
സത്യൻ അന്തിക്കാട് രചനയും സംവിധാനവും നിർവഹിച്ച ഒരു സിനിമയുണ്ട്, വിനോദയാത്ര. നിരുത്തരവാദിയായ വിനോദ് എന്ന ചെറുപ്പക്കാരന്റെ കഥ പതിവ് അന്തിക്കാടൻ രസക്കൂട്ടിൽ നിർമിച്ചെടുത്ത ഒരു സിനിമ. അതിൽ വിനോദിനെ നായിക ജീവിതം പഠിപ്പിക്കുന്ന ഒരു രംഗമുണ്ട്. ഒരു കിലോ അരിയ്ക്ക് ഇപ്പോൾ എന്താ വിലയെന്ന് നായിക ചോദിക്കുമ്പോൾ നായകന് അതിൽ ഉത്തരമില്ല. പിന്നെയങ്ങോട്ട് വെളിച്ചെണ്ണയുടെയും ഉള്ളിയുടെയും മുളകിന്റെയും ഉപ്പിന്റെയുമെല്ലാം വിലയും കറന്റ് ചാർജുമൊക്കെ ചോദിക്കുന്നുണ്ട്. പക്ഷേ നായകന് അതൊന്നും അറിയില്ലായിരുന്നു. അപ്പോഴിതാ ജാള്യത്തിൽ നിൽക്കുന്ന നായകന്റെ കണ്ണുതുറപ്പിക്കുന്ന ആ മാസ് ഡയലോഗ് നായിക പറയുന്നു.
‘സ്വന്തം വീട്ടിൽ ഉപയോഗിക്കുന്ന സാധനങ്ങളെപ്പറ്റി ഒന്നും അറിയില്ല, ബേസിക്കായ കാര്യങ്ങളിൽ നിന്ന് വേണം അറിവ് തുടങ്ങാൻ’. ഇനി പറയുന്നതാണ് കേട്ടോ ഹൈലൈറ്റ്! ബേസിക്കായ കാര്യങ്ങളറിയാതെ ഇറാക്കിൽ അമേരിക്ക എത്ര പട്ടാളക്കാരെ അയച്ചു, ഉത്തരകൊറിയ അണു പരീക്ഷണം നടത്തിയോ, ഫിദൽ കാസ്ട്രോ ക്യൂബ ഭരിക്കാൻ തുടങ്ങിയിട്ട് എത്ര നാളായി, ഇതൊന്നും ഒരു ശരാശരി മലയാളിയുടെ വിഷയമേയല്ല. കൺമുമ്പിൽ ഉള്ള ജീവിതം കാണാതെ എത്ര ഓണം ഉണ്ടിട്ട് എന്താ കാര്യം.’ വൗ നായകൻ ഫ്ലാറ്റ്. നായകൻ വാ പൊളിച്ച് നിൽക്കുന്നതുപോലെ പ്രേക്ഷകരും നിൽക്കുമെന്നാണോ കരുതിയത്?
ലോകത്ത് മറ്റെവിടെയും നടക്കുന്ന കാര്യങ്ങൾ നമ്മളെ ബാധിക്കില്ലെന്ന പൊട്ടക്കിണറ്റിലെ ഐഡിയോളജി ഇനിയും കാലഹരണപ്പെട്ടില്ലേ? വെനസ്വേലക്കെതിരായ അമേരിക്കൻ ആക്രമണത്തിൽ ഇങ്ങ് കേരളത്തിലെ ഗ്രാമവീഥികളിൽപ്പോലും മുദ്രാവാക്യം ഉയരുന്നതിനെ കളിയാക്കുന്നവർക്ക് ഇനിയെന്നാണ് നേരം പുലരുക. പലസ്തീൻ ജനതയ്ക്ക് പിന്തുണ കൊടുക്കുന്ന ചിലർ വെനസ്വലയെ അമേരിക്ക ആക്രമിച്ച നടപടിയെ ശ്ലാഖിക്കുന്നത് മറ്റൊരു അത്ഭുതം.
ഒരു രാജ്യത്തിന് ഒറ്റയ്ക്കൊരു നിലനിൽപ്പ് സാധ്യമാണോ? ലോകത്തെവിടെയും നടക്കുന്ന സംഭവവികാസങ്ങളും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരുരീതിയിൽ നമ്മുടെ രാജ്യത്തെയും ബാധിക്കും. അമേരിക്കയുടെ അനുമതി ലഭിക്കാത്തതുമൂലം ഇന്ത്യയിലെ ചെമ്മീൻ കയറ്റുമതി നടക്കാതെ കിടന്നത് മറന്നുപോയോ? അമേരിക്കയുടെ ഉപരോധവും ഭീഷണിയും ഇല്ലായിരുന്നെങ്കിൽ റഷ്യയിൽ നിന്നും വെനസ്വേലയിൽ നിന്നുമൊക്കെ ലാഭത്തിൽ എണ്ണ വാങ്ങാമല്ലോ. സ്വാഭാവികമായും സാധനങ്ങളുടെ വിലയിലും കുറവുവരും.
ലോകപൊലീസാവാൻ ശ്രമിക്കുന്ന അമേരിക്കയെന്ന തെമ്മാടി രാഷ്ട്രത്തിന്റെ കടന്നുകയറ്റവും നയങ്ങളുമെല്ലാം ഇങ്ങ് ഇന്ത്യയിലും കേരളത്തിലുമെല്ലാം പ്രതിഫലിക്കുമെന്നേ. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ വലിയ വില നല്‍കേണ്ടിവരുമെന്ന ട്രംപിന്റെ ഭീഷണി മോദിയുടെ തലയ്ക്ക് മുകളിലുണ്ട്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള തീരുവ ഇനിയും ഉയര്‍ത്തിയേക്കുമെന്ന ട്രംപിന്റെ ഭീഷണി വേറെ. ലോകത്തെവിടെ നടക്കുന്ന സംഭവവികാസങ്ങളും ലോകത്തെവിടെയുമുള്ള എല്ലാ മനുഷ്യരിലും സ്വാധീനം ചെലുത്തും. അതുകൊണ്ട് വെനസ്വേലയിലെ അമേരിക്കയുടെ കടന്നുകയറ്റവും നമ്മള്‍ ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. വെനിസ്വലൻ ഐക്യദാർഢ്യത്തിനെതിരെ കേരളത്തിലെ വലതുപക്ഷ പിന്തിരിപ്പൻമാർ വാളെടുക്കുമ്പോള്‍ പ്രതിഷേധം കൂടുതൽ ഉച്ചത്തിലാക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

