ഐഎഫ്എഫ്കെ ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് കെല്ലി ഫൈഫ് മാര്‍ഷലിന്; വംശീയ മുന്‍വിധികള്‍ക്കെതിരെ ഇന്നും തുടരുന്ന പോരാട്ടം

IFFK Spirit of Cinema Award Kelly Fyffe-Marshall

തലസ്ഥാന നഗരിക്ക് ലോകസിനിമയുടെ വിസ്മയ കാഴ്ചകൾ സമ്മാനിക്കാൻ വീണ്ടും ഒരു ഐഎഫ്എഫ്കെ കാലം വരികയായി. സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30-ാമത് ഐഎഫ്എഫ്കെയ്ക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 12 വെള്ളിയാഴ്ച വൈകിട്ട് ആറിന് തുടക്കമാകും.

എഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള 200ലധികം ചിത്രങ്ങള്‍ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ കാഴ്ചക്കാരുടെ മുന്നിലേക്ക് എത്തും. 30ാമത് പതിപ്പായതിനാൽ സിനിമാസ്വാദകർക്കായി മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മുപ്പതോളം ചിത്രങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കൂടാതെ ഇത്തവണ ഒരു തിയേറ്റര്‍ കൂടി അധികമായി ഒരുക്കിയിട്ടുണ്ട്, 16 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക.

‘സ്പിരിറ്റ് ഓഫ് സിനിമ’ കെല്ലി ഫൈഫ് മാര്‍ഷലിന്

കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിനാണ് ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്. സമൂഹത്തിലെ അനീതികള്‍ക്കെതിരെ സിനിമയിലൂടെ പോരാടുന്ന നിര്‍ഭയരായ വനിതാ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കുന്നതിനായി 26ാമത് ഐഎഫ്എഫ്കെയിൽ ഏർപ്പെടുത്തിയ അവാർഡാണ് ‘സ്പിരിറ്റ് ഓഫ് സിനിമ’. കുര്‍ദിഷ് സംവിധായികയായ ലിസ കലാന്‍ ആയിരുന്നു ഈ അവാർഡിന്റെ പ്രഥമ ജേതാവ്. അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

അനീതിക്കെതിരായ പ്രതിരോധത്തിന്റെ ആയുധമായി തന്നെയാണ് കെല്ലിയും സിനിമയെ ഉപയോഗിക്കുന്നത്. ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തിന് വിധേയയായിട്ടും അവകാശപ്പോരാട്ടം തുടരുന്ന ഇറാനിയൻ ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദി, കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന സംവിധായിക വനൂരി കഹിയു, ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയ എന്നിവരുടെ പിൻമുറക്കാരിയായി കെല്ലി ഫൈഫ് മാര്‍ഷൽ ഈ പുരസ്കാരത്തിന് അർഹയായതും അതുകൊണ്ടാണ്.

ALSO READ: മുഹമ്മദ് കുട്ടിയെ ‘മമ്മൂട്ടി’യാക്കിയത് ഇദ്ദേഹമാണ്; മെഗാസ്റ്റാറിന് ‘പേരിട്ട’ ശശിധരനെ ലോകത്തിന് പരിചയപ്പെടുത്തി മമ്മൂക്ക

കറുത്ത വര്‍ഗക്കാരോടുള്ള വംശീയ മുന്‍വിധികള്‍ക്കെതിരെയാണ് കെല്ലി തന്റെ സൃഷ്ടികളിലൂടെ പടപൊരുതിയത്. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ആദ്യ ചേഞ്ച് മേക്കർ അവാർഡ് നേടിയ ബ്ലാക്ക് ബോഡീസ് (Black Bodies – 2020) എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ഇവർ ആദ്യമായി അന്താരാഷ്ട്ര അംഗീകാരം നേടിയത്. ഹേവന്‍ (Haven – 2018) എന്ന ഹ്രസ്വചിത്രത്തിലൂടെ ആയിരുന്നു കെല്ലിയുടെ തുടക്കം. കറുത്ത വര്‍ഗക്കാരുടെ ജീവിതാനുഭവങ്ങളില്‍ ഊന്നിയുള്ള ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

വെൻ മോർണിങ് കംസ് (When Morning Comes – 2022) ആണ് കെല്ലിയുടെ ആദ്യ ഫീച്ചർ സിനിമ. ജമൈക്കയുടെ യഥാർത്ഥ ജീവിതവും മനുഷ്യബന്ധങ്ങളുമാണ് ഈ സിനിമയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. 2025ലെ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ കെല്ലിയുടെ ‘ഡീമണ്‍സ്’ എന്ന ഹ്രസ്വചിത്രം ഔദ്യോഗിക സെലക്ഷന്‍ നേടി.

