
ലോകസിനിമയുടെ നെറുകയിൽ മലയാളത്തിന്റെ പെരുമ വിളിച്ചോതിക്കൊണ്ട് മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു. ചരിത്രവും കലയും സാങ്കേതികവിദ്യയും സമ്മേളിക്കുന്ന ഈ വിഖ്യാത തിയേറ്ററിൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് മലയാള സിനിമയ്ക്ക് ലഭിക്കുന്ന ആഗോള അംഗീകാരം സിനിമാ ലോകത്തെ വിസ്മയിപ്പിക്കുകയാണ്. “ഒരു സിംഹത്തിന്റെ ഗാംഭീര്യമുള്ള നടൻ” എന്ന് അമേരിക്കൻ നിരൂപകർ മമ്മൂട്ടിയെ വിശേഷിപ്പിച്ച ഈ ചരിത്ര നിമിഷത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ് ബക്കർ അബുവിന്റെ ഫേസ്ബുക് പോസ്റ്റ് .
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം
ഓസ്കാർ മനയിൽ കയറിയ “സിംഹത്തിൻ്റെ ഗാംഭീര്യമുള്ള നടൻ”
സിനിമയെ ഒരു വിനോദമെന്നതിലപ്പുറം ചരിത്രം, കല, സാങ്കേതികവിദ്യ, രാഷ്ട്രീയം എന്നിവയുടെ കൂട്ടായ്മയായി കാണിക്കുന്ന ഇടമാണ് Academy of Motion Picture Arts and Sciences നാൽ സ്ഥാപിതമായ ലോസ് ആഞ്ചൽസിലെ ഓസ്കാർ അക്കാദമി മ്യൂസിയം തിയ്യേറ്റർ. ഓസ്കാർ ജേതാക്കളുടെയും സിനിമകളുടെയും ഹോളിവുഡ് മാത്രമല്ല ലോകസിനിമയുടെ വൈവിധ്യവും ആഘോഷിക്കുന്ന ഒരിടം കൂടിയാണിത്.
അവിടെയാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത “ഭ്രമയുഗം” ഇന്നലെ പ്രദർശിപ്പിച്ചത്. ഒരു മലയാള സിനിമ, അതും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമക്ക് കിട്ടുന്ന ലോകനിലവാരത്തിലുള്ള പ്രേക്ഷകാoഗീകാരം. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തെ നയിക്കുന്നത് മമ്മൂട്ടി എന്ന നടനാണെന്ന് ഈ കഴിഞ്ഞ ദിനത്തിൽ പ്രമുഖ സംവിധായകൻ സിബി മലയിൽ അഭിപ്രായപ്പെട്ടതിൻ്റെ അന്വർത്ഥം.
ലോസ് ആഞ്ചലസിലെ അക്കാദമി മ്യൂസിയത്തിൽ (ഓസ്കാർ മ്യൂസിയം) ഭ്രമയുഗം പ്രദർശിപ്പിച്ചത് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒരു നിമിഷമായിരുന്നു. ലോകമെമ്പാടുമുള്ള നാടോടിക്കഥകളെ അടിസ്ഥാനമാക്കി മ്യൂസിയം സംഘടിപ്പിച്ച “Where the Forest Meets the Sea: Folklore from Around the World” എന്ന പരമ്പരയിൽ തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ സിനിമ ഇതായിരുന്നു.
പ്രദർശനത്തിന് ശേഷം കാണികളിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും ലഭിച്ച പ്രതികരണങ്ങൾ നമ്മുടെ സിനിമാ ഇൻഡസ്ട്രിക്ക് ഏറെ അഭിമാനിക്കാൻ വകയുള്ളതാണ്.
