
യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ ടീസർ ഇന്നലെ ആണ് പുറത്തുവന്നത്. സംഭവം വളരെ പെട്ടെന്ന് വിമർശനങ്ങളും വിളിച്ചുവരുത്തി. ടീസറിൽ യഷിനെ അവതരിപ്പിച്ചതും അതിനായി സ്ത്രീ കഥാപാത്രത്തെ ഉപയോഗിച്ച രീതിയുമാണ് വിമർശിക്കപ്പെട്ടത്. പലരും ഗീതു മോഹൻദാസിനെതിരെ വിമർശനവുമായി രംഗത്ത് വന്നതോടെ താരം തന്നെ പ്രതികരണം നടത്തിയിരിക്കുകയാണ്.
നടി റിമ കല്ലിങ്കൽ പങ്കുവെച്ച ഒരു റീലിൽ നിന്നുള്ള സ്ക്രീൻഷോട്ട് ആണ് ഗീതു പങ്കുവെച്ചത്. ‘സ്ത്രീകളുടെ സന്തോഷത്തെയും കൺസെന്റിനെയും കുറിച്ച് നാട്ടുകാരൊക്കെ തല പുകഞ്ഞ് ആലോചിക്കട്ടെ. അവർ എങ്ങനെ സിസ്റ്റത്തെ നിയന്ത്രിക്കുന്നു എന്നും അവർ ആലോചിക്കട്ടെ. ഞങ്ങൾ ഇവിടെ ചിൽ ചെയ്യുന്നു’ എന്നാണ് ഗീതുവിന്റെ സ്ക്രീൻഷോട്ടിലെ വാക്കുകൾ. ടീസറിനെതിരെ 2017ലെ ഗീതുവിന്റെ ‘സേ ഇറ്റ്’ പ്രസ്താവനയുമായിട്ടാണ് നെറ്റിസൺസ് ട്രോളുകളും വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. അതിനാൽ തന്നെ ഈ പ്രസ്താവനയുടെ തുടർച്ചയെന്നോണമായിരുന്നു ‘ഐ സെഡ് ഇറ്റ്’ എന്ന ഗീതുവിന്റെ മറുപടി.
ALSO READ: വിജയ് ചിത്രം ജനനായകന് പ്രദര്‍ശനാനുമതി നൽകി മദ്രാസ് ഹൈക്കോടതി; സെൻസർ ബോർഡിന് കടുത്ത വിമർശനം
സ്ത്രീ ശരീരങ്ങളെ വിൽപനച്ചരക്കായി തന്നെ ഗീതു മോഹൻദാസും അവതരിപ്പിച്ചിരിക്കുന്നു എന്നാണ് ടീസറിന് നേരെ ഉയരുന്ന പ്രധാന വിമർശനം. ഗീതു മോഹൻദാസിൽ നിന്നും ഇത്തരമൊരു സിനിമയല്ല പ്രതീക്ഷിച്ചതെന്നും കമന്റുകൾ ഉയരുന്നുണ്ട്. സിനിമയിലെ സ്ത്രീവിരുദ്ധ ആഖ്യാനങ്ങൾക്കെതിരെ സംവിധായിക നേരത്തെ സ്വീകരിച്ച നിലപാടുകൾ കൂടി ചിലർ എടുത്തു പറയുന്നുണ്ട്. എന്നാൽ ടീസറിനെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. സിനിമ ഇറങ്ങിയതിന് ശേഷം വിമർശിക്കുന്നതാണ് നല്ലതെന്നും കഥാപാത്രത്തിന്റെ രീതികളെ ഗ്ലോറിഫൈ ചെയ്യാത്തിടത്തോളം കുഴപ്പമൊന്നും ഇല്ല എന്നുമാണ് കമന്റുകൾ.
നടൻ യഷിന്റെ 40ാം ജന്മദിനമായ ഇന്നലെയാണ് അണിയറ പ്രവർത്തകർ ടോക്സിക്കിന്റെ ടീസർ പുറത്തുവിട്ടത്. ആക്ഷൻ– മാസ് രംഗങ്ങളും കടുത്ത ഹോട്ട് ദൃശ്യങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 19 നാണ് ടോക്സിക് തിയേറ്ററുകളിലെത്തുക. സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

