
‘ഡോൺ 3’യിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ഫർഹാൻ അക്തറിന്റെ പ്രൊഡക്ഷൻ ഹൗസായ എക്സൽ എന്റർടൈൻമെന്റ്, രൺവീർ സിങ്ങിൽ നിന്ന് വൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. 40 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്. 2026 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രം ഇതിനോടകം പ്രീ-പ്രൊഡക്ഷൻ വർക്കുകള്‍ ആരംഭിച്ചതായാണ് വിവരം.
തിരക്കഥ, ഷെഡ്യൂളിംഗ്, ലൊക്കേഷൻ പ്ലാനിംഗ്, മറ്റ് തയ്യാറെടുപ്പ് ജോലികൾ എന്നിവയ്ക്കായി എക്സൽ എന്റർടൈൻമെന്റ് ഗണ്യമായ ചെലവുകൾ നടത്തിയതായി പറയപ്പെടുന്നു. നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനുള്ള പ്രധാന കാരണമായി പ്രൊഡക്ഷൻ ഹൗസ് ചൂണ്ടിക്കാട്ടുന്നതും ഈ ചെലവുകളാണെന്നാണ് റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ALSO READ: ശബരിമല സ്വർണ്ണക്കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്
അതേസമയം ഇതുസംബന്ധിച്ച് പ്രൊഡക്ഷൻ ഹൗസോ രൺവീർ സിങ്ങോ ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും നടത്തിയിട്ടില്ല. എന്നിരുന്നാലും ബോളിവുഡ് സിനിമാലോകത്ത് ഇക്കാര്യം ഇതിനോടകം ചടൻ ചർച്ചകള്‍ക്ക് വഴിവെച്ചുകഴിഞ്ഞു.
2023ൽ ആണ് രൺവീർ സിംഗിനെ ‘പുതിയ ഡോണാ’യി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. ഡോൺ ഫ്രാഞ്ചൈസിയുടെ പുതിയ മുഖമായുള്ള രൺവീർ സിങ്ങിന്റെ വരവ് ആഘോഷപൂർവമാണ് ആരാധകർ ഏറ്റെടുത്തത്.
1978-ൽ അമിതാഭ് ബച്ചൻ നായകനായി എത്തിയ ഡോൺ ബോളിവുഡിൽ വലിയ തരംഗം തീർത്തിരുന്നു. ഇതിഹാസ ജോഡികളായ സലിം ഖാനും ജാവേദ് അക്തറും ചേർന്നാണ് ചിത്രത്തിനായി കഥ എഴുതിയത്. പതിറ്റാണ്ടുകളായി, ഹിന്ദി സിനിമയിലെ ഏറ്റവും അറിയപ്പെടുന്ന ആക്ഷൻ-ത്രില്ലർ പരമ്പരകളിലൊന്നായി ഡോൺ പരിണമിച്ചു.
ഷാരൂഖ് ഖാന്റെ ഐക്കണിക് സിനിമയായി ഡോൺ മാറി. 2006ലും 2011ലും ഷാരൂഖ് നായകനായി ഡോൺ 1,2 ഭാഗങ്ങള്‍ പുറത്തിറങ്ങി. പ്രിയങ്ക ചോപ്രയും ഡോൺ 2ൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

