
‘ദലിത് ആദിവാസി വിദ്യാർത്ഥികൾ നിരന്തര പീഡനങ്ങൾക്കിരയാകുന്നു. അതേസമയം അവർക്ക് ഉയർന്ന ആഗ്രഹങ്ങളുണ്ട്. ആഗ്രഹങ്ങളും പ്രതീക്ഷകളുമുള്ള കുട്ടികളും അതിന് പ്രതിബന്ധം നിൽക്കുന്ന വ്യവസ്ഥിതിയും തമ്മിൽ നിരന്തരം സങ്കർഷമുണ്ടാകുന്നു. അതിൽ നിന്ന് പുതിയ രസതന്ത്രമുണ്ടാകുന്നു. അത് ചെറുത്തുനിൽപ്പിൻ്റെ പ്രക്രിയക്ക് രൂപം നൽകുന്നു’ തൻ്റെ ജീവിതസമരം വരച്ചിട്ട ഓർമത്താളുകളിലൊന്നിൽ കുഞ്ഞാമൻ ഇങ്ങനെ പറയുന്നുണ്ട്. ഈ ആശയത്തിൻ്റെ ചലച്ചിത്രാവിഷ്‌കാരമാണ് യഥാർത്ഥത്തിൽ മാരി സെൽവരാജിൻ്റെ ബൈസൺ കാലമാടൻ.
ഒരു സ്പോർട്ട് ഡ്രാമയുടെ ടെംപ്ലേറ്റിൽ കൊമേഷ്യൽ ഘടകങ്ങളെ ബലപ്രദമായി ഉപയോഗിച്ച് മാരി വീണ്ടും രാഷ്ട്രീയം സംസാരിക്കുകയാണ്. ആഗ്രഹങ്ങളെ, ജാതി മതിലുകളുടെയും വേലിക്കെട്ടുകളുടെയും അകത്ത് കെട്ടിയിടാൻ നിർബന്ധിതരാകുന്ന, അവയ്ക്ക് പുറത്തുകടക്കാനൊരുങ്ങിയാൽ നിരന്തരമായി ആക്രമിക്കപ്പെടുന്ന മനുഷ്യരെയാണ് സിനിമ പ്രതിനിധാനം ചെയ്യുന്നത്. ഭരണഘടന മനുഷ്യാന്തസ്സ് നൽകിയപ്പോഴും ചരിത്രപരമായ അടിച്ചമർത്തൽ ഉള്ളിൽ സൃഷ്ടിച്ച ഭയവും, വിധേയത്വവും അവരെ വലയം ചെയ്തിരിക്കുന്ന വേലിക്കെട്ടുകളെ ശക്തമാക്കുന്നു. ആ ഭയമൊന്നുകൊണ്ടുതന്നെയാണ് വേലുസ്വാമിക്ക് കിട്ടനോട് ആദ്യം നീതി പുലർത്താനാകാതെ പോകുന്നതും.
ഒടുവിൽ അരയിലൊരു പിച്ചാത്തിയും കരുതി അത്തരം ഫ്യൂഡൽ മൂല്യങ്ങളെ പൊട്ടിച്ചെറിഞ്ഞ് വേലുസാമി കിട്ടയ്ക്ക് മുന്നേ നടക്കുമ്പോൾ പോരാട്ടത്തിൻ്റെ, ചെറുത്തുനിൽപ്പിൻ്റെ കാഹളം ഉയരുന്നതായി കാണാം. തുടർന്ന് മുന്നോട്ടുപോക്കിൻ്റെ ഓരോ ഘട്ടത്തിലും കിട്ടന് നേരിടേണ്ടി വരുന്ന ആട്ടിയോടിക്കലുകളും വിവേചനങ്ങളും വ്യവസ്ഥിതിയുടെയും സ്ഥാപനങ്ങളുടെയും ജീർണതയിലേക്ക് വിരൽ ചൂണ്ടുന്നു. അത്തരം റെയ്ഡുകളിലെല്ലാം സമൂഹം വരച്ച അതിർത്തി വരയ്ക്കപ്പുറം കിട്ടൻ എത്തിപ്പിടിക്കുന്നു. ഓടി തോൽപ്പിക്കുന്നു.
അടിച്ചമർത്തപ്പെട്ട മനുഷ്യർക്കുവേണ്ടി നിലകൊള്ളുന്നവരെ അവർ എന്നും അവരുടെ ശബ്ദമായിക്കണ്ട് ചേർത്തുപിടിക്കാറുണ്ട്. പാണ്ഡിരാജ തുറന്നു വയ്ക്കുന്ന വിമോചനപോരാട്ടത്തെ ആ മനുഷ്യർ അത്തരത്തിലാണ് നോക്കി കാണുന്നത്. എന്നാൽ ചെറുത്തുനിൽപ്പ് കുടിപ്പകയിലേക്കും ആൾക്കൂട്ടാക്രമണങ്ങളിലേക്കും വഴിമാറുമ്പോൾ അവിടെ നഷ്ടമാകുന്നത് വിമോചനാശയങ്ങളാണെന്നും സൃഷ്ടിക്കപ്പെടുന്നത് വെറുപ്പ് മാത്രമാണെന്നും ചിത്രം വരച്ചുകാട്ടുന്നു.
അടിമുടി രാഷ്ട്രീയമാണ് ബൈസൺ. ജീവിതം തന്നെ സമരമാക്കിയ ഓരോ നിമിഷവും പോരാട്ടമാക്കി മാറ്റിയ ജീവിതങ്ങളെ ചിത്രം കാണിച്ചു തരുന്നു. ഒടുവിൽ ഇന്ത്യൻ കുപ്പായത്തിൽ, നാളിതുവരെ തന്നെ വേട്ടയാടിയ, ആട്ടിയോടിച്ച ജനക്കൂട്ടത്തിനുമുമ്പിൽ ജയിക്കാനുറച്ച് കിട്ട നടത്തുന്ന റെയ്ഡ് ഒരു മുദ്രാവാക്യമായി രൂപാന്തരപ്പെടുന്നു. അത് അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ വിമോചന പോരാട്ടത്തിന് ഊർജം പകരുന്നു. ജാതിയുടെ വേലിക്കെട്ടുകളെ ഇന്നും ദൃഢമാക്കിനിർത്തുന്ന വ്യവസ്ഥിതിയെ കുത്തിമെത്തിച്ച് കുതിച്ചു ചാടുന്ന ബൈസനുകളവുക. പൊരുതി നിൽക്കുക. മാരി പറഞ്ഞു നിർത്തുന്നതതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

