‘ലേറ്റാ വന്താൽ ലേറ്റസ്റ്റാ വരുവേ’; സ്റ്റൈൽമന്നന് പിറന്നാളാശംസകളുമായി മന്ത്രി മുഹമ്മദ് റിയാസ്

Muhammad Riyas

തെന്നിന്ത്യയുടെ സ്റ്റൈൽമന്നൻ രജനീകാന്ത് ഇന്ന് പിറന്നാൾ നിറവിലാണ്. 75-ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിനെ തേടി എണ്ണിയാലൊടുങ്ങാത്ത ആശംസകളാണ് വിവിധ കോണുകളിൽ നിന്നായി ഒഴുകിയെത്തുന്നത്. അക്കൂട്ടത്തിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ ആശംസകളുമുണ്ട്. രജനീകാന്തിന് ‘ഒരു ലേറ്റ് ജൻമദിനാശംസകൾ’ എന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ആശംസകൾ നേരുന്നത്.

കുട്ടിക്കാലത്ത് സിനിമ കാണാൻ തുടങ്ങിയത് മുതൽ രജനീകാന്ത് സിനിമകൾ ഒഴിവാക്കാതെ കണ്ടിരുന്നിട്ടുണ്ടെന്ന് മന്ത്രി പറയുന്നു. കുട്ടിയായിരിക്കേ ‘ഗിരഫ്താർ’ എന്ന ഹിന്ദി പടത്തിൽ രജനീകാന്തിൻ്റെ കഥാപാത്രം മരിക്കുന്നത് കണ്ട് വിഷമിച്ച ഓർമകളും അദ്ദേഹം പങ്കുവച്ചു. വളരെ സിംപിളും ഹംപിളുമായ ഒരു സാധാരണ മനുഷ്യനാണ് രജനിയെന്നും കോഴിക്കോട് ‘ജയിലർ 2’ സിനിമയുടെ ഷൂട്ടിങ്ങിനിടെ കണ്ടപ്പോൾ കേരളത്തിൻ്റെ വിനോദ സഞ്ചാര രംഗത്തെ കുറിച്ചും സാധ്യതകളെ കുറിച്ചും അദ്ദേഹം ഒരുപാട് സംസാരിച്ചെന്നും നിർദേശങ്ങൾ പങ്കുവച്ചെന്നും മന്ത്രി കുറിച്ചു.

Also Read: രജനീകാന്തിൻ്റെ പിറന്നാൾ ആഘോഷമാക്കി ആ​രാധകരും ‌സിനിമ ലോകവും

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ശ്രീ രജനീകാന്തിന് ഒരു ലേറ്റ് ജൻമദിനാശംസകൾ… ചെറുപ്പത്തിൽ സിനിമ കാണാൻ തുടങ്ങിയത് മുതൽ രജനീകാന്ത് എന്ന പ്രതിഭയുടെ സിനിമകൾ ഒഴിവാക്കാതെ കണ്ടിരുന്നിട്ടുണ്ട്. അവിശ്വസനീയമായ രംഗങ്ങൾ ഏറെ ഉണ്ടാകുമെങ്കിലും നന്മയ്ക്കും നീതിക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സിനിമകളാണ് രജനിയുടേത്.

അത്തരത്തിലുളള കഥാപാത്രങ്ങളാണ് അദ്ദേഹം കൂടുതലായും അവതരിപ്പിച്ചിട്ടുള്ളത്.
രജനിയുടെ കഥാപാത്രങ്ങൾക്ക് സിനിമകളിൽ പൊതുവെ മരണവുമുണ്ടാകാറില്ല.
ദളപതിയിൽ മമ്മൂട്ടി കഥാപാത്രമാണോ രജനി കഥാപാത്രമാണോ മരിക്കുക എന്ന ആശങ്കയിൽ അന്ന് രജനി കഥാപാത്രങ്ങൾക്ക് പൊതുവെ മരണമില്ല എന്ന് സിനിമ മേഖലയിൽ ചർച്ചകൾ ഉണ്ടായിരുന്നു.

അമിതാബ് ബച്ചനും കമൽ ഹാസനും രജനീകാന്തും ഒന്നിച്ച് അഭിനയിച്ച ‘ഗിരഫ്താർ’ എന്നൊരു പഴയ ഹിന്ദി സിനിമയുണ്ട്. അതിൽ രജനീകാന്തിൻ്റെ കഥാപാത്രം മരിക്കുന്നത് കണ്ട് കുട്ടിയായിരിക്കുമ്പോൾ ഏറെ വിഷമിച്ചിട്ടുണ്ട്.
അടുത്തിടെ കോഴിക്കോട് ‘ജയിലർ 2’ സിനിമയുടെ ഷൂട്ടിങ്ങിനു വന്നപ്പോൾ ശ്രീ രജനീകാന്തിനെ നേരിട്ട് കണ്ടിരുന്നു. അന്ന് ഇക്കാര്യം ഞാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ നിറഞ്ഞ ചിരി ആയിരുന്നു മറുപടി.

ഫറോക്കിലെ സന്ദർശനത്തിനിടയിൽ ഏറെ സൗഹാർദ്ദപരമായാണ് അദ്ദേഹം പെരുമാറിയത്. വളരെ സിംപിളും ഹംപിളുമായ ഒരു സാധാരണ മനുഷ്യൻ. സിനിമയിലെ സൂപ്പർമാനോട് ആണ് സംസാരിക്കുന്നത് എന്ന് ഒരിക്കലും തോന്നിയിട്ടില്ല. കേരളത്തിൻ്റെ വിനോദ സഞ്ചാര രംഗത്തെ കുറിച്ചും സാധ്യതകളെ കുറിച്ചും അദ്ദേഹം ഒരുപാട് സംസാരിച്ചു. നിർദേശങ്ങളും പങ്കുവെച്ചു.
75 ാം പിറന്നാൾ ആഘോഷിക്കുന്ന പ്രിയപ്പെട്ട രജനീകാന്തിന് എല്ലാവിധ ആശംസകളും..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News