
ഇന്ത്യൻ സിനിമയിലെ “മൂന്ന് ഖാൻമാർ” അവരുടെ അഭിനയജീവിതത്തിൽ പുതിയ വഴിത്തിരിവുകളിലേക്ക് നീങ്ങേണ്ട സമയമെത്തിയതായി നടൻ ഇമ്രാൻ ഖാൻ. ഇന്നത്തെ പ്രേക്ഷക മനോഭാവത്തിൽ വന്ന മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയ ഇമ്രാൻ, പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങളിലേക്ക് മാറുന്നതാണ് ഇപ്പോഴത്തെ യാഥാർത്ഥ്യമെന്നും പറഞ്ഞു. ഷാരൂഖ് ഖാൻ, അമീർ ഖാൻ, സൽമാൻ ഖാൻ എന്നിവരെപ്പറ്റിയാണ് ഇമ്രാൻ ഖാൻ്റെ പരാമർശ്വം.
“മൂന്ന് ഖാൻമാരും ഇപ്പോൾ അറുപതാം വയസ് പിന്നിട്ടവരാണ്. മൂന്നു പതിറ്റാണ്ടിലേറെയായി അവർ ബോളിവുഡിൽ സമാനതകളില്ലാത്ത താരപദവി ആസ്വദിച്ചു. എന്നാൽ പ്രായം കൂടുമ്പോൾ അഭിനയിക്കുന്ന കഥാപാത്രങ്ങളിലും സ്വാഭാവികമായി മാറ്റം വരണം,” എന്നാണ് ഇമ്രാന്റെ അഭിപ്രായം.ഇന്നത്തെ യുവതലമുറ തങ്ങളോട് പ്രായത്തിലും അനുഭവത്തിലും സാമ്യമുള്ള കഥാപാത്രങ്ങളെയാണ് കൂടുതൽ സ്വീകരിക്കുന്നതെന്നും ഇമ്രാൻ പറഞ്ഞു. “സിനിമയിലെ കഥാപാത്രങ്ങളിൽ സ്വന്തം ജീവിതം പ്രതിഫലിക്കണമെന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ ഒരു മുതിർന്നവരുടെ കഥ ഇന്നത്തെ യുവാക്കൾക്ക് അത്ര ആകർഷകമാകണമെന്നില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read; തിയേറ്ററുകളെ ഇളക്കിമറിച്ച ‘സയ്യാരാ’ വീണ്ടും വരുന്നു; റീ-റിലീസ് വാലൻ്റൈൻസ് ഡേ പ്രമാണിച്ച്
ഖാൻമാരുടെ സമീപകാല സിനിമകളുടെ ബോക്സ് ഓഫീസ് പ്രകടനങ്ങളും ഈ വാദത്തിന് ബലം നൽകുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. ഷാരൂഖ് ഖാന്റെ ‘പത്താൻ’, ‘ജവാൻ’ എന്നീ ചിത്രങ്ങൾ വൻ വിജയം നേടിയെങ്കിലും ‘ഡങ്കി’ പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കിയില്ല. ആമിർ ഖാന്റെ ‘ലാൽ സിംഗ് ഛദ്ദ’ ബോക്സ് ഓഫീസിൽ പരാജയമായി. സൽമാൻ ഖാന്റെ ഒട്ടേറെ ചിത്രങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രതീക്ഷകൾ നിറവേറ്റുന്നതിൽ പിറകിലായി.ഇന്നത്തെ സിനിമാപ്രേക്ഷകർ താരപദവിയേക്കാൾ ഉള്ളടക്കത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും, അതനുസരിച്ച് ബോളിവുഡിലെ മുൻനിര താരങ്ങളും മാറ്റങ്ങളെ സ്വീകരിക്കേണ്ട സമയമാണിതെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

