
ജി ആർ അനുരാജ്
നാല് പതിറ്റാണ്ടിലേറെയായി മലയാളി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി വീണ്ടുമൊരു പുരസ്ക്കാരത്തിളക്കത്തിൽ. അതിരുകളില്ലാത്ത അഭിനയമികവിന്‍റെ പാരമ്യത്തിലാണ് നമ്മുടെ സ്വന്തം മമ്മൂക്ക. ഭ്രമയുഗം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പകർന്നാട്ടം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയത് മറ്റൊരു തലത്തിലേക്കാണ്. ഈ ചിത്രത്തിൽ കൊടുമൺ പോറ്റി, ചാത്തൻ എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി മികവുറ്റതാക്കിയത്. ഈ പ്രകടനത്തിനാണ് അദ്ദേഹം മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സ്വന്തമാക്കിയത്. ഇത് ഏഴാം തവണയാണ് മമ്മൂട്ടി സംസ്ഥാന പുരസ്ക്കാരം നേടുന്നത്.
തന്‍റെ അഭിനയമികവ് കാലാതീതമാണെന്ന് ഉറക്കെ വിളിച്ചുപറയുകയാണ് മമ്മൂട്ടി. അഭിനയത്തോടുള്ള അഭിനിവേശം നാൾക്കുനാൾ, വർദ്ധിച്ചു വരികയാണെന്നതിന്‍റെ തെളിവാണ് പുതുമയുള്ളതും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങൾക്കായുള്ള അദ്ദേഹത്തിന്റെ അന്വേഷണം. കഴിഞ്ഞ കുറച്ചുകാലമായി മമ്മൂട്ടി അവതരിപ്പിക്കുന്ന വ്യത്യസ്തതയാർന്ന കഥാപാത്രങ്ങളും പുതുമയേറിയ പ്രമേയങ്ങൾ നിർമിക്കാനുള്ള മനസും മലയാള സിനിമയോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധതയാണ് അടയാളപ്പെടുത്തുന്നത്.
ALSO READ; 55-ാം സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ – മമ്മൂട്ടി, മികച്ച നടി – ഷംല ഹംസ
രാഹുൽ സദാശിവൻ എന്ന യുവ സംവിധായകന്‍റെ രണ്ടാമത്തെ ചിത്രം മാത്രമാണ് ഭ്രമയുഗം. ചെറുപ്പക്കാരെ പ്രോൽസാഹിപ്പിക്കുന്ന മമ്മൂട്ടിയുടെ നിലപാട് കൂടിയാണ് ഇത്തരമൊരു സിനിമയിൽ അഭിനയിക്കാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനത്തിന് പിന്നിൽ. ഈ ചിത്രത്തിൽ, സ്വന്തം ഇരുണ്ട പൈതൃകത്തിൽ കുടുങ്ങിയ നിഗൂഢ ഫ്യൂഡൽ പ്രഭുവായ കൊടുമൺ പോറ്റിയുടെയും പുരാതന ശക്തിയുടെയും ഭയത്തിന്റെയും മൂർത്തീഭാവമായ ചാത്തന്റെയും സങ്കീർണ്ണമായ ഇരട്ട വേഷങ്ങളാണ് മമ്മൂട്ടി ചെയ്തത്. അവിസ്മരണീയമായ പ്രകടനം തന്നെയാണ് അദ്ദേഹം ഈ സിനിമയിൽ കാഴ്ചവെച്ചത്. ഹൊറർ, മിത്തോളജി, സൈക്കോളജിക്കൽ ഡ്രാമ എന്നീ വിഭാഗങ്ങളുടെ സമന്വയം കൂടിയാണ് ഭ്രമയുഗം എന്ന സിനിമ. മനുഷ്യന്റെ ബലഹീനത, അഹംഭാവം, എല്ലാത്തിനും മുകളിലെന്ന ഭാവം എന്നിവയിലൂന്നിയ തന്‍റെ കഥാപാത്രങ്ങളെ പകർന്നാടാനുള്ള വളരെ വിശാലമായ ക്യാൻവാസാണ് ഭ്രമയുഗം മലയാളത്തിന്‍റെ മഹാനടന് മുന്നിൽവെച്ചത്.