ഇന്നും ഒരു സിസ്റ്റമായി തുടരുന്ന വംശീയതയെ കീറിമുറിച്ച്, ഇഴകീറി പരിശോധിക്കുന്നതാണ് കെല്ലിയുടെ ചിത്രങ്ങൾ. കറുത്തവർ​ഗക്കാരുട ജീവിതാനുഭവങ്ങളും സാമൂഹിക പ്രശ്നങ്ങളും യഥാർത്ഥതയോടെ അവതരിപ്പിക്കുന്നവയാണവ. സാമൂഹിക നീതിയും വംശീയതയുമെല്ലാം തിരശീലയിലേക്ക് പകർത്തുന്ന ദൃശ്യഭാഷ്യം. യഥാർത്ഥ അനുഭവങ്ങൾ തന്നെയാണ് മിക്കപ്പോഴും കെല്ലിയുടെ കഥകൾക്ക് ആധാരം. മനോഹരമായ ദൃശ്യഭാഷയ്ക്ക പ്പം കവിതാത്മകമായ എഴുത്തുരീതിയും ആസ്വാദനത്തിന്റെ തലം ഒന്നുകൂടി ഉയർത്തുന്നു. സിനിമയെ പരിവർത്തനത്തിനായുള്ള ഒരു ഉപകരണമായി കാണുന്ന സംവിധായികയെന്ന് കെല്ലി ഫൈഫ് മാര്‍ഷലിനെ നമുക്ക് വിളിക്കാം. റീസൺ ഇനഫ് (Reason Enough-2016) ബ്ലാക്ക് വൈറ്റ് ബ്ലൂ (Black White Blue – 2018) ട്രാപ് സിറ്റി (Trap City – 2020) എന്നിവയാണ് കെല്ലിയുടെ മറ്റ് ഹ്രസ്വചിത്രങ്ങൾ.

ALSO READ: കളങ്കാവൽ സ്ട്രീമിങ്ങ് അവകാശം സ്വന്തമാക്കി ഈ ഒടിടി പ്ലാറ്റ്ഫോം

കലയിലൂടെ കറുത്ത വര്‍ഗക്കാരെ ശാക്തീകരിക്കുന്നതിനും സാമൂഹികനീതിക്കും വേണ്ടി രൂപംകൊടുത്ത ‘മേക്ക് റിപ്പിള്‍സ്’ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപക കൂടിയാണ്. ടെലിവിഷന്‍ രംഗത്തും പരസ്യചിത്ര നിര്‍മാണരംഗത്തും അവർ തന്റേതായ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ‘ബ്ലാക്ക് എലിവേഷന്‍ മാപ്പ്’ എന്ന പ്രചാരണചിത്രം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

കാത്തിരിക്കുന്നത് 200ലധികം ചിത്രങ്ങള്‍

‌അതേസമയം മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുക. ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും ആസ്വദിക്കാനാകും. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും ലോകസിനിമാ വിഭാഗത്തില്‍ അറുപതിലധികം സിനിമകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ എട്ടു സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ നാലു ചിത്രങ്ങള്‍ മേളയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഹോമേജ് വിഭാഗത്തില്‍ സംവിധായകന്‍ ഷാജി എന്‍ കരുണ്‍, സംവിധായകനും തിരക്കഥാകൃത്തുമായ എം ടി വാസുദേവന്‍ നായര്‍ എന്നിവര്‍ക്കുള്ള ആദരമായി ഇരുവരുടെയും രണ്ടു ചിത്രങ്ങള്‍ വീതം പ്രദര്‍ശിപ്പിക്കും. ഫിമെയ്ല്‍ ഫോക്കസ്, മിഡ്‌നൈറ്റ് സിനിമ, റെസ്റ്റോര്‍ഡ് ക്ലാസിക്‌സ് എന്നീ വിഭാഗങ്ങളിലും സിനിമകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News