ്ജവും ആവേശവും പകരുന്നു. കേരളത്തോടും മലയാളികളോടും അദ്ദേഹത്തിനുള്ള മമതയും പ്രസിദ്ധമാണ്. ഒരു ജനതയെന്ന നിലയിൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയെ അദ്ദേഹം ഏറെ സ്നേഹത്തോടെ നോക്കിക്കാണുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. അദ്ദേഹത്തിന്റെ സർഗ്ഗ ജീവിതത്തിന് ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ നേരുന്നു. വൈവിധ്യമാർന്ന നൈസർഗ്ഗിക ഇടപെടലുകളുമായി നമ്മെയെല്ലാം ത്രസിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

