’17-ാം വയസ്സില്‍ അധോലോക നായകന്‍ കരിം ലാലയുമായി ഏറ്റുമുട്ടിയിട്ടുണ്ട്!’; മുംബൈ നാളുകള്‍ ഓര്‍ത്തെടുത്ത് മേജര്‍ രവി

major-ravi-dadar-nair-samajam

മുംബൈയില്‍ ഹോട്ടല്‍ ജീവിതത്തിനിടെ അധോലോക നായകൻ കരിം ലാലയുമായി ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ടെന്ന് മേജർ രവി. ലാല അധോലോക നായകനാണെന്ന് അറിയാതെയായിരുന്നു 17-ാം വയസ്സില്‍ കൊമ്പ് കോര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. ഇത് സദസ്സില്‍ ചിരി പടര്‍ത്തി. മുംബൈയില്‍ നൂറു വര്‍ഷം പിന്നിട്ട ദാദര്‍ നായര്‍ സമാജം ആദ്യ കാലങ്ങളില്‍ നഗരത്തിലെത്തിയിരുന്ന മലയാളി യുവാക്കള്‍ക്ക് അത്താണിയായി, അവര്‍ക്ക് ജീവിതം കെട്ടിപ്പടുക്കാന്‍ സഹായിച്ചിരുന്നുവെന്നത് ശ്ലാഘനീയമാണെന്നും മേജര്‍ രവി പറഞ്ഞു. മുംബൈയിലെ ഏറ്റവും പഴയ മലയാളി കൂട്ടായ്മയുടെ ശതാബ്ദി ആഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഠനം കഴിഞ്ഞ ഒരു ചെറിയ കാലയളവില്‍ താനും മുംബൈയിലുണ്ടായിരുന്നുവെന്ന് മേജര്‍ രവി പറഞ്ഞു. ഒമ്പതാം ക്ലാസ്സില്‍ രണ്ടും വര്‍ഷത്തെയും പത്താം ക്ലാസ്സില്‍ മൂന്ന് വര്‍ഷത്തെയും പഠനം കഴിഞ്ഞാണ് വേറെ ഗതിയില്ലാതെ ജീവിത മാര്‍ഗം തേടി മുംബൈയിലെത്തിയത്. വി ടി സ്റ്റേഷനില്‍ വന്നിറങ്ങി എവിടേക്ക് പോകണമെന്നറിയാതെ മൂന്ന് ദിവസം ചിലവിട്ടു. പിന്നീടാണ് കോളിവാഡയിലെ ഒരു ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള മേനോന്‍സ് റെസ്റ്റോറന്റിലെത്തിയത്. അവിടെ വെച്ചാണ് ലാലയുമായി കൊമ്പുകോർത്തതെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘മോഹൻലാലിന്റെ ആ ഹിറ്റ് കഥാപാത്രത്തിന് പേരിട്ടത് ഇന്നസെന്റ്’: സത്യൻ അന്തിക്കാട്

ചടങ്ങില്‍ കേരള ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങളെക്കുറിച്ചുള്ള ബോധ്യത്തെപ്പോലെ തന്നെ പ്രാധാനപ്പെട്ടതാണ് ഭരണഘടനയില്‍ പ്രതിപാദിച്ചിട്ടുള്ള പൗരന്റെ കര്‍ത്തവ്യങ്ങളെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. അത്തരം കര്‍ത്തവ്യങ്ങളെ കുറിച്ച് സാംസ്‌കാരിക സംഘടനകള്‍ സമൂഹത്തെ ബോധവത്കരിക്കുന്നതിന് നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപെട്ടു.

നൂറു വര്‍ഷം പിന്നിടുന്ന മുത്തശ്ശി സംഘടനയുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കുമ്പോള്‍ പ്രായത്തില്‍ കൂടിയ മുതിര്‍ന്നവരെ കാണുമ്പോഴുള്ള വിനീത ഭാവത്തിലാണ് താനെന്ന് പറഞ്ഞായിരുന്നു കേരള മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ ജയകുമാര്‍ ഐ എ എസ് പ്രസംഗം തുടങ്ങിയത്. അനേകായിരങ്ങള്‍ക്ക് ആശ്രയമായ ഈ സംഘടനയെ നേരായ വഴിയിലൂടെ നയിച്ച പൂര്‍വികര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പ്രകീര്‍ത്തിച്ചു.

സച്ചിന്‍ മേനോന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ് പി പി സുരേഷ്, സെക്രട്ടറി ഉണ്ണി മേനോന്‍, ട്രഷറര്‍ എന്‍ വി പ്രഭാകരന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. മുപ്പത് വര്‍ഷം സംഘടനയുടെ ചെയര്‍മാനായി തുടരാന്‍ കഴിഞ്ഞതിലുള്ള അഭിമാനം പങ്കുവച്ച സച്ചിന്‍ മേനോന്‍, സംഘടനയുടെ താക്കോല്‍ സ്ഥാനങ്ങളിലേക്ക് യുവാക്കള്‍ കടന്നുവരണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. പ്രശസ്ത നര്‍ത്തകി ഉത്തര ശരത്തും സംഘവും അവതരിപ്പിച്ച നൃത്താഞ്ജലി വിസ്മയക്കാഴ്ചയൊരുക്കി. ചലച്ചിത്ര നടി ആശാ ശരത്തിന്റെ മകളും കലാമണ്ഡലം സുമതിയുടെ കൊച്ചുമകളുമാണ് ഉത്തര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News