
ഹോളിവുഡ് സിനിമകളെ പോലും കളക്ഷനിൽ പിന്നിലാക്കി കൊണ്ട് ബോക്സ്ഓഫീസിൽ വമ്പൻ കുതിപ്പുമായി റിഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ 1. ഈ ആഴ്ച ലോകത്ത് തിയറ്ററുകളിൽ പ്രദർശിപ്പിച്ചതിൽ 50 മില്യൺ ഡോളരിൽ അധികം കളക്ഷൻ നേടിയാണ് കാന്താര ടീം തങ്ങളുടെ പടയോട്ടം അവിസ്മണീയമാക്കിയത്. ഇന്ത്യക്കകത്ത് സിനിമക്ക് കിട്ടിയ മികച്ച റിപ്പോർട്ടുകളാണ് ഏകദേശം 443 കോടി രൂപയുടെ കളക്ഷൻ നേടാൻ സഹായിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഓസ്കർ ജേതാവ് ലിയനാർഡോ ഡി കാപ്രിയോയുടെ ചിത്രം ‘വൺ ബാറ്റിൽ ആഫ്റ്റർ അനതർ’, പോപ് ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്‍റെ ‘പാർട്ടി ഓഫ് എ ഷോ ഗേൾ’ എന്നീ ചിത്രങ്ങളുടെ കളക്ഷനെയാണ് കാന്താര മറികടന്നത്.
ആദ്യ ഏഴ് ദിവസങ്ങളിൽ ഇന്ത്യയിൽ നിന്ന് ₹379 കോടി ($42 മില്യൺ) ഗ്രോസാണ് കാന്താര ചാപ്റ്റർ 1 നേടിയത്. ഇന്നത്തെ പ്രദർശനങ്ങൾ കൂടി കഴിയുമ്പോ ഇന്ത്യയിൽ ഇത് 45 മില്യൺ ഡോളറായി (₹400 കോടി) ഉയർന്നേക്കും. വിദേശത്ത് നിന്നുള്ള ഏകദേശം $8 മില്യൺ കളക്ഷൻ കൂടി ചേർത്താൽ ആകെ കളക്ഷൻ ഏകദേശം $53 മില്യൺ ആകും. വാരാന്ത്യത്തിൽ $50 മില്യൺ കളക്ഷൻ നേടിയ ടെയ്‌ലർ സ്വിഫ്റ്റ്: ദി ഒഫീഷ്യൽ റിലീസ് പാർട്ടി ഓഫ് എ ഷോഗേൾ എന്ന ചിത്രത്തെയാണ് ഇതോടെ കാന്താര മറികടന്നത്.
രണ്ടാം ആഴ്ചയിൽ ലോകമെമ്പാടും ഏകദേശം $40 മില്യൺ കളക്ഷൻ നേടിയ പോൾ തോമസ് ആൻഡേഴ്‌സന്‍റെ സംവിധാനത്തിൽ ലിയോനാർഡോ ഡികാപ്രിയോ അഭിനയിച്ച ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ എന്ന ചിത്രത്തെയും കാന്താര ചാപ്റ്റർ 1 പിന്നിലാക്കിയിട്ടുണ്ട്.
കന്നഡയിൽ നിർമ്മിച്ച കാന്താര അദ്ധ്യായം 1, എല്ലാ ഭാഷകളിലും വിജയം കണ്ടെത്തിയ അപൂർവ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ്. ഹിന്ദി പതിപ്പ് ബുധനാഴ്ച ആഭ്യന്തരമായി ₹100 കോടി നേടിയിരുന്നു. തെലുങ്ക് പതിപ്പ് ഇതുവരെ ₹60 കോടിയിലധികം നെറ്റ് കളക്ഷൻ നേടിയപ്പോൾ മലയാളത്തിലും തമിഴിലും ഇറങ്ങിയ ഡബ്ബുകൾ ₹20 കോടിയിലധികം നേടിയിട്ടുണ്ട്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിക്കുന്ന കാന്താര ചാപ്റ്റർ 1 ൽ രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ, ജയറാം എന്നിവരടക്കം വൻതാര നിരയാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

