
മലയാള സിനിമയിലെ കരുത്തുറ്റ സാന്നിധ്യമാണ് മംമ്ത മോഹൻദാസ്. മലയാളികൾക്ക് എന്നും ഓർത്തുവെയ്ക്കാനായി ഒരുപിടി നല്ല കഥാപാത്രങ്ങളെയാണ് താരം നമുക്കായി സമ്മാനിച്ചത്. വ്യക്തിജീവിതത്തിൽ വന്ന പല പ്രശ്നങ്ങളെയും രോഗാവസ്ഥയെയും ചെറുത്ത് നിന്നാണ് അവരുടെ ഇന്നത്തെ വളർച്ച. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ നേരിട്ട ഒരു വലിയ ആഘാതത്തെക്കുറിച്ച് മംമ്ത വെളിപ്പെടുത്തുകയാണ്. ഒരു അഭിമുഖത്തിൽ ആയിരുന്നു താരം ഈ കാര്യത്തെ കുറിച്ച് സംസാരിച്ചത്.
മലയാളത്തിലെ പ്രമുഖനായ ഒരു നടൻ തന്നെ ഡേറ്റിങിന് ക്ഷണിച്ചതായും, അമ്മയുടെ അനുവാദത്തോടെ അതിന് സമ്മതിച്ചതായും താരം പറയുന്നു. എന്നാൽ ആ നടന്റെ വിവാഹനിശ്ചയം ഒരു മാസം മുൻപ് കഴിഞ്ഞ കാര്യറിഞ്ഞപ്പോൾ താൻ വലിയ ഷോക്കിലായെന്നും മംമ്ത കൂട്ടിച്ചേർത്തു. രോഗം സ്ഥിരീകരിച്ചതിന് ശേഷം ഒരു പെൺകുട്ടി എന്ന നിലയിലുള്ള തന്റെ പ്രതീക്ഷകൾ പൂർത്തിയാക്കുന്നതിനിടയിലാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടായതെന്നും, പ്രണയബന്ധങ്ങളെക്കുറിച്ച് അന്ന് തനിക്ക് വലിയ ധാരണയില്ലായിരുന്നുവെന്നും താരം ഓർത്തെടുത്തു.
ALSO READ: “ഒരു സിംഹത്തിന്റെ ഗാംഭീര്യമുള്ള നടൻ” ; ഓസ്കാർ മ്യൂസിയത്തിൽ ഭ്രമയുഗം തീർത്തത് സമാനതകളില്ലാത്ത ചരിത്രം
മുൻ ഭർത്താവ് പ്രജിത്തിനെ അദ്ദേഹത്തിന്റെ ഇരട്ട സഹോദരിയുടെ വിവാഹത്തിൽ വെച്ചാണ് മംമ്ത ആദ്യമായി കാണുന്നത്. താല്പര്യങ്ങൾ സമാനമാണെന്ന് കണ്ടപ്പോൾ പ്രജിത്ത് വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു. ബഹ്റൈനിലെ വലിയൊരു ബിസിനസ് കുടുംബത്തിലേക്ക് മകൾ പോകുന്നതിനെക്കുറിച്ച് മംമ്തയുടെ അമ്മയ്ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ, തന്റെ ആരോഗ്യപ്രശ്നങ്ങൾക്കിടയിൽ തനിക്ക് ഒരു കൂട്ട് വേണമെന്ന വാശിയിൽ മംമ്തയാണ് ആ വിവാഹത്തിന് മുൻകൈ എടുത്തത്. എന്നാൽ ആറ് മാസത്തിന് ശേഷം ആ ബന്ധത്തിൽ നിന്നും പുറത്ത് കടക്കേണ്ടി വന്നുവെന്നും താരം വ്യക്തമാക്കി. വിവാഹമോചനത്തിന് പിന്നാലെ ഉണ്ടായ മറ്റൊരു ബന്ധം ഒരു ‘റീബൗണ്ട്’ മാത്രമായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞതായും മംമ്ത പറഞ്ഞു.
കരിയറിന്റെ ഔന്നത്യത്തിൽ നിൽക്കുമ്പോഴാണ് മംമ്തയെ കാൻസർ ബാധിക്കുന്നത്. എന്നാൽ രോഗത്തിന് മുന്നിൽ തളരാതെ രണ്ടുതവണ അതിനെ തോൽപ്പിച്ച് താരം സിനിമയിലേക്ക് ശക്തമായി തിരിച്ചുവന്നു. ഇപ്പോൾ ‘വിറ്റിലിഗോ’ എന്ന ചർമ്മരോഗത്തെയും ഒട്ടും ഭയമില്ലാതെയാണ് മംമ്ത നേരിടുന്നത്. ശാരീരികവും വ്യക്തിപരവുമായ തകർച്ചകൾക്കിടയിലും താരം പുലർത്തുന്ന ആത്മവിശ്വാസം ഏവർക്കും മാതൃകയാണ്. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന അതിജീവനത്തിന്റെ വലിയൊരു പാഠപുസ്തകമായി മംമ്ത മോഹൻദാസ് ഇന്നും തിളങ്ങിനിൽക്കുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

