
‘ഈശ്വരന്‍ തന്‍റെ ശബ്ദം യേശുദാസിന്‍റെ തൊണ്ടയില്‍ വച്ച് തിരിച്ചെടുക്കാന്‍ മറന്നു പോയതാണ്’ – സത്യജിത്ത് റേ
ഏഴുസ്വരങ്ങളും തഴുകിയുണർത്തിയ ഗന്ധർവ ഗായകന് ഇന്ന് പിറന്നാൾ. സാർത്ഥകമായ എൺപത്തിയാറ് വർഷങ്ങളുടെ നിറവില്‍ ജ്വലിച്ചുനില്‍ക്കുന്ന ഗാനഗന്ധര്‍വന്‍റെ ജന്മദിനം ആഘോഷമാക്കുകയാണ് ലോകമെങ്ങുമുള്ള മലയാളികള്‍. കാൽപ്പാടുകൾ എന്ന സിനിമയില്‍ ഗായകനാകാന്‍ ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിൽ കാത്തുനിന്ന ഒരു 21-കാരന്‍. പനി മൂലം പാടാൻ നിശ്ചയിച്ചിരുന്ന തട്ടുപൊളിപ്പൻ ഗാനത്തിനു പകരം ശ്രീനാരായണഗുരുവിന്റെ ജാതിഭേദം മതദ്വേഷം എന്നു തുടങ്ങുന്ന നാലുവരി ശ്ലോകം ചൊല്ലി സിനിമയിൽ അരങ്ങേറ്റം. മലയാള സിനിമാലോകം യേശുദാസിന്‍റെ നാദവിസ്മയത്തിന് മുന്നില്‍ അടിയറവു പറയുന്ന കാലഘട്ടത്തിന്‍റെ ലാളിത്യമാര്‍ന്ന തുടക്കമായിരുന്നു അത്.
സമ്പൂർണരാഗമാകാൻ കൊതിക്കുന്ന ഒരു സ്വരവും, സാഗരമാകാൻ കൊതിക്കുന്ന ഒരു സൗപർണികയുമാണ് താനെന്ന് സ്വയം വിശേഷിപ്പിക്കുന്ന യേശുദാസ്. യേശുദാസ് എന്നത് ഒരു വ്യക്തിയുടെ പേരല്ല. ആറു പതിറ്റാണ്ടിലേറെയായി മലയാളിയുടെ ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങിക്കൊണ്ടിരിക്കുന്ന, എല്ലാ മനുഷ്യവികാരങ്ങളേയും ഉൾക്കൊള്ളുന്ന അപൂർവസുന്ദരമായ ഒരു രാഗത്തിന്റെ പേരാണ്.
ALSO READ; കളം നിറഞ്ഞ കളങ്കാവൽ ഒടിടിയിലേക്ക്; തീയതി അറിയാം
മാപ്പിളയ്‌ക്കെന്ത് സംഗീതം എന്ന് പുച്ഛിച്ച അധ്യാപകനോടുള്ള വാശിയില്‍ പഠിച്ചെടുത്ത സംഗീതം, ആകാശവാണിയിലെ ഓഡിഷനിൽ തഴയപ്പെട്ടപ്പോള്‍ വാശിയോടെ മത്സരിച്ച് നേടിയെടുത്ത വേദികള്‍. യേശുദാസിന്റെ ജീവിതയാത്രയുടെ തുടക്കം പോരാട്ടത്തിന്റെ കൂടിയായിരുന്നു. പ്രഭാതം മുതൽ പ്രദോഷം വരെ നമ്മളിൽ നിറയുന്ന വികാരങ്ങൾക്ക് കൂട്ടാകാൻ ഒരായിരം പാട്ടുകൾ വിരിഞ്ഞിട്ടുണ്ട് ആ സ്വരമാധുരിയിൽ. പാടുന്ന പാട്ടിലൂടെ കേൾവിക്കാരനെ ഒരു മാന്ത്രിക ലോകത്തേക്ക് എത്തിക്കുന്ന മാസ്മരിക ശബ്ദമാണ് യേശുദാസിന്‍റേത്.
പ്രണയവും പ്രതീക്ഷയും വിരഹവും വേദനയും ഭക്തിയും വ്യത്യസ്ത ഭാവങ്ങള്‍ തുളുമ്പുന്ന സിനിമാ ഗാനങ്ങളും ആൽബങ്ങളുമടക്കം എൺപതിനായിരത്തിലേറെ പാട്ടുകളാണ് ആ സ്വരമാധുരിയിൽ വിരിഞ്ഞത്. എഴുതരം ശബ്ദങ്ങളിൽ, ഏഴു ശൈലിയിലുള്ള ഗാനാലാപനം. ലോകത്തിന് മുന്നില് അത്ഭുതമാവുകയാണ് മലയാളത്തിന്റെ ഗാനഗന്ധർവ്വൻ.
ALSO READ;കൊടുമൺ പോറ്റിയുടെ കളി ഇനി ഹോളിവുഡിൽ; പ്രദർശനം ഓസ്കർ അക്കാദമി മ്യൂസിയത്തിൽ
ഏഴുസ്വരങ്ങളാൽ തീർത്ത വാർമഴവില്ലായി മലയാളിയുടെ മനസ്സിൽ പെയ്തിറങ്ങുന്ന ഗാനങ്ങൾ അനുരാഗമായി, ആശ്വാസമായി, തണലായി, താരാട്ടായി, വിരഹമായി, വേദനയായി മലയാളിയിൽ നിറയുന്ന സ്വരമാധുര്യം. കാലാതീതമായ ആ ഗന്ധർവധാരയ്ക്ക് ഒരായിരം ജന്മദിനാശംസകൾ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

