മുറിവേറ്റ രണ്ട് സ്ത്രീകളുടെ കഥ; കൈയടി നേടി അനുപർണ റോയുടെ ‘സോങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ്’

Songs of Forgotten Trees

30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ നിറഞ്ഞ കയ്യടിയോടെ കാണികൾ ഏറ്റെടുത്ത് അനുപർണ റോയ് സംവിധാനം ചെയ്ത ‘സോങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ്’. കലാഭവൻ തിയേറ്ററിലെ സദസിന് മുന്നിൽ എത്തിയ, വെനീസ് ചലച്ചിത്രമേളയിൽ മികച്ച സംവിധായികയ്ക്കുള്ള ഒറിസോണ്ടി പുരസ്‍കാരം നേടിയ ചിത്രം വ്യത്യസ്തമായ കഥപറച്ചിൽ കൊണ്ടും ആഴത്തിലുള്ള വികാരങ്ങളെ അനായാസം അവതരിപ്പിച്ചും ശ്രദ്ധേയമായി.

അടഞ്ഞ വാതിലുകൾക്കുള്ളിൽ നടക്കുന്ന കാഴ്ചകളെ നിശ്ശബ്ദമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നതാണ് ഈ ചിത്രം. നിരീക്ഷണത്തിന്റെയും അതിക്രമത്തിന്റെയും ഇടയിലുള്ള അതിരുകളിലേക്കും ചിത്രം വിരൽ ചൂണ്ടുന്നു. മുംബൈ പശ്ചാത്തലമാക്കിയ സിനിമ, ഒന്നിച്ചുള്ള ജീവിതത്തിലും മനസുകൊണ്ട് തമ്മിൽ അകന്ന് നിൽക്കുന്ന നഗരജീവിതത്തിലെ ഏകാന്തതയെ തിരശീലയിലേക്ക് പകർത്തുന്നു.

അഭിനേത്രിയാകാൻ ആഗ്രഹിക്കുന്ന തൂയയുടെയും അവരുടെ കൂടെ താമസിക്കാൻ എത്തുന്ന കോർപ്പറേറ്റ് ജീവനക്കാരിയായ ശ്വേതയുടെയും ബന്ധത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ശ്വാസംമുട്ടിക്കുന്ന ഗൃഹാന്തരീക്ഷത്തിലൂടെ ചിത്രം പ്രേക്ഷകരെ നടത്തിക്കുന്നു. ഒരു മുറി പങ്കിടുന്നവർ എന്നതിൽ കവിഞ്ഞ് ജീവിതം കൊണ്ടു മുറിവേറ്റ അവർക്കിടയിൽ പതിയെ അതിജീവനത്തിന്റെ ഒരുമയും ഐക്യവും നാമ്പിടുന്നതായി കാണാം.

Also Read: സിനിമയിൽ സംതൃപ്തി സ്വന്തം പാത വെട്ടിത്തെളിക്കുന്നതിലെന്ന് വെറോണിക്ക ഗോൺസാൽവസ്; സിനിമ പറഞ്ഞ് ജിയോ ബേബിയും അനിരുദ്ധ് ലോക്കുറും ബാലു കിരിയത്തും

സംവിധായിക അനുപർണ റോയ് പ്രദർശനത്തിന് ശേഷം നടന്ന ചോദ്യോത്തര സെഷനിൽ പ്രേക്ഷകരുമായി സംവദിച്ചു. ഒരുമിച്ച് താമസിക്കുന്ന രണ്ട് സ്ത്രീകൾ പുരുഷന്മാരിൽ നിന്ന് വികാരപരമായി അകന്നുനിൽക്കുന്ന അവസ്ഥ അവതരിപ്പിക്കുകയാണ് ചിത്രത്തിന്റെ കേന്ദ്ര ആശയമെന്ന് അവർ വിശദീകരിച്ചു. പ്രതീകാർത്ഥങ്ങളേക്കാൾ പറയാനുള്ളത് കൃത്യമായി പറയുക എന്ന ലക്ഷ്യമാണ് നയിച്ചതെന്ന് ക്യാമറ ആംഗിളുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, അനുപർണ റോയ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News