കന്നഡ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണം; ‘ലോക’യിലെ സംഭാഷണങ്ങളിൽ മാറ്റം, ഖേദം പ്രകടിപ്പിച്ച് കമ്പനി

LOKAH CHAPTER 1 DAILOGUE KANNADA

കന്നഡ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യിലെ സംഭാഷണത്തിൽ മാറ്റം വരുത്തുമെന്ന് നിര്‍മാതാക്കള്‍. സംഭാഷണങ്ങൾ കന്നഡ വികാരത്തെ വ്രണപ്പെടുത്തണമെന്നുദ്ദേശിച്ചിട്ടുള്ളതല്ലെന്ന് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി അറിയിച്ചു.

‘ഞങ്ങളുടെ ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണം കര്‍ണാടകയിലെ ജനങ്ങളുടെ വികാരത്തെ അവിചാരിതമായി വ്രണപ്പെടുത്തിയതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. മറ്റെല്ലാത്തിനുമുപരി, മനുഷ്യര്‍ക്കാണ് വേഫെറര്‍ ഫിലിംസ് സ്ഥാനം നല്‍കുന്നത്. ഞങ്ങള്‍ക്കുണ്ടായ വീഴ്ചയില്‍ അഗാധമായി ഖേദിക്കുന്നു. ഇതിലൂടെ ഞങ്ങള്‍ ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. പ്രസ്തുത സംഭാഷണം എത്രയും വേഗം നീക്കംചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുന്നതായിരിക്കും. ഇതുമൂലമുണ്ടായ വിഷമത്തിന് ഞങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ക്ഷമാപണം സ്വീകരിക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു’- എന്നാണ് വേഫെറര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ALSO READ: ‘കൂലി’ സൈഡായി; നാലാം ദിവസവും കോടികൾ കൊയ്ത് ലോക

ബെംഗളൂരുവിനെ പാര്‍ട്ടിയുടേയും മയക്കുമരുന്നിന്റേയും ഹബ്ബായി ചിത്രീകരിക്കുന്നു എന്ന ആരോപണവുമായി കന്നഡ സിനിമാ മേഖലയില്‍നിന്നുള്ളവര്‍ തന്നെ ‘ലോക’യ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു. ബെംഗളൂരുവിലെ പെണ്‍കുട്ടികളെ അപമാനിക്കുന്നുവെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. പിന്നാലെ സംഭവം അന്വേഷിക്കുമെന്ന് ബെംഗളൂരു പോലീസ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് അറിയിച്ചു.

ആദ്യ ദിവസം ചിത്രം കേരളത്തിൽ നിന്നും കളക്റ്റ് ചെയ്തത് 3.20 കോടിയാണ്. രണ്ടാം ദിവസം 4.50 കോടി, മൂന്നാം ദിവസം 9 കോടി, നാലാം ദിവസം 11.50 കോടി എന്നിങ്ങനെ കോടികൾ ഇതിനോടകം വാരിക്കഴിഞ്ഞു. ഞായറാഴ്ച മാത്രം ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത് 28.4 കോടി ഗ്രോസാണ്.

വിദേശമാർക്കറ്റിലും ചിത്രം നല്ല രീതിയിൽ കളക്ഷൻ നേടി മുന്നേറുകയാണ്. പ്രത്യേകിച്ച് അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ ലോക ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു. ചിത്രത്തിന്റെ ഓവർസീസ് കളക്ഷൻ 4 മില്യൺ (₹35 കോടി) കടന്നു എന്നും റിപ്പോർട്ടുണ്ട്. നാലു ദിവസം പിന്നിടുമ്പോൾ ഇതോടെ ചിത്രത്തിന്റെ ലോകവ്യാപകമായ കളക്ഷൻ 63 കോടി കടന്നു.

2013-ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ ദൃശ്യത്തിന്റെ 62 കോടി എന്ന ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡ് ലോക ഇതിനകം മറികടന്നു കഴിഞ്ഞു. ഫെസ്റ്റിവൽ സീസൺ ആയതിനാൽ ചിത്രം അതിവേഗം 100 കോടി ക്ലബിൽ പ്രവേശിക്കുമെന്ന് പ്രവചിക്കുകയാണ് ട്രേഡ് അനലിസ്റ്റുകൾ. ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ഹോളിവുഡ് ലെവലിലുള്ള മേക്കിംഗ് എന്നൊക്കെയാണ് ചിത്രത്തെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. കൽക്കി 2898 എഡി, ബ്രഹ്മാസ്ത്ര തുടങ്ങിയ വലിയ സിനിമകളുമായാണ് സിനിമാ ആരാധകര്‍ ഇപ്പോള്‍ ലോകയെ താരതമ്യപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News