
മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിന് അന്നുമിന്നും പ്രത്യേക ഫാൻ ബേസുണ്ട്. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. എന്നാൽ ഇത്തവണ സിനിമയ്ക്കായല്ല ഇരുവരും കൈകോർക്കുന്നത്. മറിച്ച് പരസ്യത്തിനായാണ്, അതും നമ്മുടെ സ്വന്തം കെഎസ്ആർടിസിയുടെ പരസ്യത്തിനായി. ഏതായാലും ആരാധകർ ആവേശത്തിലാണ്.
KSRTC Ad shoot. Directed by Priyadarshan ❤️#Mohanlal pic.twitter.com/gCsB4fZ40a
— Film Wood Fiscal (@FilmWoodFiscal) February 10, 2026
തൊടുപുഴയിലാണ് പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസിഡർ ആയ നമ്മുടെ സ്വന്തം മോഹൻലാൽ കെഎസ്ആർടിസി പരസ്യചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞുവെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്. ഇതൊരു വെറും പരസ്യ ചിത്രമല്ലെന്നും മലയാളിയുടെ ഗൃഹാതുരത്വത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണെന്നും മന്ത്രി പറഞ്ഞു.
ALSO READ: ആരാധകർ പറയുന്നു “പ്രഭാസ് ഈ മലങ്കൾട്ട് പരിപാടി ഇനിയെങ്കിലും ഒന്നു നിർത്തു”
‘മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ട് (Lalettan x Priyan) ഒരുവശത്ത്, മറുവശത്ത് മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ ആനവണ്ടി. ഈ കോംബോ വരുമ്പോൾ അത് വെറുമൊരു പരസ്യമായിരിക്കില്ല, മറിച്ച് ഓരോ മലയാളിയുടെയും ഉള്ളുതൊടുന്ന ദൃശ്യവിരുന്നായിരിക്കും എന്ന് ഉറപ്പ്. ജീവിതത്തിൽ ഒരിക്കലെങ്കിലും കെഎസ്ആർടിസിയിൽ യാത്ര ചെയ്യാത്ത, ലാലേട്ടന്റെ ഒരു സിനിമയെങ്കിലും കാണാത്ത മലയാളികൾ ഉണ്ടാകില്ലെന്ന് അറിയാം. ഇനി യാത്രകളെല്ലാം നമ്മുടെ സ്വന്തം കെഎസ്ആർടിസിയിൽ’, മന്ത്രി കുറിച്ചു.
അതേസമയം 2021ൽ പുറത്തിറങ്ങിയ ‘മരക്കാർ: അറേബ്യൻ കടലിന്റെ സിംഹം’ എന്ന ചിത്രത്തിലായിരുന്നു മോഹൻലാലും പ്രിയദർശനും അവസാനമായി ഒന്നിച്ചത്. ഈ ഹിറ്റ് കോംബോയിൽ പിറക്കുന്ന മാജിക് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. തന്റെ സിനിമകളുടെയും ഒപ്പം ഓർമ്മക്കുറിപ്പിന്റെയും പണിപ്പുരയിലാണ് പ്രിയദർശൻ ഇപ്പോൾ. 2025ൽ ‘ഭൂത് ബംഗ്ല’, ‘ഹൈവാൻ’ എന്നീ രണ്ട് ചിത്രങ്ങൾ അദ്ദേഹം പൂർത്തിയാക്കി. ഒരേ സമയം താൻ എഴുതുകയും സിനിമയെടുക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു. 2027ൽ പുസ്തകം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