ALSO READ : സ്ക്രീനിലെ അമ്മയെ ബേസിൽ മകനെ പോലെ ചേർത്തുപിടിച്ചു: അനുഭവം പങ്കുവെച്ച് കുടശ്ശനാട് കനകം
സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രീകരണം നൽകുന്ന അന്തരീക്ഷ വന്യത വിദേശ പ്രേക്ഷകരെ അങ്ങേയറ്റം വിസ്മയിപ്പിച്ചു. 17-ാം നൂറ്റാണ്ടിലെ ആ മനയും അതിലെ ദുരൂഹതയും ഒപ്പിയെടുക്കാൻ നിറങ്ങളുടെ അഭാവം സഹായിച്ചുവെന്ന് അവർ വിലയിരുത്തി. കേരളത്തിലെ ഐതിഹ്യങ്ങളായ ചാത്തനെയും യക്ഷിയെയും കുറിച്ചാണ് സിനിമ സംസാരിക്കുന്നതെങ്കിലും, അധികാരം, അത്യാഗ്രഹം, മനുഷ്യന്റെ അധഃപതനം തുടങ്ങിയ സാർവത്രികമായ പ്രമേയങ്ങൾ അന്താരാഷ്ട്ര പ്രേക്ഷകർക്കും എളുപ്പത്തിൽ ഉൾക്കൊള്ളാനായി. മിഡ്‌സോമർ (Midsommar), ദ വിച്ച് (The Witch) തുടങ്ങിയ ലോകോത്തര ഫോക്ക്-ഹൊറർ ചിത്രങ്ങളോടാണ് പലരും ഇതിനെ താരതമ്യം ചെയ്തത്.
മമ്മൂട്ടിയുടെ അഭിനയ വിസ്മയം:ലോകസിനിമയിലെ ഇതിഹാസ നടന്മാർക്കൊപ്പം നിൽക്കുന്ന പ്രകടനമാണ് മമ്മൂട്ടിയുടേതെന്ന് പലരും അഭിപ്രായപ്പെട്ടു. കൊടുമൺ പോറ്റിയായുള്ള അദ്ദേഹത്തിന്റെ ഭാവമാറ്റങ്ങളും ആധിപത്യം പുലർത്തുന്ന സ്ക്രീൻ പ്രസൻസും കാണികളെ അത്ഭുതപ്പെടുത്തി. എന്തുകൊണ്ട് ഈ സിനിമ ഓസ്കാർ പ്രദർശനത്തിൽ തിരഞ്ഞെടുക്കപ്പെട്ടു എന്ന് പ്രേക്ഷക ചിന്തയുണ്ടാവാം. അതിനുള്ള ഉത്തരം നാടോടിക്കഥകളുടെ സ്വാധീനത്തിലുണ്ട്.
ALSO READ : എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതിയപ്പോഴാണ് ആ ഓട്ടോക്കാരൻ വന്നത്: മണിയൻപിള്ള രാജു
വാമൊഴിയായി കൈമാറി വന്ന നാടോടിക്കഥകൾ എങ്ങനെ സാമൂഹികവും വ്യക്തിപരവുമായ പോരാട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നു എന്നതായിരുന്നു മ്യൂസിയം ഈ പ്രദർശനത്തിലൂടെ ലക്ഷ്യമിട്ടത്.ഭ്രമയുഗ ദൃശ്യങ്ങൾ പഴയകാല ജർമ്മൻ എക്സ്പ്രഷനിസ്റ്റ് സിനിമകളോട് കിടപിടിക്കുന്ന ശൈലിയായി പലർക്കും അനുഭവപ്പെട്ടു. നിശബ്ദതയും നാടൻ താളങ്ങളും ഉപയോഗിച്ച് ഭയം ജനിപ്പിക്കുന്നതിൽ ശബ്ദലേഖനം മികച്ചുനിന്നു.
ബോളിവുഡിന് അപ്പുറം മലയാളം പോലുള്ള പ്രാദേശിക സിനിമകളുടെ കരുത്ത് ലോകത്തിന് കാട്ടിക്കൊടുക്കാൻ രാഹുൽ സദാശിവൻ്റെ എക്കാലത്തെയും ഈ മികച്ച കലാസൃഷ്ടിക്ക് സാധിച്ചിട്ടുണ്ട്. ദൃശ്യഭാഷയുടെ കരുത്ത്: “സംഭാഷണങ്ങൾ മനസ്സിലാകാത്തവർക്ക് പോലും ദൃശ്യങ്ങളിലൂടെ കഥ പറയാൻ ചിത്രത്തിന് സാധിച്ചു” എന്നാണ് പലരും അഭിപ്രായപ്പെട്ടത്. സിനിമയിലെ വെളിച്ചത്തിന്റെയും നിഴലിന്റെയും കളി (Play of light and shadow) അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണെന്ന് അവർ വിലയിരുത്തി.
