‘ഗുണാ കേവ്‌സ്’ വീണ്ടും ചര്‍ച്ചയാകുന്നു ! ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം

ചിദംബരത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ അനൗണ്‍സ്‌മെന്റ് വന്നത് മുതല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച സിനിമയാണ്. ഫെബ്രുവരി 22ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘ഗുണാ കേവ്‌സ്’ ഉം അതിനോടനുബന്ധിച്ച് നടന്ന യഥാര്‍ത്ഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ഒരു സര്‍വൈവല്‍ ത്രില്ലറാണിത്. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ട്രെയിലര്‍ കണ്ട പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയകളില്‍ ഒന്നടങ്കം ‘ഗുണാ കേവ്‌സ്’ ഉം ‘ഡെവിള്‍സ് കിച്ചന്‍’ ഉം ചികഞ്ഞതോടെ ചിത്രം പറയാന്‍ പോവുന്ന കഥ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

‘ഡെവിള്‍സ് കിച്ചന്‍’ എന്നറിയപ്പെടുന്ന ‘ഗുണാ കേവ്‌സ്’ കൊടൈക്കനാല്‍ ടൗണിന് പുറത്താണ് സ്ഥിതി ചെയ്യുന്നത്. 1821-ല്‍ ബ്രിട്ടീഷ് ഫോറസ്റ്റ് ഓഫീസറായിരുന്ന ബി എസ് വാര്‍ഡാണ് ഈ ഗുഹ കണ്ടെത്തിയത്. സമുദ്ര നിരപ്പില്‍ നിന്നും 2230 മീറ്റര്‍ ഉയരത്തിലായാണ് ഇതിന്റെ സ്ഥാനം. അധികാരികള്‍ ഗുഹക്ക് ചുറ്റും സംരക്ഷണഭിത്തി കെട്ടിയിട്ടുണ്ടെങ്കിലും പലര്‍ക്കും അങ്ങോട്ടേക്ക് പോവാന്‍ ഭയമാണ്. കണക്കുകള്‍ പ്രകാരം ഏകദേശം 13 പേരാണ് വവ്വാലുകള്‍ സ്ഥിര താമസമാക്കിയ ഈ ഗുഹയില്‍ വീണ് മരണപ്പെട്ടിട്ടുള്ളത്. ചെകുത്താന്റെ അടുക്കളയില്‍ വീണിട്ടും ജീവനോടെ രക്ഷപ്പെട്ട ഒരു മലയാളിയുണ്ട്. 2006-ല്‍ എറണാകുളത്ത് നിന്നും കൊടൈക്കനാലിലേക്ക് വിനോദ സഞ്ചാര യാത്രക്ക് എത്തിയ സംഘത്തിലെ യുവാക്കളില്‍ ഒരാളാണ് ആ ഭാഗ്യവാന്‍. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഏകദേശം 600 അടിയോളം ചെന്നെത്തുന്ന ഈ ഗുഹ യഥാര്‍ത്ഥത്തില്‍ ഒരു അത്ഭുത കാഴ്ച സമ്മാനിക്കുന്നുണ്ട്. പൈന്‍ മരങ്ങളുടെ വേരുകളാല്‍ ചുറ്റപ്പെട്ട അതിന്റെ പ്രകൃതി ഭംഗി കാണാനുള്ള ആഗ്രഹത്തിലാണ് പലരും ഗുഹയിലേക്ക് ഇറങ്ങുന്നത്.

1992-ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം ‘ഗുണ’യിലെ ‘കണ്മണി അന്‍പോട് കാതലന്‍’ എന്ന ഗാനവും സിനിമയുമൊക്കെ പാതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് ‘ഡെവിള്‍സ് കിച്ചന്‍’ ഗുഹയിലാണ്. സിനിമ പുറത്തിറങ്ങിയതില്‍ പിന്നെയാണ് ഈ ഗുഹ ‘ഗുണ ഗുഹ’ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. ഗുഹക്ക് സമീപത്തായി ഒരു വാച്ച് ടവര്‍ നിര്‍മ്മിച്ചിട്ടുണ്ട്. കൊടൈക്കനാലിന്റെ മനോഹരമായ കാഴ്ചയും കാലാവസ്ഥയും ആസ്വദിക്കാന്‍ കഴിയുന്ന സ്ഥലമാണ് ഈ വാച്ച് ടവര്‍.

Also Read : ക്യാരറ്റുണ്ടോ വീട്ടില്‍ ? പല്ലിലെ മഞ്ഞ നിറം ദിവസങ്ങള്‍ക്കുള്ളില്‍ മാറാന്‍ ഒരു എളുപ്പവഴി

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായ് ചിത്രികരണം പൂര്‍ത്തിയാക്കിയ ചിത്രം ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നടന്‍ സലിം കുമാറിന്റെ മകന്‍ ചന്തു സുപ്രധാനമായോരു വേഷം ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്.

ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈന്‍: ഷിജിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, സൗണ്ട് മിക്‌സ്: ഫസല്‍ എ ബക്കര്‍, ഷിജിന്‍ ഹട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: അജയന്‍ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിനു ബാലന്‍, കാസ്റ്റിംഗ് ഡയറെക്ടര്‍: ഗണപതി, വസ്ത്രാലങ്കാരം: മഹ്‌സര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആക്ഷന്‍: വിക്രം ദഹിയ, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആര്‍&മാര്‍ക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News