
ചെന്നൈ: തമിഴ് നടൻ ധനുഷിന്റെ മാനേജർ ശ്രേയസിനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി മന്യഅരവിന്ദ്. ഒരു അഭിമുഖത്തിലാണ് മന്യ ആരോപണം ഉന്നയിച്ചത്. സിനിമയിൽ വേഷം കിട്ടാൻ അഡ്ജസ്റ്റ്മെന്‍റിന് തയ്യാറാകണമെന്ന് ശ്രേയസ് വളരെ കാലമായി തന്നോട് ആവശ്യപ്പെടുന്നുവെന്ന് മന്യ പറയുന്നു. അഡ്ജസ്റ്റ്മെന്‍റിന് തയ്യാറായാൽ, ധനുഷിന്‍റെ പുതിയ സിനിമയിൽ വേഷം തരാമെന്നും ഇയാൾ പറഞ്ഞെന്ന് നടി ആരോപിക്കുന്നു. ഇത്തരം ഓഫറുകളിൽ തനിക്ക് താൽപര്യമില്ലെന്ന് അറിയാമായിരുന്നിട്ടും ശ്രേയസ് നിർബന്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ പറയുന്നു.
ശ്രേയസ് തനിക്ക് തിരക്കഥകൾ അയച്ചുതന്നിട്ടുണ്ടെന്ന് മന്യ പറയുന്നു. എന്നാൽ അത് താൻ വായിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. “ഞാൻ അത് വായിച്ചിട്ടില്ല. ഞാൻ അവർക്കൊപ്പം സിനിമ ചെയ്യുന്നില്ല. ഞങ്ങൾ ആർട്ടിസ്റ്റുകളാണ്. അഭിനയിക്കുന്നതിന് പകരം ഞങ്ങളിൽനിന്ന് മറ്റൊന്നും പ്രതീക്ഷിക്കരുത്. ഞങ്ങൾ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയാണെങ്കിൽ, ഞങ്ങളുടെ പേര് മറ്റെന്തെങ്കിലും ആയിരിക്കും. ആളുകൾ ഈ രീതി തിരിച്ചറിഞ്ഞ് അത് പരിഹരിക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു,” മന്യ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മന്യയുടെ ആരോപണത്തോട് ധനുഷോ ശ്രേയസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പുതിയ ചിത്രമായ തേരേ ഇഷ്ക് മേയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ധനുഷ്. കൃതി സനോൺ ആണ് ഈ ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്. ഹിമാൻഷു ശർമ്മയും നീരജ് യാദവും എഴുതിയ തിരക്കഥയിൽ ആനന്ദ് എൽ റായ് സംവിധാനം ചെയ്ത് തേരേ ഇഷ്ക് മേയ്ക്ക് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് എആർ റഹ്മാനാണ്. രാഞ്ജനയ്ക്ക് ശേഷം ധനുഷും ആനന്ദ് എൽ റായും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
Also Read- ‘സ്ത്രീകളോടുള്ള നിങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റം വരും’: ‘ബാഡ് ഗേൾ’ സിനിമയെക്കുറിച്ച് അനുരാഗ് കശ്യപ്
തേരേ ഇഷ്ക് മേം 2025 നവംബർ 28 ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