മമ്മൂട്ടി എന്ന നടൻ: “ഒരു സിംഹത്തിന്റെ ഗാംഭീര്യമുള്ള നടൻ” എന്നാണ് ഒരു അമേരിക്കൻ നിരൂപകൻ മമ്മൂട്ടിയെ വിശേഷിപ്പിച്ചത്. പ്രായത്തെ വെല്ലുന്ന അദ്ദേഹത്തിന്റെ ഊർജ്ജവും, വെറും കണ്ണുകൾ കൊണ്ട് ഭയം ജനിപ്പിക്കാനുള്ള കഴിവും അവരെ അത്ഭുതപ്പെടുത്തി.
സൗണ്ട് ഡിസൈൻ: ചിത്രത്തിലെ ഓരോ ചെറിയ ശബ്ദവും (മഴയുടെ ശബ്ദം, പാത്രങ്ങൾ മുട്ടുന്നത്, ചാത്തന്റെ ചിരി) തീയേറ്ററിൽ വലിയൊരു ഭീതിയുണ്ടാക്കിയെന്ന് പ്രേക്ഷകർ പറഞ്ഞു. ക്രിസ്റ്റോ സേവ്യറുടെ സംഗീതം ഒരു അന്താരാഷ്ട്ര ഹൊറർ സിനിമയ്ക്ക് വേണ്ട നിലവാരം പുലർത്തിയെന്ന് അവർ സാക്ഷ്യപ്പെടുത്തി. മ്യൂസിയം കാണികൾ ഈ ചിത്രത്തെ താഴെ പറയുന്ന ലോകോത്തര സിനിമകളുമായി താരതമ്യം ചെയ്തതായി കാണാം.The Lighthouse (2019) ബ്ലാക്ക് ആൻഡ് വൈറ്റ് ഷോട്ടുകളും പരിമിതമായ കഥാപാത്രങ്ങളും നൽകുന്ന വിചിത്രമായ അനുഭവം. Tumbbad (2018) അത്യാഗ്രഹവും ശാപവും പ്രമേയമാക്കിയ ഫോക്ക്-ഹൊറർ ശൈലി. Onibaba (1964) മനുഷ്യരിലെ ഇരുണ്ട വശങ്ങളെ നാടോടിക്കഥകളുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ജാപ്പനീസ് ക്ലാസിക്.
ALSO READ : ‘ഇതൊക്കെ ആരാണ് പടച്ചു വിടുന്നത് ?’; ധനുഷ് – മൃണാൾ വിവാഹ വാർത്തകളിൽ മൗനം വെടിഞ്ഞ് നടി
ഈ പ്രദർശനത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം, അത് കേവലം ഒരു പ്രാദേശിക സിനിമ എന്നതിലുപരി “വേൾഡ് സിനിമ” എന്ന ഗണത്തിലേക്ക് ഉയർത്തപ്പെട്ടു എന്നതാണ്. അക്കാദമി മ്യൂസിയം ഡയറക്ടർമാർ പോലും സിനിമയുടെ നിർമ്മാണ നിലവാരത്തെ പ്രശംസിച്ചിരുന്നു.ഭ്രമയുഗം ഇത്ര വലിയ തലത്തിൽ ചർച്ച ചെയ്യപ്പെട്ട സ്ഥിതിക്ക്, ലോകമെമ്പാടുമുള്ള ചലച്ചിത്ര മേളകളിൽ ഇനിയും കൂടുതൽ പ്രദർശനങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഭ്രമയുഗ പോറ്റി. കൊടുമൺ പോറ്റിയായിട്ടാണ് അയാൾ ജനിച്ചതെന്ന് പറയാം. മനുഷ്യരെ നിയന്ത്രിക്കുമ്പോൾ മാത്രമാണ് അയാൾക്ക് ജീവൻ. മറ്റുള്ളവരുടെ ഭയമാണ് പോറ്റിയുടെ ആഹാരം.ആരെങ്കിലും തല ഉയർത്തുമ്പോൾ, അത് തകർക്കുക എന്നതാണ് അയാളുടെ സ്വഭാവം. സിംഹത്തിൻ്റെ ഗാംഭീര്യത്തോടെയാണ് പോറ്റി ഓസ്കാർ മനയിൽ ആഗോള പ്രേക്ഷകരെ ഇരുട്ടിൽ നിന്നും വിറപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


