
തമിഴ് സംഗീതസംവിധായകനും ഗായകനും നടനുമായ ജി വി പ്രകാശ് കുമാർ ഓൺലൈൻ തട്ടിപ്പിനിരയായി. അടുത്തിടെ ആരാധകനെന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ സഹായമഭ്യർത്ഥിച്ച് എത്തിയ ആളാണ് ജി വി പ്രകാശിനെ കബളിപ്പിച്ച് പണം തട്ടിയത്. 20,000 രൂപയാണ് താരത്തിൽ നിന്ന് തട്ടിയത്.
ഡിസംബർ 25ന് ആണ് സംഭവം. ‘മോം ലിറ്റിൽ കിംഗ്’ എന്ന ഹാൻഡിൽ ഉപയോഗിച്ച് പ്രസന്ന സദീഷ് എന്നയാൾ എക്സിൽ വൈകാരികമായ ഒരു പോസ്റ്റ് പങ്കുവെച്ചതോടെയാണ് തട്ടിപ്പിന് തുടക്കമായത്. അമ്മയുടെ അന്ത്യകർമങ്ങൾ നടത്താൻ സാമ്പത്തിക സഹായം ആവശ്യമാണെന്നാണ് ഇയാൾ പോസ്റ്റിൽ എഴുതിയത്. ജിവി പ്രകാശ് കുമാറിനെ പോസ്റ്റിൽ ടാഗ് ചെയ്യുകയും ചെയ്തു.
അമ്മയുടേതെന്ന് പറഞ്ഞ് ഒരു സ്ത്രീയുടെ ഫോട്ടോയും ഇയാൾ അപ്‌ലോഡ് ചെയ്തിരുന്നു. തന്നെയും അനുജത്തിയെയും വളർത്തിയത് അമ്മയാണെന്നൊക്കെ വൈകാരികമായി പോസ്റ്റിൽ പറയുന്നുണ്ട്. എന്നാൽ രാവിലെ 11:12 ന് വന്ന ഈ പോസ്റ്റിനോട് ജിവിപി പ്രതികരിച്ചില്ല. ആദ്യ സന്ദേശത്തിന് മറുപടി ലഭിക്കാതെ വന്നപ്പോൾ, ഇയാൾ 1:59 ന് വീണ്ടും നടനെ ടാഗ് ചെയ്ത്, സഹായ അഭ്യർത്ഥന ആവർത്തിച്ചു.
ALSO READ: ‘അമ്മയെ നോക്കാൻ ആരുമില്ല’! 3 വർഷത്തിനിടെ 3 കല്യാണം; ബിഹാറിൽ കല്യാണത്തട്ടിപ്പ് പ്രതി പിടിയിൽ
ജിവി പ്രകാശ് ഉച്ചയ്ക്ക് 2:24ന് ആ വ്യക്തിയുടെ GPay നമ്പർ ചോദിച്ചുകൊണ്ട് മറുപടി നൽകി. നാല് മിനിറ്റിനുശേഷം, ഉച്ചയ്ക്ക് 2:28 ന്, അദ്ദേഹം 20,000 രൂപ അയയ്ക്കുകയും ഇടപാട് സ്ഥിരീകരിക്കുന്ന ഒരു സ്ക്രീൻഷോട്ട് പങ്കിടുകയും ചെയ്തു. പണം ലഭിച്ചതിന് ശേഷം ഉപയോക്താവ് നടന് നന്ദി അറിയിച്ച് പോസ്റ്റും ചെയ്തു.
തുടക്കത്തിൽ കൈയടി നേടിയെങ്കിലും പൊടുന്നനെ ഇത് തട്ടിപ്പാണെന്നും നടൻ കബളിപ്പിക്കപ്പെട്ടുമെന്നുള്ള തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ച മാറി. പണം അഭ്യർത്ഥിച്ചയാൾ പങ്കുവെച്ച ഫോട്ടോയിലെ സ്ത്രീ 2022ൽ മരിച്ചതാണെന്നും അവരുടെ പേര് ഉപയോഗിച്ച് പണം തട്ടിയെടുക്കുകയാണെന്നും പോസ്റ്റുകൾ വന്നു. ഇയാൾ സമാനമായി തട്ടിപ്പ് നടത്തി പണം വാങ്ങിയെന്ന് ചിലർ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. നിരവധി ആരാധകർ ജിവി പ്രകാശ് കുമാറിനോട് പൊലീസിൽ പരാതി നൽകണമെന്നും തട്ടിപ്പുകാരനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സംഭവത്തിൽ ഇതുവരെ, ഇദ്ദേഹം പരസ്യമായി പ്രതികരിച്ചിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

