
തിയേറ്റർ റിലീസുകൾ പോലെത്തന്നെ ഒടിടി റിലീസുകള്‍ക്കായും ആകാംക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. ഈ വാരാന്ത്യത്തിലും ഒരുപിടി മികച്ച ചിത്രങ്ങളാണ് നിങ്ങളുടെ സ്വീകരണമുറികളിലേക്ക് എത്തുന്നത്. തിയേറ്ററുകളിൽ ഭയത്തിന്റെ അലയൊലികൾ തീർത്ത പ്രണവ് മോഹൻലാൽ ചിത്രം ‘ഡീയസ് ഈറെ’യും രശ്‌മിക മന്ദാനയുടെ ‘ഗേള്‍ഫ്രണ്ടും’ ഇന്ന് നിങ്ങളുടെ മുന്നിലേക്ക് എത്തിയിട്ടുണ്ട്.
ഡീയസ് ഈറെ
‘ഭൂതകാലം, ഭ്രമയുഗം’ എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ ഒരുക്കിയ സിനിമയാണ് ‘ഡീയസ് ഈറെ’. പ്രണവ് മോഹൻലാലിന്റെ വേറിട്ട, തകർപ്പൻ പ്രകടനം പ്രേക്ഷകർക്ക് സമ്മാനിച്ച ഈ ചിത്രം ബോക്സോഫീസിലും മികച്ച നേട്ടം കൊയ്തു. തിയേറ്ററുകളിൽ കാണാതെ പോയവർക്കും കണ്ടിട്ടും മതിയാകാത്തവർക്കും ‘ഡീയസ് ഈറെ’ ഇന്ന് മുതൽ ഒടിടിയിൽ ആസ്വദിക്കാം.

ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. കൂടാതെ ഒടിടി പ്രീമിയം, മനോരമാക്‌സിലും ചിത്രം ആസ്വദിക്കാനാകും. സംവിധായകന്‍റെ ക്രാഫ്‌റ്റും ബ്ലില്യന്‍സും അഭിനേതാക്കാളുടെ മികച്ച പ്രകടനവും സാങ്കേതിക തികവുമൊക്കെ വലിയ കൈയടികൾ നേടിയിരുന്നു. ഒക്‌ടോബര്‍ 31നായിരുന്നു ‘ഡീയസ് ഈറെ’ തിയേറ്ററുകളില്‍ എത്തിയത്.
ഗേള്‍ഫ്രണ്ട്
തെന്നിന്ത്യന്‍ താരം രശ്‌മിക മന്ദാന പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘ഗേള്‍ഫ്രണ്ട്’. ദീക്ഷിത് ഷെട്ടിയും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. നവംബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ ‘ഗേള്‍ഫ്രണ്ട്’ ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്. നെറ്റ്ഫ്ലിക്‌സ് ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

രാഹുല്‍ രവീന്ദ്രനാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേർന്നാണ് നിർമാണം. മലയാളികളുടെ പ്രിയപ്പെട്ട ഹിഷാം അബ്ദുൾ വഹാബ് ആണ് ഈ ചിത്രത്തിനായി സംഗീതമൊരുക്കിയത്.
Also Read: കളം പിടിച്ച് കളങ്കാവൽ: മികച്ച പ്രേക്ഷക സ്വീകാര്യത
അതേസമയം ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയന്‍ സംവിധാനം ചെയ്‌ത ‘ദി പെറ്റ് ഡിറ്റക്‌ടറ്റീവ്’ നവംബർ 28ന് ഒടിടിയിൽ എത്തിയിരുന്നു. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഴോണറിൽ ഒരുക്കിയ ഈ ചിത്രം സീ വൈലൂടെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാവും. വിനയ് ഫോർട്ട്, രൺജി പണിക്കർ, വിജയരാഘവൻ, വിനായകൻ, ഷോബി തിലകൻ, ജോമോൻ ജ്യോതിർ, നിഷാന്ത് സാഗർ, ശ്യാം മോഹൻ, അൽത്താഫ് സലിം എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

