
മലയാളികൾ ആഘോഷമാക്കിക്കൊണ്ടിരിക്കുന്ന ‘ലോക’യുടെ ബജറ്റ് വെളിപ്പെടുത്തി നടനും ചിത്രത്തിന്റെ നിർമാതാവുമായ ദുൽഖർ സൽമാൻ. ‘കിങ് ഓഫ് കൊത്ത’യ്ക്കും ‘കുറുപ്പി’നും ചെലവാക്കിയ അതേ തുക തന്നെയാണ് ‘ലോക’യുടെയും ബജറ്റ് എന്ന് ആണ് താരം പറഞ്ഞിരിക്കുന്നത്. സിനിമയ്ക്കായി ചെലവഴിച്ച ഒരു പൈസ പോലും വെറുതെ പാഴാക്കിയിട്ടില്ലെന്നും തങ്ങൾക്ക് ഇതൊരു വലിയ ബജറ്റ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ നടന്ന ‘ലോക’യുടെ സക്സസ് ചടങ്ങിലാണ് ദുൽഖർ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ സിനിമയുടെ രണ്ടാം ഭാഗം ഇതിലും വലിയ ബജറ്റിലാണ് ഒരുങ്ങുന്നതെന്നും താരം വ്യക്തമാക്കി.
‘‘വേഫെറർ ഫിലിംസിന്റെ ഏഴാമത്തെ പ്രൊഡക്‌ഷനാണ് ലോക. ഇത്രയും പോസിറ്റിവിറ്റിയും സന്തോഷവും നിറഞ്ഞ ക്രൂവും കാസ്റ്റും അണിനിരന്ന മറ്റൊരു സിനിമ ഉണ്ടാകില്ല. ഹൃദയത്തിൽ നിന്നും വളരെ സ്പെഷ്യലായ സിനിമ ഉണ്ടാകണം എന്ന സ്വപ്നമായിരുന്നു ഇതിൽ ഓരോരുത്തർക്കും ഉണ്ടായിരുന്നത്. അതിനായി മികച്ച സാങ്കേതിക വിദഗ്ധരും അഭിനേതാക്കളും ഒരുമിച്ചു വന്നു. നിർമാതാവെന്ന നിലയിൽ എനിക്കൊരു ടെൻഷനും ഉണ്ടായിട്ടില്ല. കാരണം എന്താണ് ചെയ്യേണ്ടതെന്നുള്ള കൃത്യമായ ധാരണ ഇവർക്കെല്ലാം ഉണ്ടായിരുന്നു. ഒന്നോ രണ്ടോ തവണ മാത്രമാണ് ഞാൻ സെറ്റ് സന്ദർശിക്കാനെത്തിയത്. എഡിറ്റും രണ്ട് തവണയാണ് കണ്ടത്. അത്രത്തോളം വിശ്വാസം ഈ ടീമിൽ ഉണ്ടായിരുന്നു‘‘ എന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു.
തീരെ ചെറിയ ബജറ്റിലാണ് ലോക നിർമിച്ചിരിക്കുന്നതെന്ന് പലരും ചിന്തിക്കുന്നുണ്ടാകും. പക്ഷേ മലയാളത്തിൽ ‘കിങ് ഓഫ് കൊത്ത’യ്ക്കും ‘കുറുപ്പി’നും ചെലവാക്കിയ അതേ ബജറ്റ് തന്നെ ‘ലോക’യ്ക്കുമായി. ഞങ്ങളെ സംബന്ധിച്ചടത്തോളം അതു വലിയ ബജറ്റ് തന്നെയാണ്. എന്നാൽ പോലും അതിലൊരു ചെറിയ തുക പോലും അനാവശ്യമായി ചെലവാക്കിയിട്ടില്ല.
നിമിഷും ഡൊമിനിക്കും തമ്മിൽ വലിയൊരു കണക്‌ഷനുണ്ടായിരുന്നു. അതു തന്നെയാണ് സിനിമയുടെ വലിയ വിജയത്തിനു കാരണം. ഒരു സ്ത്രീയുടെ ശബ്ദം ഈ ചിത്രത്തിൽ ഉയർന്നു കേൾക്കുന്നുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും ശാന്തിക്ക് അവകാശപ്പെട്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.
കല്യാണിയും ഞാനും തമ്മിൽ ഒരുപാട് സാദൃശ്യങ്ങളുണ്ട്. കഴിഞ്ഞ ജന്മത്തിൽ ഇരട്ടകളായിരുന്നുവെന്ന് തോന്നുന്നു. ചന്ദ്രയെ ഇത്രത്തോളം ആത്മാർഥതയോടെ വേറെ ആരെങ്കിലും അവതരിപ്പിക്കുമോ എന്നത് സംശയമാണ്. അത്രത്തോളം ആ കഥാപാത്രത്തെ കല്യാണി മികച്ചതാക്കി എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

