
മലയാള സിനിമാ പ്രേമികൾ ഏറെ കാലമായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കളങ്കാവൽ. നിയോ-നോയർ ക്രൈം ത്രില്ലർ ജോണറിൽ എത്തുന്ന ചിത്രം സയനൈഡ് മോഹനന്റെ കഥയാണ് പറയുന്നത് എന്നൊക്കെയുള്ള ചർച്ചകളും സോഷ്യൽ മീഡയയിൽ സജീവമാണ്. ഇപ്പോഴിതാ ‘കളങ്കാവലിന്റെ പ്രീ-റിലീസ് ടീസർ പുറത്തിറങ്ങി. ഇന്ന് നടന്ന പ്രീ-റിലീസ് ഇവന്റിലാണ് ടീസർ പ്രദർശിപ്പിച്ചത്. മമ്മൂട്ടിയുടെയും വിനായകന്റെയും ശക്തമായ നിരവധി അഭിനയ മുഹൂർത്തങ്ങൾ ഉൾപ്പെടുന്നതാണ് ടീസർ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിൽ എത്തുന്നത്.
ടീസറിൽ വിനായകന്റെ പേര് എഴുതി കാണിക്കുമ്പോൾ ‘VI’ വെള്ളയിലും ബാക്കി അക്ഷരങ്ങൾ ചുവപ്പ് നിറത്തിലും നൽകിയതും ശ്രദ്ധേയമായി. വില്ലനും നായകനും ഒരാള്‍ തന്നെയാണ് എന്ന സൂചനയാണ് ഇതിലൂടെ നല്‍കുന്നത്. കൂടാതെ, “കൊല്ലുക എന്നത് ഹരമായി മാറിയെന്ന്” എന്ന വിനായകന്‍റെ ഒരു ശക്തമായ ഡയലോഗും ടീസറിലുണ്ട്. ടീസർ, പോസ്റ്ററുകൾ എന്നിവയെല്ലാം പ്രേക്ഷകർക്കിടയിൽ ഇതിനോടകം സൂപ്പർ ഹിറ്റായി കഴിഞ്ഞു.
മമ്മൂട്ടി കമ്പനി നിർമാണം നിർവഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ്-തിയറ്റർ സ്ട്രീമിംഗ് അവകാശങ്ങൾ ഒടിടി പ്ലാറ്റ്ഫോമായ സോണിലിവ് ആണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. കുറുപ്പിന്റെ തിരക്കഥാകൃത്തായ ജിതിൻ കെ ജോസിന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രത്തിൽ ജിബിൻ ഗോപിനാഥ്, ഗായത്രി അരുൺ, ശ്രുതി രാമചന്ദ്രൻ, അസീസ് നെടുമങ്ങാട്, ബിജു പപ്പൻ, ആർജെ സൂരജ് എന്നിവരും പ്രധാന്യമുള്ള വേഷങ്ങളിൽ എത്തുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