എത്ര മികവോടെയും സംയമനത്തോടെയുമാണ് കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത് – ഓരോ നോട്ടത്തിലും, ഭാവത്തിലുമൊക്കെ കാണുന്നവരിൽ ഭയം നിറയ്ക്കാൻ കൊടുമൺ പോറ്റിയ്ക്ക് സാധിച്ചു. എന്നാൽ ഇതിൽനിന്ന് നേരെ വിപരീതമായിരുന്നു ചാത്തനിലേക്കുള്ള അദ്ദേഹത്തിന്‍റെ പരകായ പ്രവേശം. തികച്ചും വ്യത്യസ്തമായ രണ്ട് വ്യക്തിത്വങ്ങൾ തമ്മിലുള്ള ഈ പകർന്നാട്ടം മമ്മൂട്ടിയിലെ അസാധാരണവും ആഴമേറിയതുമായ അഭിനയപ്രതിഭയെയാണ് അടയാളപ്പെടുത്തുന്നത്.
ALSO READ; ഹാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഭ്രമയുഗം മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ല് മാത്രമല്ല; മലയാള സിനിമയുടെ തന്നെ വഴിത്തിരിവായി വിശേഷിപ്പിക്കാം. അതിശയിപ്പിക്കുന്ന തരത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിമിൽ ചിത്രീകരിച്ച ഈ ചിത്രം കഥപറച്ചിലിന്റെയും ആഖ്യാന പരീക്ഷണത്തിന്റെയും അതിരുകൾ ഭേദിക്കുന്ന ഒന്നാണെന്ന് പ്രമുഖർ ഇതിനോടകം നിരീക്ഷിച്ചിട്ടുണ്ട്. പ്രായമത്തെ മറികടക്കുന്ന ധീരവും അസാധാരണവുമായ വേഷങ്ങൾ ഏറ്റെടുക്കാനുള്ള മമ്മൂട്ടിയുടെ അഭിനിവേശം പുതിയ തലമുറയിലെ ചലച്ചിത്ര പ്രവർത്തകർക്കും അഭിനേതാക്കൾക്കും ഒരുപോലെ പ്രചോദനമാണ്. ഒരു പ്രേതഭവനത്തിന്റെ ഭയാനകമായ നിശബ്ദതയെ നിയന്ത്രിക്കുന്നതോ നാടോടിക്കഥകളുടെ നിഗൂഢ ശക്തികളെ ഉൾക്കൊള്ളുന്നതോ ആയാലും, സ്‌ക്രീനിൽ മമ്മൂട്ടിയുടെ സാന്നിധ്യം കാന്തികമാണ്.
ഏഴാം തവണയും മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് നേടിയത് മറ്റൊരു അംഗീകാരമല്ല – അഭിനയപ്രതിഭകളുടെ ബാഹുല്യവും മികവുറ്റ പ്രമേയങ്ങളുംകൊണ്ട് ഏറെ മത്സരാധിഷ്ഠിതമാണ് മലയാള സിനിമ. ഒരു വടക്കൻ വീരഗാഥ മുതൽ ഡോ. ദാദാസാഹേബ് അംബേദ്കർ, ഇപ്പോൾ ഭ്രമയുഗം വരെ, അദ്ദേഹത്തിന്റെ പ്രകടനങ്ങൾ കാലഘട്ടങ്ങളെയും തലമുറകളെയും മറികടക്കുന്ന ഒന്നാണെന്ന് തന്നെ പറയേണ്ടിവരും.
ഭ്രമയുഗം റിലീസായപ്പോൾ, അത് പ്രേക്ഷകരുടെ പ്രശംസ നേടുകയും വലിയ തോതിലുള്ള ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തിരുന്നു. ഒരു കാര്യം വളരെ ക്ലിയറാണ്: മമ്മൂട്ടി ഒരു മഹാനടൻ എന്നതിലുപരി സിനിമയെന്ന കലയെ തന്നെ മാറ്റിമറിക്കുകയും കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരാൻ സഹപ്രവർത്തകരെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന സമാനതകളില്ലാത്ത വ്യക്തിത്വം കൂടിയാണ്. കൊടുമൺ പോറ്റിയെയും ചാത്തനെയും അവതരിപ്പിച്ചത് ഒരു പ്രകടനമായി മാത്രമല്ല, ഒരു അനുഭവമായും ഓർമ്മിക്കപ്പെടും – അധികാരത്തിന്റെയും മരണത്തിന്റെയും മിത്തിന്റെയും ഹൃദയത്തിലേക്കുള്ള കാവ്യാത്മക യാത്ര.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

